വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം-
മാവേലി നാടുവാണീടും കാലം കവിതയുടെ പൂര്‍ണ്ണരൂപം
Poem
വാമനാദര്‍ശം വെടിഞ്ഞിടേണം മാബലി വാഴ്ചവരുത്തിടേണം- മാവേലി നാടുവാണീടും കാലം കവിതയുടെ പൂര്‍ണ്ണരൂപം
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 11:28 am

മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
ദുഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ലപാരില്‍

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല
ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്നയാഗമില്ല

ദല്ലാള്‍വഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനികവിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കമില്ല
ആവതവരവര്‍ ചെയ്തുനാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു

വിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം

കാലിക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്യര്‍
സൗഗതരേവം പരിഷ്‌കൃതരായ്
സര്‍വ്വം ജയിച്ചു ഭരിച്ചു പോന്നോര്‍

ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി-
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശല മാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ

ദാനം കൊടുത്ത സുമതി തന്റെ
ശീര്‍ഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.

ദല്ലാള്‍ മതങ്ങള്‍ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വര്‍ണ്ണവിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മര്‍ത്യനെ മര്‍ത്യനശുദ്ധനാക്കും –
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍കേറി
തന്നില്‍ബലിഷ്ടന്റെകാലുതാങ്ങും
സ്‌നേഹവും നാണവും കെട്ടരീതി-
മാനവര്‍ക്കേകമാം ധര്‍മ്മമായി.

സാധുജനത്തിന്‍വിയര്‍പ്പുഞെക്കി-
നക്കിക്കുടിച്ചു മടിയര്‍വീര്‍ത്തു
നന്ദിയും ദീനകരുണതാനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്ടരീ ദുഷ്ടര്‍ നാക്കറുത്തൂ

സ്ത്രീകളിവര്‍ക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം പുറത്തു നിന്നു
മെത്തിയോര്‍ക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍

സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനം വരാതെയിരുന്നുകൊള്ളും

സഹോദരന്‍ അയ്യപ്പന്‍
(നാരായണഗുരുവിന്റെ പ്രിയ ശിഷ്യന്‍ )