എഡിറ്റര്‍
എഡിറ്റര്‍
മഞ്ചാടിക്കുരു; കുട്ടികളുടെ നാടകക്കളരി ഏപ്രില്‍ 24 മുതല്‍ 30 വരെ
എഡിറ്റര്‍
Saturday 22nd April 2017 11:00am

കോഴിക്കോട്: കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്താനും അവരുടെ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുമായി വെള്ളിമാടുകുന്ന് റെഡ് യംഗ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ നാടകക്കളരി ‘മഞ്ചാടിക്കുരു സീസണ്‍ 5’ 24 മുതല്‍ 30 വരെ വെള്ളിമാടുകുന്ന് വെച്ച് നടത്തും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിവരുന്ന ഈ ക്യാമ്പ് ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ക്യാമ്പുകളിലൊന്നായി മാറിയിരിക്കുകയാണ്.

നാടക, സിനിമ, സംഗീത, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം ഇവിടെ ഓരോ വര്‍ഷവും സമ്മേളിക്കാറുണ്ട്. ഏഴ് ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ അറുപത് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും. യോഗ, വിനോദം, വിജ്ഞാനം, പ്രകൃതി പഠനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലൂടെയാണ് ക്യാമ്പ് സഞ്ചരിക്കുന്നത്.

ഓരോ വിഷയത്തിനും പ്രഗദ്ഭരായ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാസാംസ്‌ക്കാരിക പരിപാടികള്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കും. മഞ്ചാടിക്കുരു ഗ്രൂപ്പ് , എ ശാന്തകുമാറിന്റെ ‘ വീടുകള്‍ക്കെന്തുപേരിടും’ എന്ന നാടക പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് പ്രസിദ്ധീകരണ രംഗത്തേക്കും പ്രവേശിച്ചിട്ടുണ്ട്.

ഇത്തവണത്തെ ക്യാമ്പില്‍ നടന്‍ ജോയ് മാത്യു, മാമുക്കോയ, പ്രകാശ് ബാരെ, ടിവി ബാലന്‍, സിവിക് ചന്ദ്രന്‍, ജയപ്രകാശ് കൂളൂര്‍, വിധു വിന്‍സെന്റ്, വിജയരാഘവന്‍ ചേലിയ, ശോഭീന്ദ്രന്‍ മാസ്റ്റര്‍, റീനു രാമാനന്ദ്, ഷാഹിന കെ, റഫീഖ്, ബൈജു മേരിക്കുന്ന് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഗുരു ചേമഞ്ചേരി ക്യാമ്പിന്റെ ഉദ്ഘാടനവേളയില്‍ പങ്കെടുക്കും.

Advertisement