സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കും; ഒറ്റക്ക് ഒരു ലോകത്തെന്നപോലെയായിരുന്നു അദ്ദേഹം ക്ലബ്ബില്‍'; ഇതിഹാസതാരത്തെ കുറിച്ച് നിക്കുളീ
Football
സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കും; ഒറ്റക്ക് ഒരു ലോകത്തെന്നപോലെയായിരുന്നു അദ്ദേഹം ക്ലബ്ബില്‍'; ഇതിഹാസതാരത്തെ കുറിച്ച് നിക്കുളീ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th May 2023, 2:10 pm

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് മുന്‍ സഹതാരം മാരിയസ് നിക്കുളീ (Marius Niculae). 2002-03 സീസണില്‍ റൊണാള്‍ഡോക്കൊപ്പം സ്പോര്‍ടിങ് സി.പിയില്‍ കളിച്ച താരമാണ് നിക്കുളീ.

റൊണാള്‍ഡോ സൗഹാര്‍ദപരമായി ഇടപഴകാത്ത വ്യക്തിയാണെന്നും സ്വന്തം ലോകത്ത് ഒതുങ്ങി കൂടാന്‍ താത്പര്യപ്പെടുന്നയാളാണെന്നുമാണ് നിക്കുളീ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ ഡി.ജി സ്പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റൊണാള്‍ഡോ സോഷ്യലായി ഇടപഴകാത്ത ആളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോഴൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമായിരുന്നു. എപ്പോഴും സ്വന്തം കാര്യങ്ങളുമായി ഒറ്റക്ക് ഒരു ലോകത്തെന്ന പോലെ ആയിരുന്നു റൊണാള്‍ഡോ കഴിഞ്ഞിരുന്നത്.

ജിമ്മിലേക്ക് പോലും ഒറ്റക്കായിരുന്നു പോയിരുന്നത്. പരിശീലനം കഴിഞ്ഞാല്‍ ഞങ്ങള്‍ പുറത്തേക്ക് ക്ഷണിച്ചാലും അദ്ദേഹം വരാന്‍ കൂട്ടാക്കിയിരുന്നില്ല,’ നിക്കുളീ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അല്‍ ഇത്തിഫാഖിനെതിരെ നടന്ന പോരാട്ടത്തില്‍ അല്‍ നസര്‍ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ഗുസ്താവോയാണ് അല്‍ ആലാമിക്കായി ഗോള്‍ നേടിയത്.

മത്സരത്തിന്റെ 43ാം മിനിട്ടിലായിരുന്നു ഗുസ്താവോയുടെ ഗോള്‍ പിറക്കുന്നത്. എന്നാല്‍ 56ാം മിനിട്ടില്‍ യൂസുഫ് നിയാക്കട്ട് ഇത്തിഫാഖിനായി ഗോള്‍ നേടിക്കൊണ്ട് മത്സരം സമനിലയിലാക്കി. തുടര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെങ്കിലും അല്‍ ആലാമിക്ക് വിജയ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന 39 മത്സരങ്ങളില്‍ നിന്ന് 19 ജയവും 64 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 21 ജയവും 69 പോയിന്റുമായി അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.

മെയ് 31ന് അല്‍ ഫത്തഹിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Marius Niculae shares experience about Cristiano Ronaldo