മൂന്ന് തവണ ചാക്കോച്ചന്റെ മുഖത്തടിച്ചു, മാപ്പു പറഞ്ഞു ചെന്നപ്പോള്‍ എന്നെ സമാധാനിപ്പിക്കുകയായിരുന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
Movie Day
മൂന്ന് തവണ ചാക്കോച്ചന്റെ മുഖത്തടിച്ചു, മാപ്പു പറഞ്ഞു ചെന്നപ്പോള്‍ എന്നെ സമാധാനിപ്പിക്കുകയായിരുന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th June 2021, 5:43 pm

കൊച്ചി: രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമായ വേട്ടയിലാണ് മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയത്. ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു.

ദി ഫിലിം ഡെയ്‌ലി മോളിവുഡിന് 2020 ഡിസംബറില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു വേട്ടയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മഞ്ജു പങ്കുവെച്ചത്.

ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള രസകരമായ അനുഭവവും മഞ്ജു പറഞ്ഞു. ചാക്കോച്ചന്റെ മുഖത്തടിച്ചതുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്ന ത്.

‘അതിന് ചാക്കോച്ചനോട് മൂന്ന് തവണ മാപ്പ് ചോദിക്കുന്നു. ചിത്രത്തിലെ കുറ്റാന്വേഷണ സീനിന് ഇടയില്‍ ചാക്കോച്ചന്റെ കഥാപാത്രത്തെ ഞാന്‍ അടിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ മൂന്ന് തവണ ടേക്ക് ആണെന്ന് വിചാരിച്ച് ചാക്കോച്ചന്റെ മുഖത്തടിക്കുന്നുണ്ട്. പക്ഷെ അത് റിഹേഴ്‌സലായിരുന്നുവെന്ന് സംവിധായകന്‍ രാജേഷ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് ടേക്ക് പോയത്. അതെടുത്ത മൂന്ന് തവണയും ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു. വളരെ വേദനാജനകമായ കാര്യമാണത്,’ മഞ്ജു പറയുന്നു.

എന്നാല്‍ ചാക്കോച്ചന്‍ വളരെ കൂളായിട്ടാണ് പെരുമാറിയതെന്നും മഞ്ജു പറഞ്ഞു. ഇതുപോലെയുള്ള രംഗങ്ങള്‍ മുമ്പ് അഭിനയിച്ചിട്ടില്ലാത്തതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

‘സീന്‍ എടുത്തതിന് ശേഷം ഞാന്‍ അങ്ങോട്ട് ക്ഷമ ചോദിച്ച് ചെല്ലുമ്പോള്‍ ചാക്കോച്ചന്‍ എന്നെയായിരുന്നു സമാധാനപ്പെടുത്തിയിരുന്നത്. ആ ഒരു വലിയ മനസ്സിന് ചാക്കോച്ചനെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുകയാണ്,’ മഞ്ജു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Manju Warrier Opens About Kunchacko Boban