എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിനെതിരായ പരാമര്‍ശം: പ്രതികരിക്കാനില്ലെന്ന് മാണി ചര്‍ച്ചചെയ്യുമെന്ന് തങ്കച്ചന്‍
എഡിറ്റര്‍
Monday 4th March 2013 1:00pm

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം.മാണി.

Ads By Google

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഗണേഷിനെതിരായ സ്വഭാവദൂഷ്യ ആരോപണം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. സംഭവത്തില്‍ ഗണേഷ്‌കുമാറിന്റെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും മാണി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

അതേസമയം പി.സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. പി.സി ജോര്‍ജ്ജിനെതിരെ ഗണേഷ് കുമാറിന്റെ പരാതി ലഭിച്ചതായും തങ്കച്ചന്‍ സ്ഥിരീകരിച്ചു.

ഞായറാഴ്ചയാണ് ജോര്‍ജ്, ഗണേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അയല്‍വാസിയായ സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നു മര്‍ദനമേറ്റതു വനംമന്ത്രി ഗണേഷ്‌കുമാറിനാണെന്ന് ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.

ഗണേഷ് കുറ്റ സമ്മതം നടത്തണമെന്നും ഇല്ലെങ്കില്‍ മറ്റ് മന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ആരോപണ വിധേയനായ ഗണേഷ് കുമാര്‍ രാജിവയ്ക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ഞായറാഴ്ച മംഗളം പത്രം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റെതായി റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കിലും  മന്ത്രിയുടെ പേര് വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല.

അതേസമയം പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കുമെന്നും നെല്ലിയാമ്പതിയിലെ നിലപാട് കാരണമാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ്ജ് രംഗത്തെത്തിയതെന്നും ഗണേഷ് പ്രതികരിച്ചു.

തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ അച്ഛനായ ബാലകൃഷ്ണ പിള്ളയാണെന്ന് സംശയിക്കുന്നതായും ഗണേഷ് കുമാര്‍ ആരോപിച്ചു. ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗണേഷ് വ്യക്തമാക്കിയിരുന്നു.

Advertisement