എഡിറ്റര്‍
എഡിറ്റര്‍
‘ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അപകടത്തില്‍; അരുതാത്തത് സംഭവിക്കാതിരിക്കട്ട’; മഞ്ഞപ്പടയ്ക്ക് മുന്നറിയിപ്പുമായി അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹാവിയര്‍ സിപ്പി
എഡിറ്റര്‍
Saturday 25th November 2017 5:23pm

കൊച്ചി: ആരാധകരുടെ എണ്ണം കൊണ്ട് ലോകത്തെ ഞെട്ടിച്ചവരാണ് മഞ്ഞപ്പട. ഓരോ മത്സരത്തിനും കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ആരാധകരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. എന്നാല്‍ മഞ്ഞപ്പട അഭിമാനം കൊള്ളുന്ന ഈ തിരക്ക് വന്‍ ഭീഷണി യാണെന്നാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടറായിരുന്ന ഹാവിയര്‍ സിപ്പിയുടെ മുന്നറിയിപ്പ്. ജംഷഡ്പൂരുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കു മുന്‍പാണ് ട്വിറ്ററിലൂടെ ഹാവിയര്‍ സിപ്പി ആശങ്ക പങ്കു വെച്ചത്.

കലൂരിലെ സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലെ നിരയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ടതിനു ശേഷമാണ് സിപ്പിയുടെ ട്വീറ്റ്. തേര്‍ഡ് ടയറില്‍ ആരാധകര്‍ നിറഞ്ഞിരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ പെട്ടെന്ന് ഒഴിപ്പിക്കാനുള്ള സംവിധാനം ആ നിരകള്‍ക്കില്ല എന്നും ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നുമായിരുന്നു സിപ്പിയുടെ ട്വീറ്റ്.

കഴിഞ്ഞ സീസണ്‍ വരെ അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നു കൊച്ചിയിലെ സ്റ്റേഡിയം. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പിനു മുന്‍പായി സ്റ്റേഡിയത്തിന്റെ സീറ്റ് കപ്പാസിറ്റി വളരെയധികം കുറഞ്ഞ് മുപ്പത്തൊമ്പതിനായിരത്തോളമാക്കി. സ്റ്റേഡിയം നവീകരിച്ച് ബക്കറ്റ് സീറ്റുകള്‍ നിരത്തിയതോടെയാണ് കപ്പാസിറ്റി കുറഞ്ഞത്.

ഫിഫയുടെ സ്റ്റേഡിയം സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ലോകകപ്പില്‍ 29000 പേര്‍ക്കുള്ള ടിക്കറ്റുകളേ ഈ സ്റ്റേഡിയത്തില്‍ ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മഞ്ഞപ്പട സ്റ്റേഡിയത്തില്‍ നിറഞ്ഞിരിക്കുകയാണ്. ഓരോ മത്സരവും കാണാന്‍ അറുപതിനായിരത്തോളം ആരാധകരാണ് സ്‌റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് സ്‌റ്റേഡിയത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിൡയായിരിക്കുകയാണ്.

Advertisement