ആന്തണി മാര്‍ഷ്യല്‍ ഗോളടിച്ചപ്പോള്‍ യുണൈറ്റഡിന് 85 കോടി ബാധ്യത
epl
ആന്തണി മാര്‍ഷ്യല്‍ ഗോളടിച്ചപ്പോള്‍ യുണൈറ്റഡിന് 85 കോടി ബാധ്യത
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 7:21 pm

മാഞ്ചസ്റ്റര്‍: ന്യൂകാസിലിനെതിരെ ആന്തണി മാര്‍ഷ്യലിന്റെ ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില നേടിയത്. എന്നാല്‍ ഈ ഗോളോടെ ക്ലബിന് വന്ന ബാധ്യത 85 കോടി രൂപയാണ്. മാര്‍ഷ്യല്‍ ക്ലബിനായി 25 ഗോളടിച്ചാല്‍ 85 കോടി മൊണോക്കോയ്ക്ക് നല്‍കണമെന്ന കരാറാണ് യുണൈറ്റഡിനെ കുടുക്കിയത്. മത്സരത്തിന്റെ 76ാം മിനിറ്റിലായിരുന്നു മാര്‍ഷ്യലിന്റെ മനോഹര ഗോള്‍.

2018-2019 സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് 25 ഗോളടിച്ചാല്‍ 85 കോടി നല്‍കണമന്നായിരുന്നു കരാര്‍. 2015 സെപ്റ്റംബറിലാണ് മാര്‍ഷ്യല്‍ 36 മില്യണ്‍ പൗണ്ടിന് ഒള്‍ഡ് ട്രഫോര്‍ഡിലെത്തുന്നത്.

ALSO READ:ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി: എം.എം മണി

ഇരു ടീമുകളും തമ്മിലുള്ള കരാറില്‍ വേറേയും കുരുക്കുകളുണ്ട്. നടപ്പ് സീസണിന് മുന്നോടിയായി മാര്‍ഷ്യല്‍ ബാലണ്‍ ദി ഓറിന് നിര്‍ദേശിക്കപ്പെടുകയോ ഫ്രാന്‍സിനായി 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ 8.73 ദശലക്ഷം പൗണ്ട് വീതം നല്‍കാനും കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. യുണൈറ്റഡിന്റെ ഭാഗ്യത്തിന് ഇതുരണ്ടും നടന്നില്ല. ഇതുവരെ ഫ്രാന്‍സിനായി 18 മത്സരങ്ങള്‍ മാത്രമാണ് താരത്തിന് പൂര്‍ത്തിയാകാനായത്. മാത്രമല്ല ബാലണ്‍ ദി ഓര്‍ ചുരുക്കപട്ടികയിലും മാര്‍ഷ്യല്‍ ഇടം കണ്ടെത്തിയില്ല.

പരിശീലകന്‍ മൗറീന്യോയുമായി താരത്തിന് നല്ല ബന്ധമല്ലാത്തിനാല്‍ സീസണിന് മുന്നോടിയായി മാര്‍ഷ്യലിനെ വില്‍ക്കാന്‍ പരിശീലകന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് യുണൈറ്റഡ് ബോര്‍ഡ് തള്ളി.