ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ഈ അവസ്ഥയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഞങ്ങളെ ഓര്‍ത്തു; കടന്നുപോയ സാഹചര്യത്തെക്കുറിച്ച്‌ മനോജ് കുമാര്‍
Kerala News
ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ഈ അവസ്ഥയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഞങ്ങളെ ഓര്‍ത്തു; കടന്നുപോയ സാഹചര്യത്തെക്കുറിച്ച്‌ മനോജ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th May 2021, 12:52 pm

നടി ബീന ആന്റണി കൊവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്നുപോയതെന്നും ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍.

ഷൂട്ടിന് പോയിടത്തുനിന്നാണ് ബീനയ്ക്ക് കൊവിഡ് വന്നതെന്നും പിന്നീട് രക്തത്തില്‍ ഓക്‌സിജന്റെ കുറവ് വന്നതായി അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും മനോജ് കുമാര്‍ വീഡിയോയില്‍ പറഞ്ഞു. ന്യൂമോണിയയും ബീനയെ ബാധിച്ചിരുന്നു.

ബീന ചികിത്സയില്‍ തുടരുന്ന ഘട്ടങ്ങളില്‍ നടന്‍മാരായ മോഹല്‍ലാലും മമ്മൂട്ടിയും തങ്ങളെ ഓര്‍ത്തുവെന്നും മനോജ് പറയുന്നു.

‘വിവരമറിഞ്ഞ് ലാലേട്ടന്‍ വോയ്‌സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല. എന്നിട്ടും ആ മഹാനടന്‍മാര്‍ ഞങ്ങളെ ഓര്‍ത്തു. അതൊക്കെ ഞങ്ങള്‍ക്ക് ശക്തി നല്‍കി. കൂടാതെ സീമചേച്ചിയും എന്നെയും അവളയെും വിളിച്ചിരുന്നു,’ മനോജ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ കരയുന്നത് ഈശ്വരന്റെ മുന്നില്‍ ഇരുന്നാണ്. എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച് എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറയും. സത്യം പറഞ്ഞാല്‍ കരഞ്ഞുകൊണ്ടാണ് ഞാനത് പറയുന്നത്. അവള്‍ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും. ആരോടും പറയാതെ ആരെയും അറിയിക്കാതെ അവളെ ആശ്വസിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. ഈശ്വരനാണ് എനിക്ക് ശക്തി നല്‍കിയത്. അല്ലെങ്കില്‍ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ,’ മനോജ് പറയുന്നു.

കൊവിഡിനെ ആരും നിസാരമായി കാണരുതെന്നും താന്‍ അനുഭവിച്ചത് മറ്റുള്ളവര്‍ക്ക് വരാതിരിക്കാനാണ് താന്‍ പറഞ്ഞതെന്നും മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം മെഡിക്കല്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ് ബീന ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Manoj Kumar says about Beena Antony