അദ്ദേഹം മികച്ച ഡാന്‍സറാണ്, പക്ഷേ ജനസേവനം പറ്റിയ പണിയല്ല: ബി.ജെ.പി നേതാവ് മനോജ് തിവാരിയെ പരിഹസിച്ച് കെജ്‌രിവാള്‍
D' Election 2019
അദ്ദേഹം മികച്ച ഡാന്‍സറാണ്, പക്ഷേ ജനസേവനം പറ്റിയ പണിയല്ല: ബി.ജെ.പി നേതാവ് മനോജ് തിവാരിയെ പരിഹസിച്ച് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 1:49 pm

 

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരിയെ പരിഹസിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ആം ആദ്മി സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തവേയായിരുന്നു കെജ്‌രിവാളിന്റെ പരിഹാസം.

മൂന്ന് തവണ ദല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിനെതിരെയും ആം ആദ്മി സ്ഥാനാര്‍ത്ഥിയായ ദിലീപ് പാണ്ഡെയ്‌ക്കെതിരെയുമാണ് നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ മനോജ് തിവാരി മത്സരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വന്തം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് മനോജ് തിവാരിയെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

എങ്ങനെ ഡാന്‍സ് ചെയ്യാമെന്ന് മനോജ് തിവാരിയ്ക്ക് നന്നായി അറിയാം. എന്നാല്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ദിലീപ് പാണ്ഡെജിയ്ക്ക് ഡാന്‍സ് അറിയില്ല. പക്ഷേ എങ്ങനെ ജനസേവനം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വോട്ട് ചേയ്യേണ്ടത്. അല്ലാതെ നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്കല്ല.- കെജ്‌രിവാള്‍ പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വളരെ പ്രാധാന്യം ഉണ്ടെന്നും ഓരോ വോട്ടും ജനങ്ങള്‍ അതീവ ശ്രദ്ധയോടെ തന്നെ വിനിയോഗിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

” നിങ്ങള്‍ തന്നെ നോക്കൂ. നിങ്ങളുടെ എം.പി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്ത് വികസനമാണ് ഇവിടെ നടത്തിയത്. എന്ത് നല്ല കാര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്? പ്രവൃത്തിയെ അടിസ്ഥാനമാക്കി വോട്ട് നല്‍കൂ, പേര് നോക്കിയല്ല- കെജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ മനോജ് തിവാരി രംഗത്തെത്തി. പൂര്‍വഞ്ചാലിലെ ജനങ്ങളെ കെജ്‌രിവാള്‍ അപമാനിച്ചെന്നും ഇതിന്റെ ഫലം അദ്ദേഹം അനുഭവിക്കുമെന്നുായിരുന്നു തിവാരിയുടെ പ്രതികരണം. തന്നെ അപമാനിക്കുക വഴി എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെയാണ് അദ്ദേഹം അപമാനിച്ചത്. ഇതേ ജനങ്ങള്‍ തന്നെ അദ്ദേഹത്തിന് അതിനുള്ള മറുപടി നല്‍കുമെന്നായിരുന്നു മനോജ് തിവാരി പറഞ്ഞത്.