പത്രസമ്മേളനത്തില്‍ വായ്മൂടിക്കെട്ടി കെ. സുരേന്ദ്രന്റെ ഫോട്ടോയെടുത്ത് മംഗളം ഫോട്ടോഗ്രാഫര്‍;  പ്രതിഷേധം ഹര്‍ത്താലിന് ആര്‍.എസ്.എസുകാര്‍ തല്ലിചതച്ചതില്‍
kERALA NEWS
പത്രസമ്മേളനത്തില്‍ വായ്മൂടിക്കെട്ടി കെ. സുരേന്ദ്രന്റെ ഫോട്ടോയെടുത്ത് മംഗളം ഫോട്ടോഗ്രാഫര്‍; പ്രതിഷേധം ഹര്‍ത്താലിന് ആര്‍.എസ്.എസുകാര്‍ തല്ലിചതച്ചതില്‍
ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 5:42 pm

കൊല്ലം: ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ സംഘപരിവാറുകാരുടെ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് മുന്‍പിന്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. കൊല്ലത്തെ മംഗളം ഫോട്ടോഗ്രാഫറായ ജയമോഹന്‍ തമ്പിയാണ് കറുത്ത തുണി കൊണ്ട് മുഖം കെട്ടി സുരേന്ദ്രന്റെ ഫോട്ടോയെടുത്ത് പ്രതിഷേധിച്ചത്.

ഇന്ന് വാര്‍ത്താ സമ്മേളനത്തിനായി പ്രസ്‌ക്ലബ്ബിലെത്തിയപ്പോഴാണ് സംഭവം. ഹര്‍ത്താല്‍ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമം പകര്‍ത്താന്‍ ശ്രമിച്ചതിന് ജയമോഹന്‍ തമ്പി, ജനയുഗം ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രം എന്നിവരെയാണ് കൊല്ലത്ത് ആര്‍.എസ്.എസുകാര്‍
ആക്രമിച്ചിരുന്നത്. പരിക്കേറ്റ ജയമോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.

 

സുപ്രീംകോടതി വിധി വന്നതിന് ശേഷം ശബരിമല സീസണിന്റെ ആദ്യ നാളുകള്‍ മുതല്‍ക്ക് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകരെ സമരാനുകൂലികള്‍ ആക്രമിച്ചിരുന്നു.

ഹര്‍ത്താലിലെ അക്രമണങ്ങളുടെ പേരില്‍ ബി.ജെ.പി നേതാക്കളെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണങ്ങളെ അപലപിക്കാതെ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയടക്കം പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയാണ് കെ. സുരേന്ദ്രനടക്കം ചെയ്തിരുന്നത്.