എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ബന്ധം: പ്രൊഫ. ഗോപാലന്റെ അറസ്റ്റിനെതിരെ തമിഴ് പ്രമുഖര്‍
എഡിറ്റര്‍
Wednesday 2nd January 2013 12:00pm

ചെന്നൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാവേലിക്കരയില്‍ അറസ്റ്റിലായ ശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രൊഫ. ഗോപാലിനെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ശാസ്ത്രജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്.

ഡിസംബര്‍ 29 നാണ് ഗോപാലനെയും മറ്റ് ആറ് പേരെയും മാവേലിക്കരയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവര്‍ക്കൊപ്പം മാവോയിസ്റ്റ് ബന്ധമുള്ള രൂപേഷ്-ഷൈന ദമ്പതികളുടെ രണ്ട് പെണ്‍കുട്ടികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Ads By Google

തിരുവനന്തപുരം സ്വദേശികളായ ബാഹുലേയന്‍, ഷിയാസ്, കൊല്ലം മയ്യനാട് സ്വദേശി ദേവരാജന്‍, ആലപ്പുഴ മാങ്കാംകുഴി സ്വദേശി രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കല്‍പ്പാക്കം അറ്റോമിക് റിസര്‍ച്ച് സെന്ററിലെ മുന്‍ ശാസ്ത്രജ്ഞനാണ് ഗോപാലന്‍. തമിഴ്‌നാട് മനുഷ്യാവകാശ സംഘടനയുടെ സജീവ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപാലന്‍ ഇതിന് മുമ്പ് ഒരിക്കല്‍ പോലും ഇത്തരത്തിലൊരു കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരള പോലീസ് ആരോപിക്കുന്നത് പോലെ ഗോപാലന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സമൂഹത്തില്‍ ഏറെ ബഹുമാനിക്കുന്ന ഒരാളെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണമുന്നയിക്കുന്ന കേരള പോലീസ് നടപടിക്കെതിരെയും ഇവര്‍ വിമര്‍ശിച്ചു.

പിടിയിലായ ഏഴ് പേര്‍ക്കെതിരെയും ഗുരുതരമായ കുറ്റങ്ങളാണ് കേരള പോലീസ് ചുമത്തിയിരിക്കുന്നത്. യാതൊരു വിധ തെളിവുമില്ലാതെ സൗഹൃദ കൂട്ടായ്മ രൂപീകരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസ് എടുത്തതില്‍ ആശങ്കയുണ്ടെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗോപാലനെതിരെ കേരളപോലീസ് പരത്തുന്ന കള്ളക്കഥകള്‍ അവസാനിപ്പിക്കണമെന്നും തീവ്രവാദിയെന്ന ആരോപണമുന്നയിച്ച അദ്ദേഹത്തോട് പോലീസ് മാപ്പ് ചോദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. അന്യായമായി അറസ്റ്റ് ചെയ്ത ഏഴ് പേരെയും ഉടന്‍ വിട്ടയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശത്തിനെതിരെ യു.എ.പി.എ നിയമം  ഉപയോഗിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന നടപടിക്കെതിരെ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും പറഞ്ഞു.

നടരാജന്‍ (കല്‍പ്പാക്കം അറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ശാസത്രജ്ഞന്‍),പ്രൊഫ. എ. മാര്‍ക്‌സ്(പീപ്പിള്‍ യൂണിയന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്-തമിഴ്‌നാട്),  കൊ. സുകുമാരന്‍(ഫെഡറേഷന്‍ ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ്), കെ. മനോഹരന്‍( എഴുത്തുകാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍-തമിഴ്‌നാട്), പ്രൊഫ. പ്രഭ കല്‍വിമണി(അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഫോര്‍ ദി ട്രൈബല്‍ ഇരുളാസ്- ടിണ്ടിവനം, പ്രൊഫ. ഡോ. പി. ശിവകുമാര്‍( തമിഴ്‌നാട് ഗവ. ആര്‍ട്‌സ് കോളേജ്  മുന്‍ അധ്യാപകന്‍), വി പ്രൊഫ. എം. തിരുമണവാളന്‍(തമിഴ്‌നാട് ആര്‍ട്‌സ് കോളേജ് മുന്‍ അധ്യാപകന്‍), പ്രൊഫ. എസ്. കൊച്ചടായ് (പീപ്പിള്‍സ് യൂണിയന്‍ സിവില്‍ ലിബര്‍ട്ടീസ്, കാരിക്കുടി), പ്രബന്‍ജന്‍ (തമിഴ് സാഹിത്യകാരന്‍, ചെന്നൈ), വി. ഗീത(എഴുത്തുകാരി, ചെന്നൈ), അഡ്വ. രഞ്ജിനി( പീപ്പീള്‍സ് യൂണിയന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്, മധുരാജ്), അഡ്വ. മനോഹരന്‍( തമിഴ്‌നാട് ഹൈ കോടതി), ഡോ. വി. പുഗളന്തി (മെഡിക്കല്‍ പ്രാക്ടീഷണര്‍, കല്‍പ്പാക്കം), വെങ്കട് (സ്‌കോളര്‍, തമിഴ്‌നാട് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് സറ്റഡീസ്, ചെന്നൈ), അഡ്വ. എ. മുഹമ്മദ് യൂസുഫ് (നാഷണല്‍ സെക്രട്ടറി, എന്‍.സി.എച്ച്.ആര്‍.ഒ, മധുരാജ്), എസ്. രാമാനുജന്‍ (എഴുത്തുകാരന്‍, ചെന്നൈ). തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മ രൂപീകരിക്കാനാണ് തങ്ങള്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.

നിരോധിതസംഘടനാപ്രവര്‍ത്തനം, അന്യായമായി സംഘം ചേരല്‍, കുറ്റകരമായ ഗൂഢാലോചന, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അഞ്ച് പേരെയും അടുത്തമാസം മൂന്ന് വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ലഘുരേഖകളോ മാവോയിസ്റ്റ് ബന്ധം ആരോപിക്കാവുന്ന തെളിവുകളോ ഇവരെ അറസ്റ്റ് ചെയ്ത ലോഡ്ജില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. ഇവരില്‍ നിന്ന് പിടിച്ചെടുത്ത അഞ്ചു മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപിലും യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി ഇവ സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്.

രാജേഷ് സ്വന്തം പേരില്‍ തന്നെയാണ് മുറിയെടുത്തതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്യായമായ സംഘം ചേരലോ ഗൂഢാലോചനയോ ഇവര്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാണ്. ഇവരില്‍ മുസ്‌ലിം നാമധാരിയായ ആളെ മുസ്‌ലിം തീവ്രവാദിയാക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

മാവോയിസ്റ്റ് ബന്ധമുള്ള രൂപേഷ്-ഷൈന ദമ്പതികളുടെ മക്കളാണ് പെണ്‍കുട്ടികള്‍ എന്നുള്ളത് കൊണ്ടാണ് ഗൗരവകരമായ കുറ്റങ്ങള്‍ ചുമത്തിയതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരുടെ വിമര്‍ശനം. പെണ്‍കുട്ടികളുടെ സാമൂഹ്യ ഇടപെടല്‍ മുഴുവന്‍ തടസ്സപ്പെടുത്തുന്ന സമീപനമാണ് പോലീസിന്റേതെന്നും വിമര്‍ശനമുണ്ട്.

Advertisement