എഡിറ്റര്‍
എഡിറ്റര്‍
വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 10th August 2017 7:38am

ന്യൂദല്‍ഹി: വിവാഹശേഷം ഭാര്യയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. 15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി പുരുഷന്‍ അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നത് ബലാത്സംഗമായി പരിഗണിക്കാനാവില്ലെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പില്‍ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

‘വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റ് വിശദമായി ചര്‍ച്ച ചെയ്യുകയും അതിനെ ബലാത്സംഗമായി പരിഗണിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ അതിനെ ക്രിമിനല്‍ കുറ്റകൃത്യമായി കാണാനാവില്ല.’ ജസ്റ്റിസ് എം.ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

’18 വയസിനു താഴെയുള്ള കോളജില്‍ പോകുന്ന പെണ്‍കുട്ടികള്‍ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും നിയമപ്രകാരം കേസെടുക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. ആരാണ് ഇതിന്റെ പേരില്‍ അനുഭവിക്കാന്‍ പോകുന്നത്? കുറ്റം ആണ്‍കുട്ടിയുടെതല്ല. ഏഴുവര്‍ഷത്തെ ശിക്ഷയെന്നത് വളരെയധികം കഠിനമാണ്’ എന്നു പറഞ്ഞുകൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.


Must Read: ഭര്‍ത്താവെന്ന റെയ്പിസ്റ്റ്


കൂടാതെ 18വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഒളിച്ചോടുകയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴും ആണ്‍കുട്ടിയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കപ്പെടാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.

‘ഈ കേസുകളെ വിവിധ കോണുകളിലൂടെ പരിശോധിക്കുമ്പോള്‍ നമുക്കും പ്രശ്‌നം തോന്നാം. ‘ എന്നു പറഞ്ഞ കോടതി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന വിചാരണ നടപടികളുടെ എണ്ണം സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടു.

അതേസമയം ഭര്‍ത്താവിന്റെ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്നും 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ഭര്‍ത്താവിന്റെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഇടപെടേണ്ടതുണ്ടോയെന്നും സുപ്രീം കോടതി ആരാഞ്ഞു.

Advertisement