മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു
Obituary
മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 8:17 am

കാലിഫോര്‍ണിയ: മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു. 81 വയസായിരുന്നു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുറച്ച് ദിവസങ്ങള്‍ മുമ്പ് കാലിഫോര്‍ണിയയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സാഹിത്യസൈദ്ധാന്തികനും പൊളിറ്റിക്കല്‍ കമന്റേറ്ററും കൂടിയാണ്.

പ്രഭാത് പട്‌നായിക്കിനും ഇര്‍ഫാന്‍ ഹബീബിനുമൊപ്പം രചിച്ച ‘എ വേള്‍ഡ് ടു വിന്‍: എസ്സേയ്‌സ് ഓണ്‍ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രധാന കൃതികളിലൊന്നാണ്.

1941ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.

പഠനശേഷം അമേരിക്കയിലും കാനഡയിലുമായി വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല യു.സി ഇര്‍വിന്‍ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസില്‍ കംപാരിറ്റീവ് ലിറ്ററേചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചാന്‍സലേഴ്‌സ് പ്രൊഫസര്‍ പദവിയില്‍ പ്രവേശിച്ചു.

ന്യൂ ദല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, സെന്റര്‍ ഓഫ് കണ്ടംപററി സ്റ്റഡീസില്‍ പ്രൊഫസോറിയല്‍ ഫെലോ, ടൊറന്റോ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിസിറ്റിങ് പ്രൊഫസര്‍ എന്നീ സ്ഥാനങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ന്യൂസ്മാഗസിന്‍ ‘ഫ്രണ്ട്‌ലൈനി’ന്റെ എഡിറ്റോറിയല്‍ കണ്‍സട്ടന്റ്, ഇന്ത്യന്‍ വെബ്‌സൈറ്റായ ന്യൂസ്‌ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ്റ്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

‘മുസ്‌ലിംസ് ഇന്‍ ഇന്ത്യ: ബീഹാര്‍’, സോഷ്യല്‍ ജിയോഗ്രഫി, ‘ഇന്‍ തിയറി: ക്ലാസസ്, നേഷന്‍സ് ആന്‍ഡ് ലിറ്ററേചര്‍’, ‘ഇറാഖ്, അഫ്ഗാനിസ്ഥാന്‍ ആന്‍ഡ് ദ ഇംപീരിയലിസം ഓഫ് അവര്‍ ടൈം’, ‘ഇന്‍ അവര്‍ ടൈം: എംപയര്‍, പൊളിറ്റിക്‌സ്, കള്‍ചര്‍’ എന്നിവയാണ് പ്രധാന കൃതികള്‍.


Content Highlight: Marxist philosopher Aijaz Ahmad died in California