ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി
Kerala News
ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th July 2021, 9:35 am

തൃശ്ശൂര്‍: ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി.

ഊമക്കത്തായാണ് ഭീഷണി വന്നിരിക്കുന്നത്. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി.

സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. ചുങ്കത്ത് ജോണ്‍സണ്‍ എന്നായാള്‍ക്കെതിരെയായിരുന്നു പരാതി.

ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എസ്.പി. പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്നുമുണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പ്രതി ബലാത്സംഗം ചെയ്യുകയും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞു.

പ്രതിയായ ചുങ്കത്ത് ജോണ്‍സണ്‍ സാമ്പത്തിക പിന്‍ബലവും രാഷ്ട്രീയ ക്രിമിനല്‍ പശ്ചാത്തലവും ഉള്ള ആളായതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് വന്നെങ്കില്‍ പോലും നീതി കിട്ടിയില്ല. പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനോട് ജോസഫൈന്‍ ആവശ്യപ്പെട്ടെന്നും മയൂഖ പറഞ്ഞു.

2016ല്‍ സംഭവം നടന്നപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹ ശേഷവും പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ, ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും മയൂഖ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mayookha Johny Death Threat