ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം; മൂക്കിന് പരിക്കേറ്റു- വീഡിയോ
Malayala cinema
ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം; മൂക്കിന് പരിക്കേറ്റു- വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th October 2019, 9:43 am

മഞ്ചേരി: മഞ്ചേരിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ഷെരീഫിന് നേരെ കയ്യേറ്റം. ബഹളത്തിനിടെ നൂറിന്റെ മൂക്കിന് പരിക്കേറ്റു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് സംഘാടകര്‍ പറഞ്ഞതുപോലെ 4 മണിക്ക് മഞ്ചേരിയിലെത്തിയ നൂറിനോടും അമ്മയോടും കൂടുതല്‍ ആളുവരട്ടെ എന്നു പറഞ്ഞ് ആറുമണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെന്നും അതിനു ശേഷമാണ് ഉദ്ഘാടന സ്ഥലത്തെത്തിയതെന്നും നൂറിന്റെ അമ്മ പറഞ്ഞു.

എന്നാല്‍ നേരത്തെ തന്നെ ഉദ്ഘാടന സ്ഥലത്തെത്തി കാത്തു നിന്നിരുന്ന ജനക്കൂട്ടം നൂറിനെത്താന്‍ വൈകിയതില്‍ ബഹളം വെക്കുകയും സ്ഥലത്തെത്തിയ നടിയേയും ഒപ്പമുള്ളവരേയും വളഞ്ഞു.ബഹളത്തിനിടയില്‍ കൈതട്ടി നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഇടുയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് പരിക്കു പറ്റിയതായി നടിയുടെ അമ്മ പറഞ്ഞു.

നൂറിന്‍ വേദിയില്‍ കയറിയതോടെ വൈകിയെത്തിയതിന് കൂടി നിന്ന ആള്‍ക്കൂട്ടം നൂറിനു നേരെ ബഹളം വച്ച് കയര്‍ത്തു.ആള്‍ക്കൂട്ടത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെ നൂറിന്‍ മൈക്കെടുത്ത് ജനങ്ങളോട് സംസാരിച്ചു തുടങ്ങി. ഇടിയേറ്റ് പരിക്കു പറ്റിയ മൂക്ക് പൊത്തിപ്പിടിച്ച് കണ്ണീര്‍ തുടച്ചുകൊണ്ടാണ് നൂറിന്‍ സംസാരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരിത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ,ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്.

എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു. പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് നൂറിന്‍ മടങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ