മന്‍സൂര്‍ വധക്കേസ്; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ്
Kerala
മന്‍സൂര്‍ വധക്കേസ്; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 3:47 pm

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

ശ്രീരാഗാണ് തന്നെ വാള്‍ ഉപയോഗിച്ച് വെട്ടിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പൊലീസിന് മൊഴി കൊടുത്തിരുന്നു. മുഹ്‌സിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

മന്‍സൂര്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലേറെയും സി.പി.എം പ്രാദേശിക നേതാക്കളാണ്. എട്ടാംപ്രതി ശശി, കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും പത്താംപ്രതി ജാബിര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ സുഹൈല്‍ ആണ് അഞ്ചാം പ്രതി. പതിനൊന്ന് പേരടങ്ങിയ പ്രതിപ്പട്ടികയാണ് മന്‍സൂര്‍ വധവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. രതീഷിനെ സി.പി.ഐ.എം കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു.

”കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. നിരവധി തെളിവുകള്‍ കൈവശമുള്ള വ്യക്തിയായിരുന്നു രതീഷ്. ഈ തെളിവുകള്‍ പുറത്തുവന്നാല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം സി.പി.ഐ.എമ്മിനുണ്ട്. അതുകൊണ്ട് രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്.”- പാനൂരിലെ യു.ഡി.എഫ് പ്രതിഷേധസംഗമത്തില്‍ സംസാരിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എം പ്രതിസ്ഥാനത്ത് വരുന്ന എല്ലാ കേസുകളിലെയും പ്രതികള്‍ കൊല്ലപ്പെടുകയാണെന്ന ആരോപണമുന്നയിച്ച് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണും രംഗത്തെത്തി. രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mansoor Murder Case two Arrested