രാഹുലിന് വാലന്റീനെ അറിയുമോ, വാടി കടപ്പുറം വരെ പോയിട്ടും എന്തുകൊണ്ട് അവിടെ പോയില്ല?; രാഹുല്‍ ഗാന്ധിക്കെതിരെ എം. ബി രാജേഷ്
Kerala News
രാഹുലിന് വാലന്റീനെ അറിയുമോ, വാടി കടപ്പുറം വരെ പോയിട്ടും എന്തുകൊണ്ട് അവിടെ പോയില്ല?; രാഹുല്‍ ഗാന്ധിക്കെതിരെ എം. ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 4:41 pm

പാലക്കാട്: കൊല്ലത്ത് തീരദേശ വാസികളുമായി സംവദിക്കാനെത്തിയ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന വാലന്റീനെ അറിയുമോ എന്ന് സി.പി.ഐ.എം നേതാവ് എം. ബി രാജേഷ്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് വെടിവെച്ചു കൊന്ന മത്സ്യത്തൊഴിലാളിയായ വാലന്റീനിന്റെ ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ പോകാഞ്ഞതെന്താണെന്നും രാജേഷ് ചോദിച്ചു.

യു.ഡി.എഫിനും രാഹുല്‍ ഗാന്ധിക്കും പെട്ടെന്ന് മത്സ്യത്തൊഴിലാളികളോട് സ്‌നേഹം തോന്നിയിരിക്കുകയാണെന്നും രാജേഷ് വിമര്‍ശിച്ചു.

കോണ്‍ഗ്രസ്സിന്റെ മത്സ്യത്തൊഴിലാളി ‘സ്‌നേഹ ‘ ത്തിന്റെ ഉദാഹരണമാണല്ലോ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ മറീനുകളെ കേസില്‍ നിന്ന് ശിക്ഷയില്ലാതെ രക്ഷിച്ച നടപടിയെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് കൊല്ലത്തെ വാടി കടപ്പുറം വരെ പോയ രാഹുല്‍ ഗാന്ധി അതിനടുത്ത തീരദേശമായ തങ്കശ്ശേരിയിലെ വാലന്റീനിന്റെ വീട്ടില്‍ പോകാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവര്‍ ഇറ്റലിയില്‍ സുരക്ഷിതരും സ്വതന്ത്രരുമായി കഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വരി പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള എം.പി.യായിട്ടും പാര്‍ലിമെന്റില്‍ പ്രതികള്‍ എങ്ങനെ രക്ഷപ്പെട്ടു എന്ന് കേന്ദ്രത്തോട് ഒരു ചോദ്യം പോലും അദ്ദേഹം ഉയര്‍ത്തിയില്ല.

എന്തുകൊണ്ടാണ് രണ്ടു മത്സ്യത്തൊഴിലാളികളെ കൊല ചെയ്ത പ്രതികള്‍ രക്ഷപ്പെട്ടതില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു പ്രതിഷേധവുമില്ലാതെ പോയത്? എന്തുകൊണ്ടായിരിക്കും ഇതുവരെ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം പോകാതിരുന്നത്? ഇന്ന് തൊട്ടടുത്തു വരെ പോയിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്നത്?,’ രാജേഷ് ചോദിച്ചു.

ആ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതില്‍ മാപ്പു പറയുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആദ്യം ചെയ്യേണ്ടത്. എന്നിട്ടാകാം ബാക്കി സ്‌നേഹപ്രകടനമെന്നും രാജേഷ് പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഹുല്‍ ഗാന്ധിക്ക് വാലന്‍ന്റീനെ അറിയുമോ?

തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ പ്രതിപക്ഷ നുണകളുടേയും നാടകങ്ങളുടേയും കാലമാണല്ലോ. ശ്രീ.രാഹുല്‍ ഗാന്ധിക്കും യു.ഡി.എഫിനും മത്സ്യത്തൊഴിലാളികളോട് പെട്ടെന്ന് ഒരു സ്‌നേഹം വന്നുദിച്ചതായി കാണുന്നു. അദ്ദേഹവും അനുചര വൃന്ദവും ആ സ്‌നേഹപ്രകടനത്തിനായി കൊല്ലം വാടി കടപ്പുറമാണല്ലോ തെരഞ്ഞെടുത്തത്.അതിന് തൊട്ടടുത്തല്ലേ തങ്കശ്ശേരി കടപ്പുറം? അവിടെയുള്ള ഒരു വിധവയേയും കുടുംബത്തേയും രാഹുല്‍ ഗാന്ധി ഓര്‍ക്കുന്നുണ്ടോ?

ഇറ്റാലിയന്‍ മറൈനുകള്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ വെടിവെച്ചുകൊന്ന വാലന്റൈന്‍ എന്ന പാവപ്പെട്ട മല്‍സ്യതൊഴിലാളിയുടെ വിധവയും കുടുംബവുമാണത്. എന്തേ രാഹുല്‍ അവിടെപ്പോയില്ല? കോണ്‍ഗ്രസുകാര്‍ എന്തേ അദ്ദേഹത്തെ അവിടെ കൊണ്ടു പോയില്ല? കുറ്റബോധം കാരണമാണോ?

കോണ്‍ഗ്രസ്സിന്റെ മത്സ്യത്തൊഴിലാളി ‘സ്‌നേഹ ‘ത്തിന്റെ ഉദാഹരണമാണല്ലോ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ മറീനുകളെ കേസില്‍ നിന്ന് ശിക്ഷയില്ലാതെ രക്ഷിച്ച നടപടി. ജനങ്ങളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് പ്രതികളെ കേരളത്തിലെ ജയിലില്‍ നിന്ന് ആദ്യം ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് മാറ്റിയതും പിന്നീട് ഒരാള്‍ക്ക് ഇറ്റലിയിലേക്ക് കടക്കാന്‍ അനുമതി നല്‍കിയതും അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍. അതിനെ നഖശിഖാന്തം എതിര്‍ത്തത് ഇടതുപക്ഷം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും എതിര്‍ത്തു.

മോദി, ശ്രീമതി. സോണിയാ ഗാന്ധിയോട് ട്വീറ്റിലുടെ അന്ന് ചോദിച്ചത് ഇങ്ങനെ: ‘മാഡം ദേശസ്‌നേഹിയാണെങ്കില്‍ ആ പ്രതികള്‍ ഏത് ജയിലിലാണെന്ന് പറയാമോ?’ പിന്നീട് ‘ദേശസ്‌നേഹി’യായ മോദി പ്രധാനമന്ത്രിയായപ്പോള്‍ രണ്ടാമത്തെ പ്രതിയേയും ഇറ്റലിക്ക് വിട്ടുകൊടുക്കാമെന്ന് സുപ്രീം കോടതിയില്‍ നിലപാട് മാറ്റി. ആദ്യത്തെ പ്രതിയെ കോണ്‍ഗ്രസും രണ്ടാമനെ ബി.ജെ.പി.യും സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി. പിന്നീട് മോദി പ്രധാനമന്ത്രിയായിരിക്കേ തന്നെയാണല്ലോ അന്താരാഷ്ട്ര കോടതി കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരായ വിചാരണ പോലും ഒഴിവാക്കിയത്.മോദി സര്‍ക്കാര്‍ പ്രതികളെ സഹായിക്കാന്‍ കേസ് തോറ്റു കൊടുത്തു.

രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവര്‍ ഇറ്റലിയില്‍ സുരക്ഷിതരും സ്വതന്ത്രരുമായി കഴിയുന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വരി പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള എം.പി.യായിട്ടും പാര്‍ലിമെന്റില്‍ പ്രതികള്‍ എങ്ങിനെ രക്ഷപ്പെട്ടു എന്ന് കേന്ദ്രത്തോട് ഒരു ചോദ്യം പോലും അദ്ദേഹം ഉയര്‍ത്തിയില്ല. എന്തുകൊണ്ടാണ് രണ്ടു മത്സ്യത്തൊഴിലാളികളെ കൊല ചെയ്ത പ്രതികള്‍ രക്ഷപ്പെട്ടതില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു പ്രതിഷേധവുമില്ലാതെ പോയത്? എന്തുകൊണ്ടായിരിക്കും ഇതുവരെ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം പോകാതിരുന്നത്? ഇന്ന് തൊട്ടടുത്തു വരെ പോയിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്നത്?

ആ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതില്‍ മാപ്പു പറയുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രനും ആദ്യം ചെയ്യേണ്ടത്. എന്നിട്ടാകാം ബാക്കി സ്‌നേഹപ്രകടനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: MB Rajesh criticizes Rahul Gandhi in his visit to fishermen folk