ക്വിയര്‍  കുടുംബങ്ങളെ  മനസിലാക്കാനുള്ള പക്വത വികസനത്തിന്റെയും, നവോത്ഥാനത്തിന്റെയും അളവുകോലാണ്
LGBTIQ
ക്വിയര്‍ കുടുംബങ്ങളെ മനസിലാക്കാനുള്ള പക്വത വികസനത്തിന്റെയും, നവോത്ഥാനത്തിന്റെയും അളവുകോലാണ്
ജിജോ കുര്യാക്കോസ്
Saturday, 2nd March 2019, 8:01 am

എല്‍.ജി.ബി.റ്റി.ഐ.ക്യൂ ആളുകള്‍ക്കായി ക്വിയറള എല്ലാ രണ്ടുമാസത്തിലൊരിക്കല്‍ നടത്തിവരുന്ന ഒത്തുചേരലിന്റെ ഏറ്റവുമൊടുവിലത്തെ യോഗം കഴിഞ്ഞ ദിവസം(24 ഫെബ്രുവരി 2019 ) നടന്നിരുന്നു. തങ്ങളുടെ ലൈംഗികചായ്വ്(സെക്ഷ്വല്‍ ഓറിയന്റേഷന്‍) തുറന്നു പറയാന്‍ വെമ്പുന്ന, അതിന് ഒട്ടുമേ സാധിക്കാതെ വരുന്ന, തുറന്നു പറഞ്ഞതിന് ശേഷം കുടുംബങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും , അസ്വീകാര്യതകളൂം ഓരോരുത്തരും പങ്കുവെച്ച ഒത്തുചേരലില്‍ ഏവരുടെയും മനസ്സില്‍ തട്ടിയത് ഒരു സ്ത്രീസുഹൃത്തിന്റെ അനുഭവ ഭാഷ്യമായിരുന്നു.

വിവാഹിതയായശേഷം പങ്കാളി സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പിന്നീടുള്ളൊരു വ്യാഴവട്ടക്കാലം കടന്നുപോയ മാനസികസംഘര്‍ഷം വികാരനിര്‍ഭരിതയായി പങ്കുവെച്ച പ്രിയസുഹൃത്ത് ആ ഒരു കാര്യംകൊണ്ട് തന്നെ അവിടെ കൂടിയിരുന്ന എല്ലാപേര്‍ക്കും പ്രിയപ്പെട്ടവളായി.

“വീട്ടുകാരുടെ നിര്‍ബന്ധം കാരണം വിവാഹം കഴിക്കേണ്ടി വന്നു”, “എനിക്ക് വേറെ വഴിയില്ല” എന്നൊക്കെ കരുതി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വവര്‍ഗാരാഗികളായ ആണുങ്ങളെ അവര്‍ ആക്ഷേപിച്ചില്ല. മറിച്ച് അത് വേണ്ടതുണ്ടോ? നിങ്ങളുടെ വൈകാരിക/ലൈംഗിക ആവശ്യങ്ങള്‍ ഒരു ആണില്‍ നിന്ന് തന്നെയല്ലേ നിങ്ങള്‍ക്ക് കിട്ടേണ്ടത്, മുതലായ കാര്യങ്ങള്‍ അവര്‍ ചോദിച്ചപ്പോള്‍ ഇവയൊക്കെ ഗേ ആയ ഒരു പുരുഷനെ വിവാഹം കഴിക്കേണ്ടി വന്ന ഒരു സ്ത്രീയില്‍ നിന്നും നേരിട്ട് കേട്ട മുപ്പതോളം സ്വവര്‍ഗാനുരാഗികളായ ആളുകള്‍ക്ക് എതിര്‍വര്‍ഗവിവാഹം (ഹെറ്റെറോസെക്ഷ്വല്‍ മാര്യേജ് ) ഒരു പോംവഴിയേ അല്ല എന്ന സാമൂഹികപാഠം ഉള്‍ക്കൊള്ളാനായി.

തന്റെ പങ്കാളി ഗേ ആയത്‌കൊണ്ട് മാത്രം ആ വൈവാഹികബന്ധത്തില്‍ നിന്നും പുറത്തുവരാന്‍ ശ്രമിച്ച ആ സ്ത്രീയെ അവരുടെ ബന്ധുക്കള്‍ ഇതവരുടെ കുറ്റം കൊണ്ടാണെന്നും, അവര്‍ക്കു അമിതലൈംഗികതാല്പര്യം ഉള്ള സ്ത്രീയായത് കൊണ്ടുള്ള പ്രശ്‌നമാണെന്നും മറ്റും നിരന്തരപരിഹാസം കേള്‍ക്കേണ്ടി വന്നിട്ടും പങ്കാളിയുടെ ഹോമോ സെക്ഷ്വല്‍ ഓറിയന്റേഷനെ മനസ്സിലാക്കിയ ആളെന്ന നിലക്ക് അവര്‍ അയാളെ അയാളുടെ ഇഷ്ടത്തിന് ജീവിക്കണമെന്നു പറഞ്ഞു അതിനെ പിന്തുണച്ച അനുഭവം മൃദുസ്‌മേരത്തോടെ പങ്കുവെച്ചെങ്കിലും അത് ഞങ്ങളില്‍ എല്ലാവരിലും കണ്ണീരുളവാക്കി.

അവരുടെ മകനെ പങ്കാളിയോടൊപ്പം തന്നെ വിട്ടുകൊണ്ട് ഗേ ആയിട്ടുള്ള ഒരു പിതാവിന്റെ അവകാശത്തെ അവര്‍ മാനിച്ചകാര്യവും പങ്കുവെച്ചപ്പോളാണ് രക്ഷകര്‍തൃത്വം എന്ന മാനം സ്വവര്‍ഗപങ്കാളികളില്‍ എത്രകണ്ട് പ്രായോഗികമാവും എന്ന ചര്‍ച്ച ആ ഒത്തുചേരലില്‍ ഉരുത്തിരിഞ്ഞത്.

നൈതികതമല്ലാത്ത മനഃശാസ്ത്രവിശദീകരണങ്ങള്‍ നിറച്ച് സ്വവര്‍ഗലൈംഗികതയെക്കുറിച്ച് തെറ്റിദ്ധാരണയുളവാക്കുന്ന ഒരു ചലച്ചിത്രമായിരുന്നു “മൈ ലൈഫ് പാര്‍ട്ണര്‍” എന്ന മലയാള സിനിമ. എന്നാലതിലെ അതിലെ കുട്ടിയെ വേണമെന്നാഗ്രഹിച്ച രണ്ടു പുരുഷസുഹൃത്തുക്കളുടെ ആത്മബന്ധം കൗതുകകരമായിരുന്നു. അപ്പോളാണ് ഈ കഴിഞ്ഞ വാലെന്റൈന്‍സ് ദിനത്തില്‍ വായിച്ച ഒരു വാര്‍ത്ത ഞങ്ങള്‍ ചര്‍ച്ചക്കെടുത്തത്. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ രക്ഷാകര്‍ത്താക്കളുടെ പേരുവിവരങ്ങള്‍ നല്‍കേണ്ട ഫോമുകളിലും മറ്റും “”അമ്മ, അച്ഛന്‍ ” എന്ന വാക്കുകള്‍ക്കു ബദലായി പകരം രക്ഷിതാവ്1 , രക്ഷിതാവ്2 എന്നീ പദങ്ങള്‍ കൊണ്ടുവരാന്‍ വേണ്ട ബില്‍ അവിടുത്തെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു വിജയിപ്പിച്ച കാര്യം എത്ര സന്തോഷം നല്കുന്നതാണ്.

 

377 ആം വകുപ്പുമായി ബന്ധപ്പെട്ടുള്ള സുപ്രധാനവിധിയില്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ നേരിട്ടുവരുന്ന നാനാതരത്തിലുള്ള സാമൂഹിക വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രവും, സംസ്ഥാനങ്ങളും. മാനവവിഭവശേഷി കേന്ദ്രങ്ങളും, മാനസികാരോഗ്യരംഗത്തുള്ളവരും നിര്‍ബന്ധമായും ബോധവല്‍ക്കരണശ്രമങ്ങളും, നയരൂപീകരണപ്രവര്‍ത്തനവും നടത്തണമെന്നു പറഞ്ഞെങ്കിലും നമ്മുടെ സംസ്ഥാനത്ത് സ്വവര്‍ഗപ്രണയബന്ധങ്ങള്‍ ഒരു രാഷ്ട്രീയവിഷയമായി മനുഷ്യാവകാഷേതര തലങ്ങളില്‍ ഇതുവരെ എത്തിയിട്ടില്ല.

ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ട ഈ വിഷയത്തില്‍ ആത്മബന്ധങ്ങളും, ക്വിയര്‍ കുടുംബങ്ങളും എങ്ങനെ ഉരുത്തിരിയുന്നു എന്നും അവരുടെ പങ്കാളികള്‍ എന്ന നിലയിലുള്ള സാമൂഹ്യാനുകൂല്യങ്ങള്‍ എങ്ങനെ വെല്ലുവിളിയായി തുടരുന്നു എന്നും ഞങ്ങള്‍ ആലോചനകള്‍ പങ്കുവച്ചപ്പോള്‍ വിവാഹിതരായി ജീവിക്കുന്ന സ്വവര്‍ഗദമ്പതികളായ രണ്ടു പുരുഷന്മാര്‍ അവരുടെ അനുഭവം പങ്കുവെച്ചു.

പ്രായം അന്‍പത് കടന്ന മലയാളിയായ ഒരാളും അയാളുടെ പങ്കാളിയായ വിദേശിയും വിദേശരാജ്യത്ത് കണ്ടുമുട്ടിയതും അനേകം വര്‍ഷങ്ങളോളം ആരുമറിയാതെ പ്രണയിച്ചതും ഇന്ത്യയില്‍ വന്നു വിവാഹിതരായി ജീവിക്കാനാഗ്രഹിച്ചു വര്‍ഷങ്ങള്‍ കാത്തിരുന്നതും ഒടുവില്‍ പങ്കാളിയുടെ രാജ്യത്ത് വിവാഹതുല്യതാ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ അവര്‍ വിവാഹിതരായകാര്യവും അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഉത്സാഹമായി.

നമ്മുടെ നാട്ടില്‍ പറ്റാത്തത്‌കൊണ്ട് മാത്രം അവിടെ ജീവിച്ചുപോരുന്ന മധ്യവയസ്‌ക്കരായ അവര്‍ പറഞ്ഞ ഒരു സുപ്രധാനകാര്യവുമുണ്ട്. ഇവിടെ അവിവാഹിതരും, അദൃശ്യരും, പങ്കാളി ഇല്ലതെയും ജീവിക്കുന്ന മുതിര്‍ന്ന സ്വവര്‍ഗാനുരാഗികളുടെ അവസ്ഥ! ഒരേ കാലഘട്ടത്തില്‍ ജീവിക്കുന്നവരെങ്കിലും അവരില്‍ നിന്നും വിഭിന്നമായി ഇവിടുത്തെ സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നവര്‍ഗലൈംഗികത(ഹെറ്ററോസെക്ഷ്വാലിറ്റി) പുലര്‍ത്താത്ത ആളുകളുടെയും സാമൂഹികനില എത്രകണ്ട് ഉന്നമനം കൈവരിച്ചിരുക്കുന്നു എന്ന് ആലോചിച്ചാല്‍ എന്താവും ഉത്തരം?

 

വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപാര്‍ത്ത മലയാളി സ്വവര്‍ഗാനുരാഗികളോട് ഞങ്ങള്‍ മിക്കപ്പോഴും ചോദിക്കും, ഇവിടുത്തെക്കാളും അവിടെന്തു മേന്മ എന്ന്! “നമ്മളെ രണ്ടാംതര പൗരന്മാരായി” കണക്കാക്കുന്നില്ല എന്ന റെഡിമേഡ് മറുപടി എപ്പോഴും ലഭിക്കും. ശരി തന്നേ തങ്ങളുടെ ലൈംഗികചായ്വ് പ്രകൃതിവിരുദ്ധമല്ല എന്നും പ്രണയബന്ധം സദാ ഹെറ്ററോസെക്ഷ്വല്‍ പരമല്ലെന്നുമുള്ള കോടതിഭാഷ്യം 2018 സെപ്റ്റംബറില്‍ മാത്രം ലഭിച്ച ഒരു വിഭാഗമാളുകള്‍ ഇനിയുമെത്ര പോരാടിയാലാണ് ഹെറ്ററോസെക്ഷ്വല്‍ ആളുകളും അവരുടെ പ്രണയ/ വൈവാഹിക ബന്ധങ്ങള്‍ക്കും ലഭിക്കുന്ന ഒട്ടനേകം സാമൂഹാനുകൂല്യങ്ങള്‍ ഞങ്ങള്‍ക്കും അനുഭവിക്കാനാവുക?

ഇത് സ്വാഭാവികമായി ലഭിക്കേണ്ട ഒരു കാര്യമാണെന്നിരിക്കെ അതിനു വേണ്ടി ഇനിയുംആര് സംസാരിക്കും, ഞങ്ങള്‍ തന്നെയല്ലാതെ?? ഒരേ സെക്‌സില്‍പെട്ട ആളുകള്‍ തമ്മിലുള്ള ആത്മബന്ധങ്ങള്‍ക്കുള്ള നിയമാംഗീകാരം ലോകത്താദ്യമായി നിലവില്‍ വന്നത് 1989ഇല്‍ ഡെന്മാര്‍ക്കിലായിരുന്നു.

രജിസ്റ്റേര്‍ഡ് പാര്‍ട്ണര്‍ഷിപ്‌സ്/ സിവില്‍ യൂണിയന്‍ തരത്തിലുള്ള ഈ നിയമ സാധുതയെ പിന്നീട് പല രാഷ്ട്രങ്ങളും പുരോഗമനമികവിന്റെ മാതൃകയാക്കിയപ്പോള്‍ 2012 ഇല്‍ സെയിം-സെക്‌സ് വിവാഹങ്ങളും ഡെന്മാര്‍ക്കില്‍ നിലവില്‍ വന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിവാഹം, പങ്കാളിത്തം എന്നിവയുടെ നിര്‍വചനം കൂടുതല്‍ വ്യാപ്തമായി. ഇതേ വ്യാപ്തിയുടെ കാലാനുചിതപ്രതികരണമാണ്, ലൈംഗികതയുടെ ബഹുസ്വരതയെ അംഗീകരിക്കാന്‍ മടിക്കുന്ന നാട്ടില്‍ കോടതി വ്യക്തമാക്കിയത്.

വിവാഹമെന്ന സാമ്പ്രദായിക ഉടമ്പടിയുടെ പോരായ്മകള്‍ ചൂണ്ടികാണിച്ചു സ്വവര്‍ഗാനുരാഗികള്‍ വിഹാഹം കഴിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറ്റൊരു മറുപടിയില്ല; നിങ്ങള്‍ ആസ്വദിക്കുന്ന ഈ സാമൂഹ്യാനുകൂല്യം ഞങ്ങളും കിട്ടട്ടേ, പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം എന്നതല്ലാതെ! സ്വവര്‍ഗവിവാഹവും കുട്ടികളെ വേണമെന്നുള്ള ആഗ്രഹവും ചിലരെങ്കിലും ആ ഒത്തുചേരലില്‍ പ്രകടിപ്പിച്ചപ്പോള്‍ അതിനൊരു മലയാളി മാതൃകയും നമുക്ക് ചൂണ്ടികാണിക്കാനുണ്ടായി, കാനഡയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ആശിഷിന്റെ. ഒരു സൈക്കോതെറാപ്പിസ്റ്റായ ആശിഷും അദ്ദേഹത്തിന്റെ ഗേ-പങ്കാളിക്കും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ സറോഗസ്സി വഴിയായി ഒരു കുട്ടി പിറന്നു.

 

ഗേ പങ്കാളികള്‍ എന്ന നിലയില്‍ കുട്ടിയെ പരിപാലിക്കുന്ന കൗതുകങ്ങളും അനുബന്ധ സാമൂഹിക ഉത്തരവാദിത്വങ്ങളും ഞങ്ങളുടെ കഴിഞ്ഞ ഒത്തുചേരലിനോടനുബന്ധിച്ചു അദ്ദേഹം ഇപ്രകാരം പങ്കുവെക്കുകയുണ്ടായി. “ഞങ്ങള്‍ക്കൊരു മകനുണ്ടായത് സ്വപ്നസാഫല്യമായിരുന്നു. കുട്ടികളെ വേണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും ഗേ പങ്കാളികളെന്ന നിലയില്‍ അനേകം വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. കുടുംബമാതൃകകളുടെ കാര്യത്തില്‍ ഹെറ്ററോനോര്‍മേറ്റിവ് മാതൃക മാത്രം പുലര്‍ത്തുന്ന നമ്മുടെ നാട്ടില്‍ ഗേ പേരന്റിങ്ങിനെക്കുറിച്ചു ആളുകള്‍ക്ക് മതിപ്പുളവാകാന്‍ സാധ്യതയില്ല. പക്ഷെ എന്റെ കുടുംബാംഗങ്ങള്‍ ഞങ്ങളെ ഞങ്ങളായി തന്നെ ഉള്‍ക്കൊണ്ടു കൊണ്ടത്‌കൊണ്ട് ആ വെല്ലുവിളിയെ ഞങ്ങള്‍ക്ക് നേരിടാനായി.

ഞങ്ങളുടെ മകന്റെ വളര്‍ച്ചയുടെ ഓരോ പടവും ഞങ്ങള്‍ അത്യധികം ആസ്വദിക്കുകയാണ്”. ക്വിയര്‍ ആളുകള്‍ക്ക് ചുറ്റുപാടുള്ളതിനെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങള്‍ തീര്‍ച്ചയായും മികച്ച രക്ഷകര്‍ത്താക്കളാവാന്‍ നമ്മളെ സഹായിക്കുമെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. ജീവിതകൂട്ടാളിയെക്കുറിച്ചു ഭാര്യ, ഭര്‍ത്താവ് എന്നല്ലാതെ പങ്കാളിയെ “പങ്കാളി” എന്ന് അഭിസംബോധനചെയ്യുന്നതില്‍ നിന്നും തുടങ്ങാം ലിംഗനീതിയുടെ വ്യക്തിവിപ്ലവങ്ങള്‍ എന്നും കൂടി ഞങ്ങള്‍ ക്വിയര്‍ ആളുകള്‍ സദാപറയാറുണ്ട്. പങ്കാളി എന്നാല്‍ എതിര്‍ലിംഗത്തില്‍പ്പെട്ടയാള്‍ മാത്രമാണെന്നും ആ പങ്കാളിത്തം ഹെറ്ററോസെക്ഷ്വല്‍വിവാഹപരം മാത്രമാണെന്നുമുള്ള നയപരിതസ്ഥിതിയില്‍ മാറ്റം വരേണ്ടതും അനിവാര്യമാണ്. അത്തരം മാറ്റങ്ങളിലേക്കും ചുവടുവെക്കാനുതകുന്നതാവട്ടെ നമ്മുടെ തുടര്‍ശ്രമങ്ങള്‍!

ഡോ: ജെ ദേവിക

എന്നാല്‍ ഇനി എത്ര നാളാണ് സ്റ്റേറ്റ് നിയമം രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള സഹജീവനബന്ധങ്ങളുടെ നിയമം ക്വിയര്‍ ആളുകളെകൂടെ ഉള്‍ക്കൊള്ളിക്കുന്നത് വരെയോ കാത്തിരിക്കേണ്ടി വരിക. ഒപ്പം, ദത്തെടുക്കല്‍, സറോഗസ്സി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളും എല്‍.ജി.ബി.റ്റി ആളുകള്‍ക്ക് പ്രയോജനപ്രദമാവാന്‍ ജനപ്രതിനിധികള്‍ സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ക്വിയര്‍ കുടുംബങ്ങളെക്കുറിച്ചു സദാ സംസാരിക്കുന്ന ഡോ: ജെ ദേവിക ഈയിടെ ഒരു ഓണ്‍ലൈന്‍കുറിപ്പില്‍ എഴുതിയതോര്‍ക്കുന്നു.

“നമ്മള്‍ തിരഞ്ഞെടുക്കുന്നതാണു നമ്മുടെ കുടുംബങ്ങള്‍. ക്വിയര്‍ ആളുകള്‍ ഒരുമിച്ചു സഹവസിക്കുമ്പോള്‍ അതും കുടുംബങ്ങളാണ്. അവയെ മനസ്സിലാക്കാനുള്ള സാമൂഹിക-പക്വത വികസനത്തിന്റെയും, നവോദ്ധാനത്തിന്റെയും ഒരളവുകോല്‍ കൂടിയാണ് “. അതേ: വിവാഹം, കുടുംബം, പങ്കാളിത്തം എന്നിവ സിസ്-ജന്‍ഡര്‍ ഹെറ്ററോസെക്ഷ്വല്‍ ആളുകള്‍ക്ക് മാത്രമല്ല ആര്‍ക്കും സാധ്യമാവും വിധമുള്ള പൗരബോധം വികസിക്കും വരെ ലൈംഗികന്യൂനപക്ഷങ്ങളുടെ സാമൂഹികസ്വീകാര്യത അവരുടെ മാത്രം കാര്യമായി തുടരും.

സെര്‍ബിയന്‍ പ്രധാനമന്ത്രി അന ബ്രനാബികിന് ഒരു കുട്ടിയുണ്ടായത് കഴിഞ്ഞ വാരം വാര്‍ത്തയായിരുന്നു. സ്വവര്‍ഗബന്ധങ്ങള്‍ നിയമപരമായി അംഗീകരിക്കാത്ത രാജ്യമായ സെര്‍ബിയയിലെ രാഷ്ട്രതലൈവി സ്വവര്‍ഗാനുരാഗി ആണെന്നുള്ളതും അവരുടെ സെയിം-സെക്‌സ് പാര്‍ട്‌നര്‍ക്കും അവര്‍ക്കും ഒരു കുട്ടിയുണ്ടായതും എത്രയോ നല്ല വാര്‍ത്തയാണ്. ഇത്തരം കാര്യങ്ങള്‍ ഒക്കെ തന്നെ ഹെറ്ററോനോര്‍മാററ്റിവ് ആണധികാരവ്യവസ്ഥകള്‍ക്ക് അടിയാവുന്നത് കൊണ്ട് ആണധികാരസ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇതിനെക്കുറിച്ച് സംസാരിക്കാറില്ല എന്നുള്ളത് തന്നെയാണ് കേരളത്തിന്റെയും , ഇന്ത്യയുടെയും പശ്ചാത്തലത്തില്‍ വെല്ലുവിളിയായിട്ടുള്ളത്.

സെര്‍ബിയന്‍ പ്രധാനമന്ത്രി അന ബ്രനാബിക് (ഇടത്ത്) പങ്കാളിക്കൊപ്പം

കോടതിവിധിക്കു പിന്നാലെ കൈരളി ചാനലിലെ ഒരു ചര്‍ച്ചയില്‍ ഒരു യുവഡോക്ടര്‍ വന്നിരുന്നു “സ്വവര്‍ഗലൈംഗികത സ്വാഭാവികമാണോ അല്ലയോ എന്നുറപ്പില്ല അതുകൊണ്ടു പിന്തുണക്കാന്‍ സാധിക്കില്ല” എന്ന തരത്തിലുള്ള വാദങ്ങള്‍ മുഴങ്ങുന്ന കേരളത്തില്‍ ഡോക്ടര്‍മാരുടെ(വളരെ ചുരുക്കം ചിലരൊഴിച്ച് ) നിശബ്ദതയും നാണംകെട്ടത് തന്നെ. വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ ഈ വിഷയത്തെക്കുറിച്ചുള്ള കൃത്യമായ ഇടപെടല്‍ നടത്തണമെന്നുള്ള കോടതിനിര്‍ദ്ദേശം എങ്ങുമെത്തിയിട്ടില്ല കേരളത്തിന്റെ പശ്ചാത്തലത്തില്‍. ഇവിടെയാണ് നമ്മള്‍ ഇനിയും ഹെറ്ററോനോര്‍മാറ്റിവിറ്റിയെ ചോദ്യം ചെയ്യേണ്ടത്.

ബ്രാഹ്മണിക്കല്‍ ആണധികാരത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം ഹെറ്ററോനോര്‍മാററ്റിവ് ആണധികാരത്തേയും കൂടെ ചോദ്യംചെയ്തു ക്ഷീണിപ്പിച്ചാലേ ഭരണഘടന അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിച്ച 377 വകുപ്പുമായി ബന്ധപ്പെട്ട വിധിയുടെ യഥാര്‍ത്ഥ മാനങ്ങള്‍ നടപ്പിലാവൂ. അത് പൗരജീവിതങ്ങളെ മികച്ചതാക്കാന്‍ ശ്രമിക്കുന്ന ഓരോരുടേയും കടമ ആയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്) ഇല്‍ പറഞ്ഞിരിക്കുന്ന “ശാസ്ത്രാവബോധവും, മാനവികതയും, അന്വേഷണത്വരയും, പരിഷ്‌കരണബോധവും” വളര്‍ത്തുക എന്നുള്ളത് ഏതൊരു പൗരന്റെയും കടമയാണെന്നുള്ള കാര്യവും കോടതി വിധിയോടനുബന്ധിച്ചു ചൂണ്ടിക്കാണിചിരിന്നു. മനഃശാസ്ത്രം, വൈദ്യശാസ്ത്രം,മാനവികത, വികസനം/ നിയമം എന്നീ മേഖലകളില്‍ പണിയെടുക്കുന്നവര്‍ , ഈ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍ കോടതിവിധിയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ കൈകൊള്ളേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന വിധിയുടെ ഈ ഭാഗം നിര്‍ബന്ധമായും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇത്തരം ഇടപെടുലുകളുടെ ഭാഗത്വം ലൈംഗികന്യൂനപക്ഷങ്ങളുടെ മാത്രം കാര്യമായി നിലനില്‍ക്കും. കേരളമോഡല്‍ വികസന-പ്രക്രിയയില്‍ ആര്‍ട്ടിക്കിള്‍ 51 എ (എച്) യും 377 വകുപ്പിന്റെ വിധിയോടുള്ള പ്രതികരണപ്രവര്‍ത്തനങ്ങളും നമ്മുടെ സംസ്ഥാനവും നടത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം വെറുമൊരു ഹെറ്ററോനോര്‍മേറ്റിവ് ആണധികാര നാട്ടിലെ ആളുകളായി തുടര്‍ന്നും അറിയപ്പെടേണ്ടി വരും നമുക്കൊക്കെ.

ജിജോ കുര്യാക്കോസ്
എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റാണ് ലേഖകന്‍