">
മെക്കാട്രോണിക്സ് എഞ്ചിനീയറിങ്ങ്;  അറിയാം... പഠിക്കാം...
ന്യൂസ് ഡെസ്‌ക്

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , ഇലക്ട്രോണിക്‌സ്, കണ്‍ട്രോള്‍ എഞ്ചിനീയറിങ്ങ് , സിസ്റ്റം ഡിസൈന്‍ എഞ്ചിനീയറിങ്ങ്, മോളിക്യുലാര്‍ എഞ്ചിനീയറിങ്ങ്, കംപ്യൂട്ടിങ് തുടങ്ങിയ ശാഖകളുടെ ഒക്കെ ഒരു മിശ്രിതമാണ് മെക്കാട്രോണിക്സ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴ്സാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്. അതുകൊണ്ട് ഈ കോഴ്സ് കഴിഞ്ഞവര്‍ക്കിടയില്‍ വലിയ മത്സരമാണ് പ്ലേസ്മെന്റിന്റെ കാര്യത്തില്‍ നടക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് നല്‍കുന്ന ജോലി സാധ്യതകള്‍ക്കൊപ്പം മറ്റ് മേഖലകളിലേക്കുള്ള വാതിലുകൂടി തുറന്നിടുകയാണ് മെക്കാട്രോണിക്സ്. താരതമ്യേന മത്സരവും കുറയും.

ജപ്പാനിലും അമേരിക്കയിലും ഇംഗ്ലണ്ടിലും കൂടുതലായി പ്രാവര്‍ത്തികമാക്കിവരുന്ന സാങ്കേതിക വിദ്യയായിരുന്നു ഇത്. മെക്കാട്രോണിക്സിന് അടുത്ത കാലത്തായി ഇന്ത്യയില്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. ഉപകാരപ്രദമായ പുതിയ വസ്തുക്കളുടെ രൂപകല്പനയാണ് മെക്കാട്രോണിക്സിന്റ്‌റെ പ്രധാന ചുമതല. പ്ലസ്ടുവിനു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച ആര്‍ക്കും മെക്കാട്രോണിക്സ് എഞ്ചിനീയറിങ്ങ് ചെയ്യാം. ഡിപ്ലോമ കോഴ്സുകളുമുണ്ട്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ബിരുദധാരികള്‍ക്കു മെക്കാട്രോണിക്സ് ബിരുദാനന്തരബിരുദത്തിനു ചേരാനാകും. ബിരുദബിരുദാനന്തരബിരുദ ഗവേഷണ കോഴ്സുകളും മെക്കാട്രോണിക്സിനുണ്ട്.

മേയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ആഘോഷിക്കപ്പെടുന്ന സാഹചര്യത്തില്‍ മെക്കട്രോണികസിന്റെ ,സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്.

അമേരിക്കന്‍ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിക്സിന്റെ കണക്കനുസരിച്ച് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിനെ അപേക്ഷിച്ച് മെക്കാട്രോണിക്സില്‍ 5% അധിക വളര്‍ച്ചാനിരക്ക് ലോകത്ത് ദൃശ്യമാണ്. എയര്‍ക്രാഫ്റ്റ്, ഷിപ്പ് ബില്‍ഡിംഗ്, സ്മാര്‍ട് സര്‍വീസസ് എന്നിവയില്‍ മെക്കാട്രോണിക്സിന് പ്രസക്തി ഏറിവരുന്നു.

മൈക്രോ ഇലക്ട്രോണിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെന്‍സര്‍ സാങ്കേതികവിദ്യ, പ്രിസിഷന്‍ മെക്കാനിക്സ്, ടെക്നിക്കല്‍ മെക്കാനിക്സ് മുതലായവ മെക്കട്രോണികസിന്റെ ഭാഗമാണ്.