ഭാര്യ ഉള്‍പ്പടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മാത്യു ടി തോമസ്
kERALA NEWS
ഭാര്യ ഉള്‍പ്പടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മാത്യു ടി തോമസ്
ന്യൂസ് ഡെസ്‌ക്
Saturday, 24th November 2018, 11:59 am

കോട്ടയം: മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ വേണ്ടി ഭാര്യ ഉള്‍പ്പടെയുള്ളവരെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി മാത്യു ടി തോമസ്.
കള്ളക്കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി പാര്‍ട്ടിക്കുള്ളില്‍ ഇരുന്ന് വിമര്‍ശിക്കുകയും ചെയ്‌തെന്നും മാത്യു ടി തോമസ് പറഞ്ഞു.

“അപമാനിച്ച് കളങ്കിതനാക്കി ഇറക്കി വിടാന്‍ ശ്രമിച്ചത് തന്റെ പാര്‍ട്ടികാര്‍ തന്നെയാണ്. കള്ളക്കേസ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി പാര്‍ട്ടിക്കുള്ളില്‍ ഇരുന്ന് വിമര്‍ശിക്കുകയും ചെയ്തു. തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ ഭാര്യ ഉള്‍പ്പടെയുള്ളവരെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു”. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

Read Also : മുസ്‌ലിം വിദ്യാര്‍ഥികളോട് മാത്രം മതം രേഖപ്പെടുത്തണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; വംശീയ ഡാറ്റ ശേഖരിക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

ഇതെല്ലാം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ വേണ്ടിയുള്ള നീക്കങ്ങളായിരുന്നുവെന്ന് വളരെ വൈകിയാണ് മനസിലായത്. ഇതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന വ്യക്തിയല്ല താനെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി പിളര്‍ത്താനോ, മറ്റാരെങ്കിലുമായി ചേര്‍ന്ന് അധികാരം നിലനിര്‍ത്താനോ ഇല്ലെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

ഒന്നിലും അഭിരമിച്ചിട്ടില്ല. മന്ത്രിയാവണമെന്ന് ആഗ്രഹിച്ചതുമല്ല. അതുകൊണ്ട് തന്നെ അധികാരമില്ലാതെ ജീവിക്കാനും വിഷമമില്ലെന്നും മാത്യു ടി തോമസ് അഭിമുഖത്തില്‍ പറയുന്നു.

അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാന്‍ തയ്യാറായില്ലെന്ന് സികെ നാണു പറഞ്ഞു. മൂന്ന് എം.എല്‍.എമാരില്‍ രണ്ട് എം.എല്‍.എമാര്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ അംഗീകരിക്കുന്നവെന്നും അന്ന് ഭൂരിപക്ഷം ഉണ്ടായിട്ടും ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ മന്ത്രിയാക്കിയപ്പോള്‍ തങ്ങള്‍ എതിര്‍ത്തില്ലെന്നും സികെ നാണു പറഞ്ഞു.