'അല്ല, പിന്നെയെന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചത്'; ലോകി നായകനാകുന്ന അവഞ്ചേഴ്‌സിന്റെ സ്പിന്‍ ഓഫ് സീരിസെത്തുന്നു
web series
'അല്ല, പിന്നെയെന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചത്'; ലോകി നായകനാകുന്ന അവഞ്ചേഴ്‌സിന്റെ സ്പിന്‍ ഓഫ് സീരിസെത്തുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th December 2020, 10:44 am

മാര്‍വല്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട വില്ലനായ ലോകിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സീരിസിന്റെ പുതിയ ട്രെയ്‌ലര്‍ എത്തി.  അവഞ്ചേഴ്‌സിന്റെ സ്പിന്‍ ഓഫ് സീരിസായതിനാല്‍ അയേണ്‍ മാനും ഹള്‍ക്കും ബ്ലാക് വിഡോയുമെല്ലാം സീരിസില്‍ കടന്നുവരുമെന്നാണ് ട്രെയ്‌ലറില്‍ നിന്നും മനസ്സിലാകുന്നത്. ഡിസ്‌നി പ്ലസില്‍ മെയ് മാസത്തിലായിരിക്കും സീരിസ് എത്തുക.

ക്രൈം ത്രില്ലറായെത്തുന്ന സീരിസില്‍ ടി.വി.എ(ടൈം വാരിയന്‍സ് അതോറിറ്റി)യുമായി ഏറ്റുമുട്ടുന്ന ലോകിയെയാണ് കാണുന്നത്. ഒവന്‍ വില്‍സണ്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഒവന്‍ വില്‍സണിന്റെ കരിയറിലെ വ്യത്യസ്തമായ റോളായിരിക്കും ലോകിയിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയ്‌ലറില്‍ എവിടെയും കഥാപാത്രത്തിന്റെ പേര് പറയുന്നില്ലെങ്കിലും ട്രെയ്‌ലറിന് പിന്നാലെ ഒവന്‍ വില്‍സണിന്റെ കഥാപാത്രത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.

അവഞ്ചേഴ്‌സിലെ ലോകിയെ ഫേവറിറ്റ് വില്ലനായും പിന്നീട് പ്രിയപ്പെട്ട സഹകഥാപാത്രമായുമൊക്കെ ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ച ടോം ഹിഡല്‍സ്റ്റോണിന്റെ മുഴുനീള പെര്‍ഫോമന്‍സ് കാണാന്‍ അവസരമൊരുങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍.

ആക്ഷനും സൂപ്പര്‍ പവറും ലോകിയുടെ തനതായ കോമഡി – പഞ്ച് ഡയലോഗുകളും കൊണ്ട് ലോകി ആരാധകരെ പിടിച്ചിരുത്തും എന്നാണ് മാര്‍വലിന്റെ പ്രതീക്ഷ.


2011ല്‍ തോര്‍ എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെ ആദ്യമായെത്തിയ ലോകി പിന്നീട് അവഞ്ചേഴ്‌സിലുമെത്തി. തോര്‍, അവഞ്ചേഴ്‌സ് ചിത്രങ്ങളില്‍ വില്ലനായും സഹായിയായും മാറിമാറി പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോള്‍ ലോകി കേന്ദ്രകഥാപാത്രമായെത്തുമ്പോള്‍ വികൃതിക്കാരാനായ ഈ ദൈവത്തിന്റെ കൂടുതല്‍ കഥകള്‍ അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ലോകിയുടെ ‘അല്ല ശരിക്കും നിങ്ങള്‍ പിന്നെയെന്താണ് പ്രതീക്ഷിച്ചത്’ എന്ന ഡയലോഗും ചുറ്റും കൂടിനില്‍ക്കുന്നവര്‍ കഴുത്തിന് കത്തിവെക്കുന്നതുമായി അവസാനിക്കുന്ന ട്രെയ്‌ലര്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Marvel new series starring Loki, trailer out, Avengers spin off series