ഗദ്ദാമമാരുടെ ശോകമൂകമായ കഥയല്ല ആയിഷ, ഇത് കുറച്ചുകൂടി കളര്‍ഫുള്ളാണ്: മഞ്ജു വാര്യര്‍
Entertainment news
ഗദ്ദാമമാരുടെ ശോകമൂകമായ കഥയല്ല ആയിഷ, ഇത് കുറച്ചുകൂടി കളര്‍ഫുള്ളാണ്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th January 2023, 4:43 pm

സൗദി അറേബ്യയിലേക്ക് ഗദ്ദാമയായി എത്തിയ ആയിഷ എന്ന സ്ത്രീയുടെ കഥ പറയുന്ന സിനിമയാണ് ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ. കേരളത്തിലെ ആദ്യ മുസ്ലീം നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ആയിഷയെ അവതരിപ്പിച്ചത്. ആ സിനിമയുടെ വിശേഷങ്ങള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍.

സാധാരണ സിനിമകളില്‍ കാണിക്കുന്നത് പോലെ ഗദ്ദാമമാരുടെ ശോകമൂകമായ ജീവിതമല്ല ആയിഷയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും കുറച്ച് കൂടി കളര്‍ഫുള്ളാണെന്നും അവരുടെ നല്ല ബന്ധങ്ങളെയും സിനിമയില്‍ കാണിച്ചിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

‘ഗള്‍ഫിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പ്രധാന കഥാപാത്രമെന്ന് പറയുമ്പോള്‍ തന്നെ ആളുകളുടെ മനസില്‍ ശോകമൂകമായ ഒരു ഇമേജായിരിക്കും വരുന്നത്. എന്നാല്‍ ആയിഷയില്‍ അങ്ങനെയല്ല. എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ച പ്രധാനപ്പെട്ട കാര്യവും അത് തന്നെയാണ്. അത്തരം കഥകളുടെ ഒരു വ്യത്യസ്തമായ സമീപനമാണ് ഈ സിനിമ.

ഭയങ്കര കളര്‍ഫുള്ളായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ക്കിടയിലുണ്ടാകുന്ന നല്ല ബന്ധങ്ങളെയൊക്കെ സിനിമ കാണിക്കുന്നുണ്ട്. ആയിഷ എന്ന കഥാപാത്രത്തിന് ആ വീട്ടില്‍ എത്രമാത്രം സ്വാധീനമുണ്ടെന്നൊക്കെ ആ സിനിമ കണ്ടാല്‍ മാത്രമെ മനസിലാവുകയുള്ളു. പുതുമയും വ്യത്യസ്തയുമൊക്കെ ഉപയോഗിച്ച് ഒരുപാട് പഴകിയ വാക്കുകളാണെങ്കില്‍ പോലും ഞാന്‍ പറയുകയാണ്, ഈ സിനിമയുടെ പ്രത്യേകതയാണ് ഇതൊക്കെ.

ഈ കഥാപാത്രത്തിന്റെ സ്വപ്‌നമാണ് ആ പാട്ട്. അപ്പോള്‍ എന്തായാലും ആ പാട്ടില്‍ പ്രഭു ദേവ വന്ന് ഡാന്‍സ് കളിക്കുക എന്ന കാര്യം നടക്കില്ല. പിന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ സ്‌റ്റേജില്‍ പോലും അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന കാര്യം ഞാന്‍ ചിന്തിച്ചിട്ടില്ല. അങ്ങനെയൊന്നും അദ്ദേഹത്തിനോട് ചോദിക്കാനുള്ള ധൈര്യം പോലും എനിക്കില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതല്‍ ഭാഗത്തും അറബിയാണ് സിനിമ സംസാരിക്കുന്നത്. കൂടാതെ വിവിധ ഭാഷകളും സിനിമയില്‍ കടന്നുവരുന്നുണ്ട്.

content highlight: manju warrier about ayisha movie