എന്‍.ഡി.എ വിരുദ്ധ സഖ്യം; മായാവതി-സോണിയ-രാഹുല്‍ കൂടിക്കാഴ്ച്ച നാളെ
D' Election 2019
എന്‍.ഡി.എ വിരുദ്ധ സഖ്യം; മായാവതി-സോണിയ-രാഹുല്‍ കൂടിക്കാഴ്ച്ച നാളെ
ന്യൂസ് ഡെസ്‌ക്
Sunday, 19th May 2019, 6:18 pm

ന്യൂദല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ കൂടിക്കാഴ്ച്ച നാളെ. മെയ് 23 ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്നോടിയായി എന്‍.ഡി.എ വിരുദ്ധ സഖ്യം രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് നാളെ ദല്‍ഹിയില്‍ നടക്കുന്ന കൂടികാഴ്ച്ച.

ബി.ജെ.പി-ഇതര മുന്നണിയുടെ സാധ്യതകള്‍ സജീവമാക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നേരത്തെ ഇരുവരുമായും കൂടികാഴ്ച്ച നടത്തിയിരുന്നു.കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെയാണ് നായിഡു ഇന്നലെ കണ്ടത്.

ഫലം വരുന്നതിന് മുന്‍പ് യാതൊരു കൂടികാഴ്ച്ചകള്‍ക്കും മായാവതി തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
പലപ്പോഴും മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഗാന്ധി കുടുംബത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമമായിരുന്നില്ല.

നേരത്തെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയത്തേക്കാള്‍ തോല്‍വിയാണ് ചരിത്രമാകുകയെന്ന് മായാവതി പറഞ്ഞിരുന്നു.
വാരാണസിയില്‍ മോദി തോറ്റുകൂടായ്കയില്ലെന്നും മായാവതി പറഞ്ഞിരുന്നു.
രാജ്യത്തുടനീളം വെറുപ്പും വിദ്വേഷവും കൊണ്ട് നിറയ്ക്കുകയാണ് അവര്‍. മോദിയുടെ വിജയത്തേക്കാള്‍ അദ്ദേഹത്തിന്റെ പരാജയം അവിടെ ചരിത്രമാകും. 1977 ലെ റായ്ബറേലി എന്തുകൊണ്ട് വാരാണിയില്‍ ആവര്‍ത്തിച്ചുകൂടായെന്നും മായാവതി ചോദിച്ചു.

1977 ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ തോറ്റു. എന്തുകൊണ്ട് ഇത് വാരാണസിയിലും ആവര്‍ത്തിച്ചുകൂടാ? എന്നായിരുന്നു മായാവതിയുടെ ചോദ്യം.