തങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തെളിയിച്ചതാണ്: കര്‍ഷകബില്ലിനെതിരെ മുഴുവന്‍ ജനങ്ങളോടും തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ട് മേധ പട്കര്‍
national news
തങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തെളിയിച്ചതാണ്: കര്‍ഷകബില്ലിനെതിരെ മുഴുവന്‍ ജനങ്ങളോടും തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ട് മേധ പട്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th September 2020, 10:17 pm

ന്യൂദല്‍ഹി: ജനാധിപത്യവിരുദ്ധമാണെന്ന് നേരത്തെ തന്നെ തെളിയിച്ച സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തക മേധ പട്കര്‍. സെപ്തംബര്‍ 25ന് അഖിലേന്ത്യ കര്‍ഷക സഖ്യത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും മേധ പ്ടകര്‍ അഭ്യര്‍ത്ഥിച്ചു.

‘ചോദ്യോത്തരവേള റദ്ദാക്കിക്കൊണ്ട് കര്‍ഷകബില്ലിനെതിരെ ചോദ്യങ്ങളുന്നയിക്കാനുള്ള അവസരം പോലും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കി. കര്‍ഷകരുടെ എതിര്‍പ്പ് വകവെക്കാതെ ഈ ലോക്ക്ഡൗണ്‍ സമയത്ത് കൊണ്ടുവന്ന ഈ ബില്ലുകള്‍ കര്‍ഷകവിരുദ്ധമാണ്. നിങ്ങള്‍ എവിടെയാണോ അവിടങ്ങളിലെ തെരുവുകളിലിറങ്ങി നിങ്ങള്‍ ബില്ലിനെതിരെ പ്രതിഷേധിക്കണം.’ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മേധാ പ്ടകര്‍ ആവശ്യപ്പെട്ടു.

ഈ ബില്ലുകള്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാനിടയാക്കുമെന്ന് മാത്രമല്ല, കാര്‍ഷികരംഗത്തെ തന്നെ ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കും. കോര്‍പ്പറേറ്റ്-കോണ്‍ട്രാക്ടര്‍ അനുകൂല ബില്ലുകള്‍ മാത്രമാണിവ. ക്രോണി കാപ്പിലറ്റുകള്‍ നയിക്കുന്ന സ്വകാര്യമാര്‍ക്കറ്റുകള്‍ക്ക് കാര്‍ഷിക വിപണിയെ പരിപൂര്‍ണ്ണമായി വിട്ടുകൊടുക്കും. കര്‍ഷകസംഘടനകള്‍ ആവശ്യപ്പെടുന്ന താങ്ങുവില ഇവിടെ ഉണ്ടാകുയേയില്ലെന്നും മേധാ പട്കര്‍ ചൂണ്ടിക്കാണിച്ചു.

‘പുതിയ നിയമത്തിലൂടെ മാര്‍ക്കറ്റ് പൂര്‍ണ്ണമായും തുറന്നുകിട്ടുന്ന കോര്‍പ്പറേറ്റുകള്‍ കര്‍ഷകരെ വഞ്ചിക്കും. ഗുജറാത്തിലും പഞ്ചാബിലും പെപ്‌സികോ  ചെയ്തത് രാജ്യം മുഴുവന്‍ ആവര്‍ത്തിക്കപ്പെടും. അവിടെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്കെതിരെ വലിയ പോരാട്ടമാണ് നടത്തേണ്ടി വന്നത്. അത് അത്ര എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം.’ അവര്‍ ചൂണ്ടിക്കാണിച്ചു.

ആദ്യം വന്‍ തുകയും ലാഭവും നല്‍കി പിന്നീട് കര്‍ഷകരുടെ ഭൂമികള്‍ കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്നതാണ് ഇവിടുത്തെ മുന്‍ അനുഭവങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് അവശ്യവസ്തുക്കള്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ അധികാരം സ്ഥാപിക്കാനും ഈ പുതിയ ബില്ലുകള്‍ വാതില്‍ തുറന്നുകൊടുക്കുകയാണ്. 42,000ലേറെ കര്‍ഷകരാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും മേധാ പട്കര്‍ വ്യക്തമാക്കി.

ഈ ബില്ലുകള്‍ രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ തകിടം മറിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സമയാസമയങ്ങളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായി നല്‍കിയിരിക്കുന്ന അവകാശവും അധികാരവുമാണ് ഈ പുതിയ ബില്ലുകളിലൂടെ ഇല്ലാതാകുന്നതെന്നും മേധാ പട്കര്‍ പറഞ്ഞു.

ബില്ലിനെതിരെ ഹരിയാനയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഹരിയാനയിലെ മിക്ക റോഡുകളും കര്‍ഷകര്‍ കയ്യേറി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ഡെറിക് ഒബ്രിയാന്‍ ഉപാധ്യക്ഷന് നേരെ റൂള്‍ ബുക്ക് ഉയര്‍ത്തിക്കാണിച്ചു.മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Medha Patkar against Centre’s new Farmers Bill