ആ സംഭവത്തിന് മൂന്ന് ദിവസം മുമ്പേ ബിലാലിന്റെ ഷൂട്ട് തുടങ്ങാനിരുന്നതാണ്, ഒറ്റ ഒരുത്തന്‍ കാരണമാണ് നടക്കാതെ പോയത്: മനോജ് കെ. ജയന്‍
Film News
ആ സംഭവത്തിന് മൂന്ന് ദിവസം മുമ്പേ ബിലാലിന്റെ ഷൂട്ട് തുടങ്ങാനിരുന്നതാണ്, ഒറ്റ ഒരുത്തന്‍ കാരണമാണ് നടക്കാതെ പോയത്: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 10:50 pm

മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി റിലീസ് സമയത്ത് വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് കള്‍ട്ട് ക്ലാസിക് പദവി നേടിയെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ആഘോഷത്തോടെയാണ് സിനിമാ ലോകം വരവേറ്റത്.

ബിലാലിന്റെ ഷൂട്ട് നേരത്തെ തന്നെ കഴിഞ്ഞുപോകേണ്ടതായിരുന്നു എന്ന് പറയുകയാണ് ബിഗ് ബിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ. ജയന്‍. ബിലാല്‍ എന്ന സിനിമ തീര്‍ച്ചയായും സംഭവിക്കുമെന്നും അതിനായി താനും കാത്തിരിക്കുകയാണെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ. ജയന്‍ പറഞ്ഞു.

‘ബിലാലിനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഒന്നും പ്രോപ്പറായിട്ടല്ല വരുന്നത്. സിനിമ നടന്നുപോയേനേ, ഒരു പത്തനംതിട്ടക്കാരന്‍ വന്ന് ആദ്യത്തെ കൊറോണ പരത്തിപോയില്ലേ, അതിനും മൂന്ന് ദിവസം മുമ്പോ ഒരാഴ്ച്ച മുമ്പോ തുടങ്ങാനിരുന്ന പടമായിരുന്നു ബിലാല്‍.

കൊറോണ എന്നൊരു സാധനം വന്നു, കേരളത്തില്‍ ഒരാള്‍ വന്നിറങ്ങി, പ്രശ്‌നമായി, അലമ്പായി, ഈ സിനിമ അന്ന് കാന്‍സലായി. എന്റെ ഡേറ്റ് 20 ദിവസത്തോളം മേടിച്ചുവെച്ചതാണ്. കൊറോണ വന്ന് ആദ്യം തെറിച്ച് പോയ പടമിതാണ്. അല്ലെങ്കില്‍ ബിലാല്‍ അന്ന് നടന്നുപോയേനേ.

മമ്മൂക്കയുടെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ടൊക്കെയായിരിക്കും ഇപ്പോഴും സിനിമ നടക്കാതിരിക്കുന്നത്. അദ്ദേഹം വരിവരിയായി പടങ്ങള്‍ ചെയ്യുകയാണല്ലോ. എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ബിലാല്‍ എന്ന സിനിമ തീര്‍ച്ചയായും ഉണ്ടാവും. അതിലൊരു സംശയുമില്ല. എല്ലാം കൂടി ഒത്തുചേര്‍ന്ന് വരണം. അമലും വേറെ പ്രോജക്ടൊക്കെ ചെയ്യുന്നുണ്ടല്ലോ. ഞാനടക്കമുള്ള ബിഗ് ബിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ലൂയിസാണ് റിലീസിനൊരുങ്ങുന്ന മനോജ് കെ. ജയന്റെ പുതിയ ചിത്രം. ഷാബു ഉസ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രം ചെയ്യുന്നത്. സായികുമാര്‍, ജോയ് മാത്യു, കലാഭവന്‍ നവാസ്, ആദിനാട് ശശി, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, രാജേഷ് പറവൂര്‍, ശശാങ്കന്‍ മയ്യനാട്, അസീസ് നെടുമങ്ങാട്, അല്‍സാബിത്, ദിവ്യ പിള്ള, ലെന, സ്മിനു സിജോ, മീനാക്ഷി, ഡിസ്സ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

Content Highlight: Manoj K jayan says that Bilal’s shoot should have ended earlier