കര്‍ണാടക നിയമസഭയിലെ ഏക ബി.എസ്.പി. മന്ത്രി രാജിവെച്ചു
national news
കര്‍ണാടക നിയമസഭയിലെ ഏക ബി.എസ്.പി. മന്ത്രി രാജിവെച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 7:47 pm

ബെംഗളൂരു: കര്‍ണാടകയിലെ എച്ച.ഡി.കുമാരസ്വാമി മന്ത്രിസഭയിലെ ബി.എസ്.പി മന്ത്രി എന്‍. മഹേഷ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കര്‍ണാടകയിലെ പ്രാഥമിക-ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മന്ത്രിയായിരുന്നു മഹേഷ്. ഉത്തര്‍ പ്രദേശിന് പുറത്ത് നിന്നുള്ള ബി.എസ്.പി.യുടെ ആദ്യ എം.എല്‍.എ കൂടിയാണദ്ദേഹം.

വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. എന്നാല്‍ രാജി കാരണം ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം രാജിക്ക് മുമ്പ് മായവതിയുമായി സംസാരിച്ചിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് പാര്ട്ടിയെ ശക്തിപ്പെടുത്താനാണ് രാജിയെന്നും റിപ്പോര്ട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ക്ക് കളം വെച്ചതായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കുതികാല്‍വെട്ടുകളെ അതിജീവിച്ചാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണം തുടരുന്നത്. അര്‍ധരാത്രിയില്‍ അടിയന്തിരമായി സുപ്രീം കോടതി ചേര്‍ന്നതും കോണ്‍ഗ്രസ് മന്ത്രിമാരെ റിസോര്‍ട്ടുകളില്‍ സുരക്ഷിതമായി താമസിപ്പിച്ചതും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നുള്ള പ്രധാന സംഭവവികാസങ്ങളായിരുന്നു.