റിലീസിന് ഒരു ദിവസം മുന്‍പ് 'മാസ്റ്ററി'ലെ ദൃശ്യങ്ങള്‍ ചോര്‍ന്നു
Master
റിലീസിന് ഒരു ദിവസം മുന്‍പ് 'മാസ്റ്ററി'ലെ ദൃശ്യങ്ങള്‍ ചോര്‍ന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th January 2021, 8:11 am

ചെന്നൈ: സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ടീമിന്റെ മാസ്റ്ററിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു. റിലീസിന് ഒരു ദിവസം മുന്‍പാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് വിഷയം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്.

‘പ്രിയപ്പെട്ടവരെ, ഒന്നരവര്‍ഷത്തെ ശ്രമഫലമായാണ് മാസ്റ്റര്‍ നിങ്ങളിലേക്കെത്തിക്കുന്നത്. തിയേറ്ററിലിരുന്ന് ചിത്രം നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു. നിങ്ങളിലേക്ക് ചോര്‍ന്ന ദൃശ്യങ്ങള്‍ എത്തുകയാണെങ്കില്‍ ദയവ് ചെയ്ത് ഷെയര്‍ ചെയ്യരുത്’, ലോകേഷ് ട്വീറ്റ് ചെയ്തു.


ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്‌യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്‌ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Master movie scenes leaked online