വെള്ളമില്ലാതെ കാര്‍ വൃത്തിയാക്കാം!
Auto News
വെള്ളമില്ലാതെ കാര്‍ വൃത്തിയാക്കാം!
ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 1:10 pm

2018-19 കാലയളവില്‍ മാരുതി സുസുക്കി 656 മില്യണ്‍ ലിറ്റര്‍ വെള്ളം തങ്ങളുടെ ഡ്രൈവാഷ് ടെക്നോളജിയിലൂടെ സംരക്ഷിച്ചു എന്ന അവകാശവാദവുമായി കമ്പനി രംഗത്ത്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ മൂന്നിരട്ടി പുരോഗതിയാണ് ഈ രംഗത്ത് കമ്പനി കൈവരിച്ചിരിക്കുന്നത്. 2016-17 വര്‍ഷത്തില്‍ 216 മില്യണ്‍ വെള്ളമാണ് മാരുതിയുടെ വര്‍ക്ക്ഷോപ്പുകളിലാകെ സംരക്ഷിക്കപ്പെട്ടത്.

2018-19ല്‍ 6.9 മില്യണ്‍ വാഹനങ്ങളാണ് മാരുതി സുസുക്കി വര്‍ക്ക്ഷോപ്പുകളില്‍ ഡ്രൈവാഷ് ടെക്നോളജിയിലൂടെ കഴുകിയെടുത്തത്.

‘ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരവും ഒപ്പം പരിസ്ഥിതിയ്ക്ക് ദോഷകരം അല്ലാത്തതുമായ രീതികളാണ് മാരുതി സുസുക്കി അവലംബിക്കുന്നത്. ഡ്രൈവാഷ്, പേപ്പര്‍ലെസ് സര്‍വ്വീസ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പ്രകൃതി സൗഹാര്‍ദ്ദ ടെക്നോളജികളാണ്. ഞങ്ങളുടെ 18 മില്യണ്‍ ഉപഭോക്താക്കളോട് വര്‍ഷത്തില്‍ ഡ്രൈവാഷ് ടെക്നോളജി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടാറുണ്ട്.’ മാരുതി സുസുക്കി ഇന്ത്യ സര്‍വ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍ഥോ ബാനര്‍ജി പറഞ്ഞു.

ഡ്രൈവാഷ് സിസ്റ്റം സമയലാഭത്തിനും മികച്ച രീതിയില്‍ വാഹനം കഴുകാനും ഉപയോഗപ്പെടുത്താവുന്നതാണ്. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. ജലദൗര്‍ലഭ്യം വളരെയധികം അനുഭവപ്പെടുന്ന സിറ്റികളില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കമ്പനി അധികൃതരുടെ കണക്കുകൂട്ടല്‍. 2018-19ല്‍ ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ്, പൂനെ, നാഗ്പൂര്‍, ചെന്നൈ എന്നീ വന്‍ നഗരങ്ങളില്‍ 160 മില്യണ്‍ ലിറ്റര്‍ വെള്ളം സംരക്ഷിക്കാന്‍ ഡ്രൈവാഷിലൂടെ സാധിച്ചിട്ടുണ്ട്.

2019, രഹലാ 10 മുതല്‍ ഡ്രൈവാഷിനൊപ്പം സൗജന്യ പൊല്യൂഷന്‍ ചെക്കിംഗ് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിടെ 1,750ലധികം നഗരങ്ങളിലായി 3,600 ഓളം വര്‍ക്ക് ഷോപ്പുകളാണ് മാരുതി സുസുക്കിയ്ക്ക് നിലവില്‍ ഉള്ളത്.