ആരെയൊക്കെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാലും ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാളത്തില്‍ ആരുമുണ്ടായിട്ടില്ല: മഞ്ജു പിള്ള
Film News
ആരെയൊക്കെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാലും ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാളത്തില്‍ ആരുമുണ്ടായിട്ടില്ല: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd February 2023, 9:22 am

ആരെയൊക്കെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ചാലും തന്റെ മനസിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശിയാണെന്ന് മഞ്ജു പിള്ള. ഉര്‍വശിയെ കടത്തി വെട്ടാന്‍ ഇന്നുവരെ ഒരു നടി മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും മഞ്ജു പറഞ്ഞു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ അവര്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉര്‍വശി ചേച്ചിയുടെ ചിത്രം മിഥുനമാണ്. ആരെയൊക്കെ എത്രയൊക്കെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും ഉര്‍വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ഇന്നുവരെ ആരുമുണ്ടായിട്ടില്ല. നായികാ സ്ഥാനത്താണ് ഞാന്‍ പറയുന്നത് കേട്ടോ. ഇനി നാളെ ഉണ്ടാവുമോ എന്നെനിക്ക് അറിയില്ല. ഇനി എത്രയൊക്കെ പറഞ്ഞാലും എന്റെ മനസിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അന്നും ഇന്നും ഉര്‍വശിയാണ്.

എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവര്‍ ചെയ്തിരിക്കുന്നത്. അവര്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് തലയുയര്‍ത്തി നിന്ന് അവര്‍ അഭിമുഖത്തില്‍ പറഞ്ഞത്, ഞാന്‍ ഒരു നായകന്റെയും നായിക അല്ല, ഞാന്‍ സംവിധായകന്റെ ആര്‍ട്ടിസ്റ്റാണെന്ന്. അവര്‍ക്ക് അത്ര ആത്മവിശ്വാസമാണ്. ഏത് കഥാപാത്രവും ഒരു മടിയുമില്ലാതെ ചെയ്യുമെന്ന ആത്മവിശ്വാസമാണ്,’ മഞ്ജു പറഞ്ഞു.

കല്പന നല്‍കിയ ഉപദേശത്തെ കുറിച്ചും അഭിമുഖത്തില്‍ മഞ്ജു പറഞ്ഞിരുന്നു.

‘മിനി ചേച്ചി ( കല്പന) എന്നോട് ഭയങ്കര അടുപ്പം കാണിച്ചിരുന്നു. മിനി ചേച്ചിയെ എന്റെ അമ്മ വിളിക്കുന്നത് അമ്മിണി എന്നായിരുന്നു. മക്കളെ നീ ഇനി കോമഡി ചെയ്യണമെന്ന് മിനി ചേച്ചി എന്നോട് പറഞ്ഞിരുന്നു. കോമഡി ചെയ്യാന്‍ ഇവിടെ ആരുമില്ലെടാ. എന്റെയൊക്കെ കാലം കഴിഞ്ഞാല്‍ ആരുമില്ല. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല കോമഡി. ആര്‍ക്കും ഇഷ്ടമല്ല, സ്ത്രീകള്‍ കോമഡി ചെയ്യുമ്പോള്‍ എന്തോ കൊള്ളില്ലെന്നാണ് കാണുന്നത്. പക്ഷേ കോമഡി ചെയ്യാന്‍ ഭയങ്കര പാടാണ്. നീ കോമഡി ചെയ്യണം എന്ന് പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്തത് കല്പന ചേച്ചിയാണ്.

അങ്ങനെയാണ് ഞാന്‍ കോമഡി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. പിന്നെ കെ.പി.എ.സി ലളിതയോട് ഭയങ്കരമായ ആരാധന എന്റെ മനസില്‍ നില്‍ക്കുന്നതുകൊണ്ടും കൂടിയാണ് കോമഡിയിലേക്ക് ഇറങ്ങിയത്,’ മഞ്ജു പറഞ്ഞു.

Content Highlight: Manju Pillai says that Urvashi is the lady superstar for her