മലാലി ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന വി.എച്ച്.പി ഹരജിക്കെതിരെ കോടതിയെ സമീപിച്ച് പള്ളി കമ്മിറ്റി
national news
മലാലി ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന വി.എച്ച്.പി ഹരജിക്കെതിരെ കോടതിയെ സമീപിച്ച് പള്ളി കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd June 2022, 11:25 am

മംഗളൂരു: മംഗളൂരു തേങ്കുലപ്പാടി മലാലി ജുമാമസ്ജിദില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹരജിക്കെതിരെ പള്ളി കമ്മിറ്റിക്കാര്‍ കോടതിയെ സമീപിച്ചു.

മസ്ജിദ് സര്‍വേക്കായി കോര്‍ട്ട് കമ്മീഷണറെ നിയമിക്കണമെന്ന വി.എച്ച്.പിയുടെ ഹരജിക്കെതിരയാണ് മസ്ജിദ് കമ്മിറ്റി ഹരജി നല്‍കിയിരിക്കുന്നത്. മസ്ജിദിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

മലാലിയിലെ ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ സ്വീകരിക്കുന്നത് സിവില്‍ കോടതി പുനരാരംഭിച്ചു.

ഇന്തോ- അറബ് മാതൃകയിലാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നും മരത്തിന്റെ കൊത്തുപണികള്‍ ക്ഷേത്രത്തിന്റേതാണെന്ന തരത്തില്‍ തെറ്റായി പ്രചരിക്കുകയാണെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തിക്കിടെ ‘ക്ഷേത്ര സമാനമായ’ ഒരു നിര്‍മിതി കണ്ടെത്തി എന്ന അവകാശവാദത്തെത്തുടര്‍ന്നായിരുന്നു സംഭവത്തിന്റെ തുടക്കം. മരപ്പണികളുള്ള പുരാതനമായ ഒരു നിര്‍മിതിയായിരുന്നു കണ്ടെത്തിയത്.

ഇതിന് പിന്നാലെ തീവ്ര ഹിന്ദുത്വ വാദികള്‍ മസ്ജിദില്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തുകയായിരുന്നു. പള്ളിക്കടിയില്‍ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് ഇവരുടെ വാദം.

നിര്‍മിതി കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിന് പിന്നാലെ വി.എച്ച്.പിയുടെയും ബജ്‌രംഗ് ദളിന്റെയും നേതൃത്വത്തില്‍ ഇവിടെ പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തിരുന്നു.

പള്ളിയില്‍ നിന്നും 500 മീറ്റര്‍ ദൂരത്തുള്ള രാമ ആജ്ഞനേയ ക്ഷേത്രത്തിലാണ് പൂജകള്‍ നടത്തിയത്.

പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

അതിനിടെ, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കഴിഞ്ഞ ദിവസം അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മംഗളൂരുവിന്റെ അതിര്‍ത്തി പ്രദേശമാണ് മലാലി.

Content Highlight: Mangalore Malali masjid side objects the petition of VHP demanding survey of the mosque