മെസിയെയും മറഡോണയെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒരു കുന്തവുമറിയില്ല; സൗദിയോട് തോറ്റതിന് പിന്നാലെ ആഞ്ഞടിച്ച് മറഡോണയുടെ മകന്‍
2022 Qatar World Cup
മെസിയെയും മറഡോണയെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒരു കുന്തവുമറിയില്ല; സൗദിയോട് തോറ്റതിന് പിന്നാലെ ആഞ്ഞടിച്ച് മറഡോണയുടെ മകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd November 2022, 9:27 pm

36 മത്സരത്തില്‍ തോല്‍വിയറിയാതെ മുന്നോട്ട് കുതിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജാക്കന്‍മാരെ മുട്ടുകുത്തിച്ചാണ് സൗദി അറേബ്യ ഖത്തര്‍ ലോകകപ്പിലെ അട്ടിമറികള്‍ക്ക് തുടക്കമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സൗദി അറേബ്യയുടെ വിജയം.

കളി തുടങ്ങി പത്താം മിനിട്ടില്‍ തന്നെ മെസിയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയുടെ സകല സ്വപ്‌നങ്ങളും തല്ലിക്കെടുത്തിയാണ് സൗദി രണ്ട് ഗോള്‍ തിരിച്ചടിച്ചത്. ഈ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനയുടെ ആത്മവിശ്വാസത്തിനും മങ്ങലേറ്റിറ്റുണ്ട്.

സൗദിക്കെതിരായ തോല്‍വിക്ക് പിന്നാലെ നിരാശ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മകന്‍. അര്‍ജന്റീനയുടെ പരാജയത്തില്‍ താന്‍ തകര്‍ന്നിരിക്കുകയാണെന്നായിരുന്നു ഡിയാഗോ ജൂനിയര്‍ (ഡിയാഗോ അര്‍മാന്‍ഡോ മറഡോണ സിനാഗ്ര) പറഞ്ഞത്.

തോല്‍വിയില്‍ തന്റെ അമര്‍ഷം വ്യക്തമാക്കിയ ഡിയാഗോ ജൂനിയര്‍ മെസിയയെും മറഡോണയെയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെയും വിമര്‍ശിച്ചു. മെസിക്ക് ഒരിക്കലും തന്റെ പിതാവിന്റെ ലെവലിനോളം ഉയരാന്‍ സാധിച്ചില്ലെന്നും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ക്ക് ഫുട്‌ബോള്‍ എന്താണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയിലെ റേഡിയോ മാര്‍ടെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിയാഗോ ജൂനിയര്‍ ഇക്കാര്യം പറയുന്നത്.

‘മെസിയെയും എന്റെ അച്ഛനെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ക്ക് ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയില്ല. രണ്ട് വ്യത്യസ്ത തലങ്ങളെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്, എന്നിരുന്നാലും മെസിയുടെ മേലുള്ള പ്രതീക്ഷകള്‍ ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ഡിയാഗോ ജൂനിയര്‍ പറഞ്ഞു.

‘ഈ തോല്‍വിയില്‍ ഞാന്‍ തകര്‍ന്നിരിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചു എന്ന കാര്യം എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. സൗദിക്കെതിരായ തോല്‍വി തീര്‍ത്തും നിരാശയുളവാക്കുന്നതാണ്.

അവര്‍ പേടിച്ചതുപോലെയായിരുന്നു. ഫുട്‌ബോള്‍ അങ്ങനെയാണ്, ചിലപ്പോള്‍ തീരെ ദുര്‍ബലരായ എതിരാളികളോട് പോലും നിങ്ങള്‍ തോറ്റെന്നിരിക്കും,’ ഡിയാഗോ ജൂനിയര്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അര്‍ജന്റീനക്ക് നേരെ ഉയരുന്നത്. സൗദി അറേബ്യയോട് 2-1നാണ് ടീം അര്‍ജന്റീന പരാജയപ്പെട്ടത്.

സ്‌കോര്‍ ചെയ്യാന്‍ പല അവസരങ്ങള്‍ ലഭിച്ചെങ്കിലും സൗദിയുടെ ആക്രമണത്തിന് മുന്നില്‍ മെസിപ്പടക്ക് മുന്നേറാന്‍ സാധിച്ചില്ല.

10ാം മിനിട്ടില്‍ പെരെഡെസിനെ സൗദിയുടെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്കനുകൂലമായി ലഭിച്ച പെനാല്‍ട്ടി മെസി ഗോളാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യയോട് അര്‍ജന്റീന തോല്‍വി വഴങ്ങുന്നത്. നവംബര്‍ 27നാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മെക്‌സിക്കോ ആണ് എതിരാളികള്‍.

 

Content Highlight: Maradona’s son says people compares Messi and Maradona doesn’t know football