മരടിലെ ഫ്‌ളാറ്റുകള്‍ ആര് പൊളിക്കും; ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് നഗരസഭ; നിലപാട് വ്യക്തമാക്കാതെ സര്‍ക്കാരും
Details Story
മരടിലെ ഫ്‌ളാറ്റുകള്‍ ആര് പൊളിക്കും; ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് നഗരസഭ; നിലപാട് വ്യക്തമാക്കാതെ സര്‍ക്കാരും
ന്യൂസ് ഡെസ്‌ക്
Saturday, 7th September 2019, 11:50 am

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് എണറാകുളം മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ ഈ മാസം 20 നകം പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു.

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഇതിനെതിരേ ഫ്ളാറ്റുടമകളും നിര്‍മാതാക്കളും പിന്നീട് പലതവണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉത്തരവില്‍ മാറ്റം വരുത്താന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തയ്യാറായിരുന്നില്ല.

ഈ മാസം 23 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതില്‍ ചീഫ് സെക്രട്ടറിയ്ക്കെതിരെ നടപടി വേണ്ടിവരുമെന്ന് നേരത്തെ തന്നെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മേയ് എട്ടിനുള്ള ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതു നടപ്പാക്കാത്ത സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് ഈ മാസം 20 നകം ഫ്‌ളാറ്റ് പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയത്.

സുപ്രീം കോടതി ഉത്തരവില്‍ നടപ്പാലിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സുപ്രീം കോടതി ഉന്നയിച്ചത്. ‘പല ഉത്തരവുകളും സംസ്ഥാനത്ത് നടപ്പാക്കാറില്ലെന്നും കേരളം നിയമത്തിന് മുകളിലാണോയെന്നുമായിരുന്നു’ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചോദ്യം.

കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് പഠിച്ചുവരികയാണെന്നും നാലാഴ്ച കൂടി സമയം വേണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംങ് കോണ്‍സില്‍ ജി. പ്രകാശ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സംസ്ഥാനത്ത് ആദ്യമായാണ് തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ട ഒരു സാഹചര്യമുണ്ടായിരിക്കുന്നത്. സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതോടെ നഗരസഭാ അധികൃതരും താമസക്കാരും പ്രതിസന്ധിയിലാണ്. ഫ്‌ളാറ്റുകള്‍ ആരുപൊളിക്കുമെന്ന ആശയക്കുഴപ്പമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഫ്‌ളാറ്റ് പൊളിക്കാന്‍ കുറഞ്ഞത് മുപ്പത് കോടി വരുമെന്നാണ് മരട് നഗരസഭ സര്‍ക്കാരിന് കൊടുത്ത റിപ്പോര്‍ട്ടിലെ ഏകദേശ കണക്ക്. മരട് നഗരസഭയുടെ വാര്‍ഷിക ബജറ്റിന്റെ അഞ്ച് മടങ്ങാണ് ഇത്. നാല് കോടി രൂപ കടമെടുത്താണ് മരട് നഗരസഭയുടെ വാര്‍ഷിക ബജറ്റ്. അതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് ഏറ്റെടുത്താല്‍ നഗരസഭയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് സര്‍ക്കാരിനെ സെക്രട്ടറി മുഖേനയും ചെയര്‍പേഴ്‌സണ്‍ നേരിട്ടും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇനിയും ഫ്‌ളാറ്റുകള്‍ പൊളിക്കാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നതിനാല്‍ തീരുമാനം പെട്ടെന്നുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് നഗരസഭ.

ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സാഹചര്യം മരട് നഗരസഭയ്ക്ക് ഇല്ലെന്നാണ് ചെയര്‍പേഴ്‌സണ്‍ ടി. എച്ച് നദീറ പ്രതികരിച്ചത്. ”ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ 30 കോടി രൂപയെങ്കിലും വേണം. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല”- ഇവര്‍ പറഞ്ഞു.

ഫ്‌ളാറ്റുകള്‍ പൊളിക്കരുത് എന്നാവശ്യപ്പെട്ട് നൂറിന് മുകളില്‍ വരുന്ന താമസക്കാര്‍ കോടതികളെ സമീപിച്ചിട്ടുമുണ്ട്. താമസക്കാര്‍ സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
നഗരസഭയ്ക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സാമ്പത്തിക ശേഷിയോ വൈദഗ്ധ്യമോയില്ലെന്ന് അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നഗരസഭയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പുറമെ മുന്‍ സെക്രട്ടറിയെ സര്‍ക്കാര്‍ സ്ഥലംമാറ്റിയതും നഗരസഭയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചന. പി.കെ സുഭാഷിനെയാണ് ഏലൂര്‍ നഗരസഭയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം മാത്രമാണ് പുതിയ സെക്രട്ടറി ആരിഫ് ഖാന്‍ മരട് നഗരസഭയില്‍ ചുമതലയേറ്റത്.

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ നഗരസഭയ്ക്ക് യാതൊരു വിധ ഉത്തരവാദിത്തവുമില്ലെന്നാണ് മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ പറഞ്ഞത്. ‘ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ നഗരസഭയ്ക്ക് യാതൊരു വിധ ഉത്തരവാദിത്തവുമില്ല. സമയപരിധി നിശ്ചയിച്ച് സര്‍ക്കാരിനാണ് കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്’- എന്നായിരുന്നു ബോബന്‍ ചൂണ്ടിക്കാട്ടിയത്.

 

അതേസമയം ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ഉടമകള്‍ തങ്ങള്‍ പൊളിക്കാന്‍ ബാധ്യതയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ലോ കോടതിയോ സര്‍ക്കാര്‍ തങ്ങള്‍ പൊളിക്കണമെന്ന നിര്‍ദേശം വെച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം ബാങ്ക് വായ്പയെടുത്തും കടംവാങ്ങിയും ഫ്‌ളാറ്റുകള്‍ വാങ്ങിച്ച നൂറ് കണക്കിന് കുടുംബങ്ങള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ നിസ്സഹായരായി നില്‍ക്കുകയാണ്. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കിയ നിര്‍മാതാക്കള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടെടുത്തതോടെ യഥാര്‍ത്ഥത്തില്‍ വഴിമുട്ടിയിരിക്കുകയാണ് കുടുംബങ്ങള്‍.

തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇനിയും കോടതിയെ സമീപിക്കുന്നതില്‍ പ്രതീക്ഷയില്ലെന്നും ഇവര്‍ പറയുന്നു.  കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നഗരസഭയും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും ഫ്‌ളാറ്റ് പൊളിച്ചുനീക്കുമ്പോള്‍ പെരുവഴിയിലാകുന്ന കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിനെ പിന്തുണച്ച്  ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
‘ഇന്ന് സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് വന്നിരിക്കുന്നു.

മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണത്. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീതുമാണ്.- എന്നായിരുന്നു വി.എസ് സ്വന്തം ഫേസ്ബുക്ക് പേജിലെഴുതിയത്.

ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് നിയമംലംഘിക്കാന്‍ കൂട്ടുനിന്നവരാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

‘വഞ്ചിക്കപ്പെട്ടത് ഫ്‌ലാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ലാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്’- എന്നായിരുന്നു വി.എസിന്റെ പ്രതികരണം.