ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഭീകരത മനസിലായത്; മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടുന്നതില്‍ കാലതാമസമുണ്ടായെന്ന് സമ്മതിച്ച് പൊലീസ്
Kerala News
ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഭീകരത മനസിലായത്; മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടുന്നതില്‍ കാലതാമസമുണ്ടായെന്ന് സമ്മതിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th June 2021, 8:55 am

കൊച്ചി: കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് പൊലീസ്. യുവതിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തായപ്പോഴാണ് ഭീകരത മനസിലായതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ഒന്നാം പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റ് ചെയ്യുന്നതിലാണ് കാലതാമസമുണ്ടായതെന്നും മറ്റ് നിയമനടപടികള്‍ നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.

മാര്‍ട്ടിനെക്കൂടാതെ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബരകാറകളും ഫ്‌ളാറ്റുകളും മാര്‍ട്ടിന്‍ എങ്ങനെയാണ് സ്വന്തമാക്കിയത് എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

‘ഇവര്‍ക്കെതിരെ മറ്റാരെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിനായി റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായം തേടും,’ കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയാണ് മാര്‍ട്ടിനെ പൊലീസ് തൃശ്ശൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. തൃശ്ശൂര്‍ കിരാലൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാള്‍ ഒളിച്ചുതാമസിച്ചിരുന്നത്.

നേരത്തെ കേസില്‍ മാര്‍ട്ടിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.

മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്.

എന്നാല്‍ അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ല. ഒടുവില്‍ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തിരുന്നു.

യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Martin Joseph Kochi Flat Rape Case