എറിഞ്ഞിടെടാ അവനെ!; ഇംഗ്ലണ്ട് ലോക്കല്‍ ബോയിയുടെ പന്തില്‍ കഴുത്തിന് പരുക്ക് പറ്റി മാക്‌സ്‌വെല്‍
Daily News
എറിഞ്ഞിടെടാ അവനെ!; ഇംഗ്ലണ്ട് ലോക്കല്‍ ബോയിയുടെ പന്തില്‍ കഴുത്തിന് പരുക്ക് പറ്റി മാക്‌സ്‌വെല്‍
ന്യൂസ് ഡെസ്‌ക്
Thursday, 25th May 2017, 3:55 pm

ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരം ജൂണ്‍ ഒന്നിന് നടക്കാനിരിക്കേ ഓസ്ട്രേലിയന്‍ താരം ഗ്ലൈന്‍ മാക്സ് വെല്ലിന് പരിശീലനത്തിനിടെ ഇംഗ്ലണ്ട് പ്രാദേശിക ബൗളറുടെ പന്തില്‍ പരിക്ക്. പ്രാദേശിക ബൗളറെ നേരിടുന്നതിനിടെ പന്ത് താരത്തിന്റെ കഴുത്തില്‍ ഇടിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും താരത്തിന് തന്റെ കഴിത്തിലേക്ക് വന്ന ബൗണ്‍സര്‍ പ്രതിരോധിക്കാനായില്ല. സംഭവം നടന്നയുടനെ താരത്തെ പരിശോധിച്ച ടീം ഡോക്ടര്‍ ബ്രൂക്കനര്‍ പരുക്ക് ഗുരുതരമല്ലെന്നറിയിച്ചു. പരുക്കേറ്റ താരം പരിശീലനം നിര്‍ത്തി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പരുക്ക് ഗുരുതരമല്ലെങ്കിലും കടുത്ത വേദന കുറക്കാന്‍ താരം കഴുത്തില്‍ ഐസ് വെച്ചിരിക്കുകയാണ്.

ഇതോടെ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ കൂറ്റനടിക്കാരനായ മാക്സ്വെല്ലിന്റെ സാന്നിദ്ധ്യം ആശങ്കയിലായിരിക്കുകയാണ്. ഒസ്ട്രേലിയന്‍ താരം മാത്യു വാഡിനും പരിശീലനത്തിനിടെ പരുക്കേറ്റിരുന്നെങ്കിലും താരം പരിശീലനം തുടരുന്നുണ്ട്. ഒസ്ട്രേലിയന്‍ താരം തന്നെയായ പാറ്റ് കുമ്മിന്‍സിന്റെ പന്തിലാണ് വാഡിന് ഏറ് കൊണ്ടത്.

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി വെള്ളിയാഴ്ച ഓസ്ട്രേലിയ ശ്രീലങ്കക്കെതിരെ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ശേഷം ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡുമായാണ് ഓസ്ട്രേലിയയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം. ഇതുവരെ രണ്ട് കിരീടം നേടിയ ടീമാണ് ഓസ്ട്രേലിയ.