എഡിറ്റര്‍
എഡിറ്റര്‍
ശശീന്ദ്രനോട് സംസാരിച്ചത് ഞാനല്ല; തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു; മംഗളം സി.ഇ.ഒ. അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി
എഡിറ്റര്‍
Wednesday 29th March 2017 10:32am

മലപ്പുറം: ഓഡിയോ ടേപ്പ് വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം സംബന്ധിച്ച് പൊലീസില്‍ പരാതി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിലെ പെണ്‍കുട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിക്കുന്ന ചിത്രം തടയണമെന്നും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്.

ഒരു പരിപാടിക്കായി എ.കെ. ശശീന്ദ്രന്‍ ഒരു ഉദ്ഘാടനത്തിന് നില്‍ക്കുമ്പോള്‍ നാടമുറിക്കാനുള്ള കത്രിക താലത്തിനോടൊപ്പം പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയെ നോക്കി പുഞ്ചിരിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തില്‍ പെണ്‍കുട്ടിയുടെ മുഖം മറച്ചിരുന്നില്ല.

ഈ ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട സ്ത്രീ ഈ പെണ്‍കുട്ടിയാണെന്ന മട്ടില്‍ പ്രചാരമുണ്ടായി. അത് തനിക്ക് അപമാനമുണ്ടാക്കി എന്ന് കാണിച്ചാണ് പെണ്‍കുട്ടി അജിത് കുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ സുഹൃത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ജിയേഷാണ് പരപ്പനങ്ങാടിപോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.

”ഒരു ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഒരു പെണ്‍കുട്ടിയോട് ചിരിച്ചു എന്നതില്‍ എന്ത് തെറ്റാണ്, എന്ത് സദാചാര പ്രശ്നമാണ് ഇവര്‍ കാണുന്നത്? ഈ ചിത്രം സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് അപമാനിതയാക്കപ്പെട്ടുവെന്നും അതുകൊണ്ട് എത്രയും വേഗം ആ ചിത്രം പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്”- ജിയേഷ് പറഞ്ഞു.

”ഇത് ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് അറിയില്ല. എന്നാല്‍ ഈ ഫോട്ടോ അജിത്കുമാര്‍ അടക്കം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതായി അറിയാം.” – പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് താനാണെന്ന തരത്തിലാണ് പ്രചാരണമെന്നും തന്റെ ഭാവിയും ജീവിതവും തകര്‍ക്കുന്ന രീതിയിലുളള വ്യാജപ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുകയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് സ്ഥാപനം നടത്തിയ ഒരു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോള്‍ നാട മുറിക്കാനായുളള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ചത് പെണ്‍കുട്ടിയാണ്. ഈ സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോള്‍ മോശമായി പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 26 ഞായറാഴ്ചയാണ് മംഗളം ചാനല്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗികചുവയുളള സംഭാഷണം പുറത്തുവിടുന്നത്. തുടര്‍ന്ന് മന്ത്രി രാജിവെക്കുകയും ചെയ്തു.

പിന്നാലെയാണ് മംഗളം സിഇഒയായ അജിത്കുമാര്‍ ചില വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഒരു ചടങ്ങിനിടെ മന്ത്രി എ.കെ ശശീന്ദ്രനും ഒരു പെണ്‍കുട്ടിയും മറ്റുചിലരുമായി നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നത്.

Advertisement