അവന്‍ ഒരു കില്ലറാണ്, എന്നാല്‍ ലോകകപ്പില്‍ 86ല്‍ മറഡോണ കാണിച്ച മാസൊന്നും അദ്ദേഹത്തിന് സ്വപ്നം കാണാന്‍ സാധിക്കില്ല; മെസിയെ വിലയിരുത്തി മുന്‍ താരം
Football
അവന്‍ ഒരു കില്ലറാണ്, എന്നാല്‍ ലോകകപ്പില്‍ 86ല്‍ മറഡോണ കാണിച്ച മാസൊന്നും അദ്ദേഹത്തിന് സ്വപ്നം കാണാന്‍ സാധിക്കില്ല; മെസിയെ വിലയിരുത്തി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st September 2022, 6:15 pm

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് ലയണല്‍ മെസി. ഫുട്‌ബോളില്‍ നേടാന്‍ സാധിക്കുന്ന എല്ലാ ട്രോഫികളും സ്വന്തമാക്കിയിട്ടുള്ള മെസിക്ക് ലോകകപ്പ് മാത്രം നേടാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക സ്വന്തമാക്കിയ അദ്ദേഹത്തിന് ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. മികച്ച ഫോമിലാണ് മെസിയും അര്‍ജന്റീന ടീമും കളിക്കുന്നത്.

എന്നാല്‍ മെസിക്ക് ലോകകിരീടം നേടാന്‍ അതൊന്നും പോരാ എന്നാണ് ഫ്രാന്‍സിന്റെ മുന്‍ ലോകകപ്പ് ജേതാവായ മാര്‍സല്‍ ഡെസായിലി പറയുന്നത്.

മെസിയുടെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് അദ്ദേഹം ഇത്തവണ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നുത്. നിലവില്‍ 35 വയസുകാരനായ മെസിക്ക് ചിലപ്പോള്‍ ലോകകപ്പ് നേടാനുള്ള അവസാനത്തെ അവസരമായിരിക്കാം.

 

എന്നാല്‍ ഇത്തവണ മെസി നേടില്ലെന്നാണ് ഡെസായിലി വിശ്വസിക്കുന്നത്.

‘മെസ്സി ഒരു അസാധാരണ കളിക്കാരനായി തുടരുന്നു, പക്ഷേ 1986-ല്‍ അദ്ദേഹം മറഡോണയെപ്പോലെ ഒരു ലോകകപ്പ് നേടിയിട്ടില്ല. എതിരാളി അദ്ദേഹത്തിന് ഇടം നല്‍കിയാല്‍ അവരെ തകര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും. കാരണം അവന്‍ ഒരു കില്ലറാണ്,’

എന്നാല്‍ ലോകകപ്പില്‍ യാദൃശ്ചികതകളൊന്നുമില്ല. നിങ്ങള്‍ക്ക് പ്രകടനത്തില്‍ കണ്‍സിസ്റ്റന്‍സി ആവശ്യമാണ്, ഒരു വ്യക്തിക്ക് എപ്പോഴും ഒരു ടീമിനെ പിടിച്ചുനിര്‍ത്താനും ഒരു ടൂര്‍ണമെന്റില്‍ മുഴുവന്‍ മാറ്റമുണ്ടാക്കാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ ഡെസായിലി പറഞ്ഞു.

മെസിയുടെ ടീം മേറ്റ്‌സ് ലോകകപ്പില്‍ മികച്ച നിലവാരത്തില്‍ കളിക്കുമെന്ന് തോന്നുന്നില്ലെന്നാണ് ഡെസായിലി പറയുന്നത്.

‘മെസിക്ക് ചുറ്റുമുള്ള കളിക്കാര്‍ക്ക് അവരുടെ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അത്തരമൊരു പശ്ചാത്തലത്തില്‍, എല്ലാ പ്രഷറും ഒരാളുടെ തലയിലാകും. മികച്ച പ്രകടനം പുറത്തെടുക്കാത്ത കളിക്കാര്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍, മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ തളര്‍ന്ന് പോയേക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ലോകകപ്പിലാണ് മെസി ലോകകപ്പിന്റെ തൊട്ടടുത്ത് വരെയെത്തിയത്. എന്നാല്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ തോല്‍ക്കാനായിരുന്നു അര്‍ജന്റൈന്‍ പടയുടെ വിധി.

Content Highlight: Marcel Desailly Criticizes Argentina Squad and Lionel Messi