മണിപ്പൂരില്‍ കൂട്ടക്കുരുതി തുടരുന്നു; ആംബുലന്‍സില്‍ മൂന്നംഗ കുടുംബത്തെ ജീവനോടെ ചുട്ടെരിച്ചു; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
national news
മണിപ്പൂരില്‍ കൂട്ടക്കുരുതി തുടരുന്നു; ആംബുലന്‍സില്‍ മൂന്നംഗ കുടുംബത്തെ ജീവനോടെ ചുട്ടെരിച്ചു; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 9:42 am

ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലേറെയായി മണിപ്പൂരില്‍ അക്രമം നിര്‍ബാധം തുടരുകയാണ്.

ഇന്നലെ മണിപ്പുര്‍ സെറോ മേഖലയില്‍ സുരക്ഷാ സേനയും സായുധ അക്രമികളും തമ്മിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ രണ്ട് അസം റൈഫിള്‍സ് ജവാന്‍മാര്‍ ചികിത്സയിലാണെന്നും കരസേന അറിയിച്ചു.

ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനോട് വീണ്ടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടുതല്‍ ബി.എസ്.എഫ് ജവാന്മാരെ മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

 

തിങ്കളാഴ്ച സുഗ്നു മേഖലയില്‍ 15 പള്ളിക്കും 11 സ്‌കൂളിനും അക്രമികള്‍ തീയിട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 15 ഗ്രാമങ്ങളില്‍ ആക്രമണം ഉണ്ടായെന്ന് ഗോത്രവര്‍ഗ ഫോറം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഇംഫാലിന്റെ പ്രാന്തപ്രദേശത്ത് രണ്ടായിരത്തോളം വരുന്ന മെയ്തി ജനക്കൂട്ടം പൊലീസിന് മുന്നില്‍ വെച്ച് ആംബുലന്‍സ് കത്തിച്ചു. വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഏഴ് വയസുകാരനേയും അവന്റെ അമ്മയെയും ബന്ധുവിനെയും അക്രമികള്‍ ജീവനോടെ ചുട്ടെരിച്ചു.

ടോണ്‍സിംഗ് ഹാങ്സിംഗ് (7), അമ്മ മീന ഹാങ്സിംഗ് (45), ബന്ധു ലിഡിയ ലൗറെംബം (37) എന്നിവരാണ് മരിച്ചത്. നിരവധി കുക്കികള്‍ താമസിച്ചിരുന്ന അസം റൈഫിള്‍സ് ക്യാമ്പില്‍ കലാപകാരികള്‍ നടത്തിയ വെടിവെപ്പില്‍ ഇവര്‍ക്ക് നേരത്തെ പരിക്കേറ്റിരുന്നു.

മെയ്തി തീവ്രവാദ സംഘടനകളായ ആരംബായ് തെംഗോല്‍, മെയ്ത്തീ ലീപുണ്‍ എന്നിവയാണ് വ്യാപകമായി ആക്രമണം നടത്തുന്നതെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി പിന്തുണയുള്ള ഈ തീവ്രവാദ സംഘടനകള്‍ പൊലീസിന്റെ ആയുധശാലകളില്‍ നിന്ന് കൊള്ളയടിച്ചത് അടക്കമുള്ള തോക്കുകളാണ് കലാപത്തിനായി ഉപയോഗിക്കുന്നത്.

അമിത് ഷായുടെ സന്ദര്‍ശനം മറയാക്കി കുക്കി, സോ സമുദായങ്ങള്‍ക്ക് നേരെ മെയ്തി തീവ്രവാദികള്‍ ആക്രമണം നടത്തുകയാണെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു. ആരംബായ് തെംഗോല്‍, മെയ്തി ലീപുണ്‍ എന്നിവയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ ഒപ്പുശേഖരണവും തുടങ്ങി.

മണിപ്പൂര്‍ താഴ്വരയില്‍ പോലും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൗരസമൂഹ സംഘടനകളുടെ കൂട്ടായ്മ ഖുരായ്ജം അതൗബ നേതാക്കള്‍ പറഞ്ഞു. ഇതുവരെ 98 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

Content Highlights: manipur conflicts continues, amit sha seeks report from manipur cm