എഡിറ്റര്‍
എഡിറ്റര്‍
ദളിത് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം; സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ന്യൂസ്18 മാനേജ്‌മെന്റിന് കത്തയച്ചു
എഡിറ്റര്‍
Saturday 2nd September 2017 2:01pm

 

തിരുവനന്തപുരം: തൊഴില്‍ പീഡനമാരോപിച്ച് ന്യസ്18 ചാനലില്‍ ദളിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച
സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ന്യൂസ്18 മാനേജ്‌മെന്റിന് കത്തയച്ചു. ബി.ആര്‍.പി ഭാസ്‌ക്കര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, ഗീത നസീര്‍, വിധു വിന്‍സെന്റ് ,സിവിക് ചന്ദ്രന്‍, അഡ്വ. പ്രീത, അഡ്വ. സജി ചേരമന്‍, അജയ് കുമാര്‍ വി.ബി, ഒ.പി രവീന്ദ്രന്‍, പ്രവീണ താലി, രാജീവ് രവി, രൂപേഷ് കുമാര്‍,  തുടങ്ങിയവരടങ്ങുന്ന സംഘമാണ് മാനേജ്‌മെന്റിനു കത്തയച്ചത്.

വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് ചാനല്‍ മാനേജ്‌മെന്റ് അന്വേഷണത്തിനു മുന്‍കൈ എടുത്ത വിവരം തങ്ങള്‍ അറിഞ്ഞെന്നും എന്നിരുന്നാലും മാധ്യമപ്രവര്‍ത്തകയെ മാത്രം നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് കുറ്റാരോപിരായവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഇരയെ ഒറ്റപ്പെടുത്തുന്ന, പക്ഷപാതപരമായ നീക്കമാണെന്നും ഇതിനെ അപലപിക്കുന്നതായും കത്തില്‍ പറയുന്നു.


Also Read: ഉറപ്പാക്കിയത് മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യം: ശ്രീരാമകൃഷ്ണനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


‘ലിംഗത്തിന്റെയും ജാതിയുടെയും സാമൂഹ്യ ചുറ്റുപാടുകളുടെയും പേരില്‍ ഒരു ജീവനക്കാരും വിവേചനം അനുഭവിക്കുന്നില്ലെന്ന് ഒരു സ്ഥാപനം എന്ന നിലയില്‍ നിങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇരയായ പെണ്‍കുട്ടി ഉന്നയിച്ച പരാതിയടക്കം സംഭവത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും മാനേജ്‌മെന്റ് നീതിപൂര്‍ണമായ അന്വേഷണം നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനും സമതുല്യതയുള്ള ഒരു തൊഴിലിടം സൃഷ്ടിക്കുവാനും ആവശ്യമായ നയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും മാനേജ്‌മെന്റ് നടപ്പില്‍ വരുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ കത്തില്‍ പറയുന്നു.

ജീവനക്കാരിയുടെ മാന്യത കാത്തുസൂക്ഷിക്കുന്നതിനും തൊഴില്‍ ചെയ്യുവാനുള്ള അടിസ്ഥാന അവകാശത്തിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അനിവാര്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

Advertisement