'ഈ പുതുവത്സരം അവര്‍ക്കു സ്വാതന്ത്ര്യവും നീതിയും ലഭിക്കട്ടെ'; കശ്മീരിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പി. ചിദംബരം
national news
'ഈ പുതുവത്സരം അവര്‍ക്കു സ്വാതന്ത്ര്യവും നീതിയും ലഭിക്കട്ടെ'; കശ്മീരിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പി. ചിദംബരം
ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 8:06 am

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഓഗസ്റ്റ് അഞ്ചുമുതല്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്കു പുതുവത്സരാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

‘നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും ചുമത്തപ്പെടാതെ ജമ്മു കശ്മീരില്‍ തടവില്‍ക്കഴിയുന്ന ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കള്‍ക്കാണു നല്‍കേണ്ടത്. ഈ പുതുവത്സരം അവര്‍ക്കു സ്വാതന്ത്ര്യവും നീതിയും ലഭിക്കട്ടെ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളത് അവസാനിക്കാത്ത പോരാട്ടമാണെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 1865-ല്‍ ഭരണഘടന സംരക്ഷിക്കാന്‍ എബ്രഹാം ലിങ്കണ്‍ ചെയ്തതില്‍ കുറഞ്ഞതൊന്നുമല്ല നമുക്കു ചെയ്യാനുള്ളതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ കശ്മീരില്‍ തടവിലായിരുന്ന അഞ്ചു നേതാക്കളെ വിട്ടയച്ചിരുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍ തടവിലാക്കപ്പെട്ടിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ നേതാക്കളെയാണു വിട്ടയച്ചത്. ഇഷ്ഫാക് ജബ്ബാര്‍, ഗുലാം നബി ബട്ട് (ഇരുവരും നാഷണല്‍ കോണ്‍ഫറന്‍സ്), ബഷീര്‍ മിര്‍, സഹൂര്‍ മിര്‍, യാസിര്‍ രേഷി (മൂവരും പി.ഡി.പി) എന്നീ നേതാക്കളെയാണ് വിട്ടയച്ചത്.

നേരത്തെ നവംബര്‍ 25-ന് പി.ഡി.പി നേതാവായ ദിലാവര്‍ മിറിനെയും ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസന്‍ മിറിനെയും വിട്ടയച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രത്യേക യോഗം വിളിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനാണ് യോഗം ചേരുക.