ട്രാന്‍സ്മാന്‍ പ്രഗ്‌നന്‍സിയും പൊട്ടക്കിണറ്റില്‍ കിടന്ന് വിവരക്കേട് വിളിച്ച് പറയുന്നവരും
DISCOURSE
ട്രാന്‍സ്മാന്‍ പ്രഗ്‌നന്‍സിയും പൊട്ടക്കിണറ്റില്‍ കിടന്ന് വിവരക്കേട് വിളിച്ച് പറയുന്നവരും
Manoj Vellanad
Monday, 6th February 2023, 5:35 pm
നിങ്ങളിങ്ങനെ പൊട്ടക്കിണറ്റില്‍ കിടന്ന് നിങ്ങളുടെ വിവരക്കേട് വിളിച്ചുകൂവി ആഘോഷിക്കുമ്പോള്‍ ലോകത്ത് നിരവധി ട്രാന്‍സ് മനുഷ്യര്‍ ഗര്‍ഭം ധരിക്കുകയും അവരുടെ കുഞ്ഞുങ്ങള്‍ സാധാരണ മനുഷ്യരായി ജീവിക്കുകയും ചെയ്യുന്നു. സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കുഞ്ഞുങ്ങള്‍ നിങ്ങളെ നോക്കി ഹായ് പറയുന്നത്, വിത്ത് ദേയ്ര്‍ മിഡില്‍ ഫിംഗര്‍..

കേരളത്തില്‍, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പ്രഗ്‌നന്‍സിയെ സംബന്ധിച്ച വാര്‍ത്തകള്‍ക്കു താഴെ വ്യക്തിയധിക്ഷേപങ്ങളുടെ പൂരമാണ്. വിവരക്കേടുകളും വിവേകമില്ലായ്മയും പ്രദര്‍ശിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന സുരക്ഷിതത്തവും സൗകര്യവും ഒരു വലിയകൂട്ടം ഇപ്പോഴും ദുരുപയോഗപ്പെടുത്തുന്നതിന്റെ പെര്‍ഫക്റ്റ് എക്‌സാമ്പിള്‍.

അടിസ്ഥാനപരമായി പോലും ജെന്‍ഡര്‍ എന്താണെന്നോ LGBTIQ സ്‌പെക്ട്രമെന്താണെന്നോ മറ്റ് മനുഷ്യരുടെ സ്വകാര്യതയെന്താണെന്നോ മനസിലാക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നമാണ്. അതൊരു നിസാര പ്രശ്‌നമല്ലാ, ഗുരുതരമായ സാമൂഹിക വിപത്താണ്.

1. ബയോളജിക്കല്‍ സെക്‌സും ജെന്‍ഡറും രണ്ടാണെന്നും ജെന്‍ഡര്‍ ഒരാള്‍ സ്വയം തിരിച്ചറിയുന്ന ഒന്നാണെന്നും അതിന് ലൈംഗിക അവയവവുമായി എന്തെങ്കിലും ബന്ധം വേണമെന്ന് നിര്‍ബന്ധമില്ലെന്നും എല്‍.പി സ്‌കൂള്‍ മുതലേ പഠിപ്പിക്കേണ്ട പാഠമാണ്. രണ്ടു തുടകള്‍ക്കിടയിലല്ല, രണ്ട് ചെവികള്‍ക്കിടയിലാണ് ഒരാളുടെ ജെന്‍ഡറും സെക്‌സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പഠിപ്പിക്കണം.

അപ്പോള്‍ മാത്രമേ ഗര്‍ഭപാത്രവും ഓവറിയുമുള്ള ഒരാള്‍ താനൊരു ആണാണ് എന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടുകയോ അയാളെ അധിക്ഷേപിക്കുകയോ ചെയ്യാതിരിക്കൂ. അയാളുടെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞു പോകാതിരിക്കൂ.

2. ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും അവരുടെ ശരീരം മറ്റുള്ളവരുടേതിന് സമാനമാണെന്നും കൂടി പഠിപ്പിക്കണം. അപ്പോള്‍ അവരുടെ ഗര്‍ഭധാരണവും മറ്റേതൊരു ഗര്‍ഭവും പോലെ സ്വാഭാവികവും സാധാരണവുമാവും.

3. എവിടെയെങ്കിലും ട്രാന്‍സ് വ്യക്തികള്‍ പ്രഗ്‌നന്റാവുമ്പോള്‍, മറ്റു മനുഷ്യരുടെ പ്രധാന ആധി ‘അയ്യോ ആ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടാവുമോ?’ എന്നാണ്. ട്രാന്‍സ് എന്നത് ഒരു ‘അബ്‌നോര്‍മാലിറ്റി’ അല്ലാത്തതുകൊണ്ട് തന്നെ അവര്‍ പ്രഗ്‌നന്റായാലും മറ്റുള്ളവര്‍ക്കുള്ള അതേ റിസ്‌ക് മാത്രമേ അവര്‍ക്കുമുള്ളൂ.

4. അവരോ മറ്റു Queer മനുഷ്യരോ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ എങ്ങനെയുള്ളവരായിരിക്കുമെന്ന ആശങ്കയും ധാരാളം കണ്ടിട്ടുണ്ട്. അതിലും യാതൊരു കഴമ്പുമില്ല. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായ, അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ(ഇപ്പോള്‍ 37 വയസ്) സന്നാ മരിനെ വളര്‍ത്തിയത് ഒരു ലെസ്ബിയന്‍ ദമ്പതികളാണ്. ട്രാന്‍സ് പാരന്റ്‌സ് വളര്‍ത്തിയ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പറ്റിയുള്ള പഠനങ്ങളും പറയുന്നത് അത്തരമൊരു ആശങ്കയ്ക്ക് വകയില്ലാ എന്നാണ്. കാര്യങ്ങള്‍ വളരെ പോസിറ്റീവാണ്.

5.ട്രാന്‍സ് പാരന്റ്‌സിന് ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ? മറ്റൊരാശങ്കയാണ്.

പഴയ ഒരുദാഹരണം പറയാം. ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവായ ലൂയി ബ്രൗണ്‍ ജനിക്കുന്നത് 1978 ലാണ്. അതിനും ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ആശയവും അതിന്മേലുള്ള ഗവേഷണങ്ങളും നടന്നെങ്കിലും സംഗതി പ്രാവര്‍ത്തികമാകാത്തതിന് കാരണം മേല്‍ സൂചിപ്പിച്ച പോലുള്ള അനാവശ്യ ആശങ്കകളാണ്. ആ ആശങ്കകളെ ഊതിപ്പെരുപ്പിച്ചത് മതങ്ങളാണ്. ഇന്ന് ട്രാന്‍സ് സമൂഹത്തോട് മതങ്ങള്‍ പുലര്‍ത്തുന്ന മനോഭാവത്തിന് സമാനമായിരുന്നു അന്ന് കൃത്രിമ ബീജ സങ്കലനമെന്ന ആശയത്തിനോടും.

അതിനെയെല്ലാം മറികടന്ന് ആദ്യ ടെസ്റ്റ് ട്യൂബ് ബേബിയായി 1978ല്‍ ലൂയി ബ്രൗണ്‍ പിറന്നു. നാലുവര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കൂട്ടായി അനുജത്തി നതാലിയും എത്തി. പക്ഷെ അവള്‍ ലോകത്തെ നാല്‍പ്പതാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നു. അതായത് അപ്പോഴേയ്ക്കും തന്നെ വേറെയും മുപ്പത്തെട്ട് പരീക്ഷണശാലാക്കുഞ്ഞുങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിച്ചിരുന്നു.

എല്ലായിടങ്ങളിലും ഇത്തരം എതിര്‍പ്പുകളും സ്വാഭാവികമായി ഉണ്ടായി. ഇന്ത്യയില്‍ IVF -ന്റെ പിതാവായ ഡോ. സുഭാഷ് മുഖര്‍ജിയെക്കൊണ്ട് ആത്മഹത്യ വരെ ചെയ്യിച്ചു സമൂഹം.
ടെസ്റ്റ് ട്യൂബ് കുഞ്ഞുങ്ങള്‍ മറ്റുള്ള കുഞ്ഞുങ്ങളെ പോലെ സാധാരണജീവിതം നയിക്കില്ലാ എന്നായിരുന്നു അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ വിലയിരുത്തല്‍. പക്ഷെ യാഥാര്‍ത്ഥ്യമെപ്പോഴും യാഥാസ്ഥിതികരോട് നടുവിരല്‍ കൊണ്ടാണല്ലോ സംസാരിക്കാറുള്ളത്.

ലൂയിസ്- നതാലി സഹോദരിമാരില്‍ ചേച്ചിയെ കടത്തിവെട്ടി അനന്തരം ചരിത്രമെഴുതിയത് അനുജത്തിയാണ്. കെയ്സിയെ പ്രസവിച്ചപ്പോള്‍ നതാലി ലോകചരിത്രത്തില്‍ സ്വാഭാവികമായി ഗര്‍ഭംധരിച്ചു പ്രസവിച്ച ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി! കുറച്ചു വൈകിയാണെങ്കിലും ലൂയിസ് ബ്രൗണ്‍ ആദ്യം കാമറൂണിനേയും പിന്നെ എയ്ഡനേയും ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും സ്വാഭാവികരീതിയില്‍ തന്നെ ആയിരുന്നു. ഇവരെല്ലാം ഇപ്പോഴും സന്തോഷപൂര്‍വ്വം സാധാരണ ജീവിതം ജീവിക്കുന്നു. ലൂയിസ് ബ്രൗണിന്റെ പിന്‍ഗാമികളായി ലോകമെമ്പാടുമായി ഒരു കോടിയോളം ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഇതിനകം ജന്മമെടുത്തും കഴിഞ്ഞു.

ഏതാണ്ട് അത്തരമൊരു ആശങ്കയാണ് സമൂഹത്തിന് ട്രാന്‍സ് ഗര്‍ഭങ്ങളോളും ഉള്ളത്. തികച്ചും അസ്ഥാനത്താണത്. സിയയും ഫഹദും ഹാപ്പിയാണ്. അവര്‍ക്ക് അവരാരാണെന്ന് വ്യക്തമായ ധാരണയുണ്ട്. നിങ്ങളിങ്ങനെ അവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെട്ട് സമയവും ഊര്‍ജവും കളയുമ്പോള്‍ അവരവിടെ പ്രഗ്‌നന്‍സി ഫോട്ടോഷൂട്ട് നടത്തുകയും ഗര്‍ഭകാലം ആഘോഷിക്കുകയും ചെയ്യുന്നു. നിങ്ങളിങ്ങനെ പൊട്ടക്കിണറ്റില്‍ കിടന്ന് നിങ്ങളുടെ വിവരക്കേട് വിളിച്ചുകൂവി ആഘോഷിക്കുമ്പോള്‍ ലോകത്ത് നിരവധി ട്രാന്‍സ് മനുഷ്യര്‍ ഗര്‍ഭം ധരിക്കുകയും അവരുടെ കുഞ്ഞുങ്ങള്‍ സാധാരണ മനുഷ്യരായി ജീവിക്കുകയും ചെയ്യുന്നു.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കുഞ്ഞുങ്ങള്‍ നിങ്ങളെ നോക്കി ഹായ് പറയുന്നത്, വിത്ത് ദേയ്ര്‍ മിഡില്‍ ഫിംഗര്‍..

Content Highlight:  Manoj Vellanad’s write up about transgender pregnancy

Manoj Vellanad
ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്