പ്രണയങ്ങള്‍ക്ക് എന്തുകൊണ്ടാണ് സ്‌നേഹത്തോടെ പിരിയാന്‍ സാധിക്കാത്തത്
Discourse
പ്രണയങ്ങള്‍ക്ക് എന്തുകൊണ്ടാണ് സ്‌നേഹത്തോടെ പിരിയാന്‍ സാധിക്കാത്തത്
മനേഷ്
Saturday, 7th August 2021, 3:00 pm
പുതിയ കാലത്തെ പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ് തനിക്കനുകൂലമല്ലാത്ത ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് സാധാരണമാണ്. സ്ത്രീകള്‍ ജീവിതത്തെക്കുറിച്ച് കാലികമായി കുറേക്കൂടി ബോധവതികളാണ് ഇപ്പോള്‍.

ജീവനെയും ജീവിതത്തെയും കാവ്യാത്മകമായി വ്യാഖ്യാനിക്കാന്‍ വളരെ എളുപ്പമാണ്. കണ്ടും കേട്ടും മനോഹരമായ സങ്കല്പങ്ങളാണ് നമ്മള്‍ ഉള്ളില്‍ സൂക്ഷിക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ജീവിതമാണ് ഓരോരുത്തരും സ്വപ്നം കാണുന്നതും. അത് സുഖകരമായ ഒരനുഭവമാണ്. സ്വപ്നം അസുഖകരമാകുന്നത് യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോഴാണല്ലോ. അതുകൊണ്ട് തന്നെ വര്‍ത്തമാന കാലത്തില്‍ എങ്ങനെ ജീവിക്കണമെന്നത് പഠിക്കേണ്ട വിഷയം തന്നെയാണ്. ജീവിതം അതിന്റേതായ സത്യത്തില്‍ പുലര്‍ത്താനുള്ള പരിശീലനം. കലയായി കളിയായി കണ്ട് മുന്നോട്ടേക്ക് പോകാന്‍ ഒരു ജീവനകല നമുക്ക് ആവശ്യമാണ്.

കല കളിയിലൂടെ തന്നെ അഭ്യസിക്കണം. അത് കുഞ്ഞുന്നാള്‍ തൊട്ട് തുടങ്ങുകയും വേണം. എന്നാലെ ഉള്ളിലുറഞ്ഞ് അതുറയ്ക്കുകയുള്ളൂ. വീടുകളില്‍ നിന്ന് തന്നെയാണ് അത് തുടങ്ങേണ്ടതും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അതിനെ പോഷിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസപരിപാടി കൂടി വേണം. ജയിക്കാന്‍ മാത്രമല്ല തോല്ക്കാന്‍ കൂടിയുള്ളതാണ് ജീവിതമെന്ന് പഠിപ്പിക്കുന്ന കവിത. അത് ജീവിതത്തിന് വഴക്കമുണ്ടാക്കും. ആ നനവ് ജീവിതത്തില്‍ നിന്ന് ഊര്‍ന്നുപോകാതെ നിലര്‍ത്തേണ്ടത് കുട്ടികള്‍ക്ക് ചുറ്റുമുള്ളവരാണ്. അവര്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യാസത്തിലൂടെയാണ്.

കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചും ജീവിതത്തെ അനുഭവിക്കാന്‍ പഠിക്കണം. ഇത് എല്ലാവര്‍ക്കും ഒരുപോലെ കഴിയുന്നതല്ല. ഇതില്‍ ഏതെങ്കിലുമൊന്ന് മാത്രമായിരിക്കും ഓരോരുത്തരിലും മുന്നിട്ട് നില്‍ക്കുക. മുന്നിട്ട് നില്‍ക്കുന്ന സ്വഭാവഗുണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അതില്‍ പ്രാഗല്ഭ്യം നേടുകയും ചെയ്യും. മറ്റു മേഖലയിലെ അപകര്‍ഷത കുറച്ചുകൊണ്ടുവരാന്‍ ഏതെങ്കിലും ഒന്നിലെ വൈദഗ്ദ്ധ്യം സഹായകമാവുകയും ആ വ്യക്തിയിലെ കഴിവിനനുസരിച്ച് മറ്റു മേഖലകളെ കൂടി തൊട്ടറിയാനും സാധിക്കും.

പ്രാഗല്ഭ്യവും വൈദഗ്ദ്ധ്യവും ഉണ്ടാകാന്‍ സഹിഷ്ണുതയാണ് ആദ്യം വേണ്ടത്. ക്ഷമ പരിശീലിക്കണം. അല്ലാതെ അത് വഴങ്ങുന്നവര്‍ അപൂര്‍ മാണ്. അതുണ്ടാക്കിയെടുക്കാന്‍ നമ്മളും സന്നദ്ധമാകേണ്ടതാണ്. ആ സന്നദ്ധത ചേര്‍ന്ന് നില്‍ക്കാന്‍ കൂടിയാകണം. അപ്പോള്‍ മാത്രമേ മറ്റുള്ളവരെ കേള്‍ക്കാനും അവരെ മനസ്സിലാക്കാനും കഴിയുകയുള്ളൂ. കേള്‍ക്കുകയെന്ന് പറഞ്ഞാല്‍ പറയുന്നയാളുടെ മാനസികാവസ്ഥയില്‍ നമ്മെ നിര്‍ത്തിയിട്ട് കൂടി മനസ്സിലാക്കുകയെന്നതാണ്. അങ്ങനെയാകുമ്പോഴേ അപ്പുറത്തുള്ളവരെ കൂടി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഒരു ബോധ്യം ഉള്ളിലുണ്ടാവുകയുള്ളൂ.

ബന്ധങ്ങളില്‍ രണ്ട് പേര്‍, വ്യത്യസ്ത മാനസികാവസ്ഥയിലുള്ളവര്‍ ഇങ്ങനെ പരസ്പരം മനസ്സിലാക്കി ചേര്‍ന്ന് പോകണമെന്നല്ല പറയുന്നത്. വിവേചന ബുദ്ധി ഉപയോഗിച്ച് വിവേകപൂര്‍വം തീരുമാനമെടുത്ത് പോവുകയാണ് വേണ്ടത്. അങ്ങനെ തീരുമാനമെടുക്കുമ്പോള്‍ ആര്‍ക്കായാലും നോവും. നോവുമ്പോള്‍ വൈകാരികമായിട്ടാണ് നാമാദ്യം പ്രതികരിക്കുക. വികാരപരമായി പ്രതികരിക്കാതിരിക്കുന്നത് ചിലരുടെ പ്രത്യേകതയാണ്. അതവരുടെ സ്വഭാവസവിശേഷത കൊണ്ടാണ്. എന്നാല്‍ ചിലരാകട്ടെ വേദന ഉള്ളിലൊതുക്കിക്കഴിയുന്നു. പകരം ചോദിക്കുക, തന്നെ വേദനിപ്പിച്ചയാളെ തിരിച്ച് വേദനിപ്പിക്കുകയെന്ന ചിന്തയില്‍.

വേദനിക്കുന്ന ഒരാളോട് വേദമോദിയിട്ട് കാര്യമില്ല. സമ്മര്‍ദം ചെലുത്തിയിട്ടും ഭയപ്പെടുത്തിയിട്ടും എന്തെങ്കിലുമൊക്കെ മാറ്റിയെടുക്കാമെന്ന ധാരണയും തെറ്റാണ്. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍. രണ്ടുപേര്‍ക്കിടിയിലെ സ്‌നേഹബന്ധത്തിന്റെ തീവ്രത മൂന്നാമതൊരാള്‍ക്ക് ഊഹിച്ചെടുക്കാനായേക്കാം. പൂര്‍ണമായും മനസിലാവണമെന്നില്ല. അതുകൊണ്ടാണ് പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ അവര്‍ക്കല്ലാതെ വേറൊരാള്‍ക്കും മനസ്സിലാവില്ലെന്ന് പറയുന്നതും. കാരണം ഓരോ വ്യക്തിയിലും പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാണ് എന്നതു തന്നെ. പ്രണയിക്കുന്നയാളെ ഇല്ലാതാക്കുകയെന്ന ചിന്ത ചുരുക്കം ചിലരിലെങ്കിലും ഒരു നിമിഷമെങ്കിലും വന്നുപോയേക്കാം. അക്രമവാസനയാണത്. ആക്രമണപരതയാണത്.

ഒരു ജീവി എപ്പോഴൊക്കയാണ് അക്രമത്തിന് മുതിരാറുള്ളത്? വിശപ്പ് മാറ്റാന്‍ മറ്റ് ജീവികളെ ഹിംസിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഭയവും. ജീവികള്‍ക്ക് ഭയപ്പാടുണ്ടാകുമ്പോള്‍ അവ അക്രമണത്തിന് മുതിരും. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ഏറിയ പങ്കും. മനുഷ്യരും ഇതുപോലെ അക്രമണത്തിന് മുതിരാറുണ്ട്. അതിന് നിരവധി കാരണങ്ങള്‍ ഉണ്ടാകും. നമ്മള്‍ ഏതെങ്കിലും ജീവിതസന്ദര്‍ഭത്തില്‍ പരാജയപ്പടുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാകും എന്ന ചിന്ത, നഷ്ടബോധം ഇതെല്ലാമാണ് അക്രമത്തിന് മുതിരുന്നവരില്‍ പ്രവര്‍ത്തിക്കുന്ന ചില ഘടകങ്ങള്‍. ജീവിതത്തില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍ക്കാനാവുകയുള്ളുവെന്നും അല്ലാത്തവര്‍ക്ക് സമൂഹത്തില്‍ ഒരു വിലയുമില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംവിധാനത്തിലെ പാവം ജീവികളാണ് നാം.

നമ്മുടെ നാട്ടില്‍ പ്രണയത്തിലായ രണ്ട് പേര്‍ ബന്ധം പിരിയുന്നത് സാധാരണമാണ്. നമ്മളറിയുന്ന എത്രയോ പ്രണയ പരാജയങ്ങളുണ്ട്. കഴിഞ്ഞ ദിവസം കൊഴിഞ്ഞുപോയ കുട്ടികളിലെ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന തിരക്കിലാണ് നാം എല്ലാവരും. പെണ്‍കുട്ടികള്‍ ബന്ധം ഉപേക്ഷിച്ച് അങ്ങനെ പോകാമോ? അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്നൊക്കെ സിദ്ധാന്തസഹിതം വ്യാഖ്യാനം വന്നുകഴിഞ്ഞു. പ്രശ്‌നം അവിടെ മാത്രമല്ലല്ലോ നില്‍ക്കുന്നത്. നാം പുരുഷനിര്‍മ്മിതമായ ഒരുപാട് കഥകള്‍ കേട്ട് വളര്‍ന്നവരാണ്. കഥകളിലെല്ലാം പുരുഷന്‍ ഉപേക്ഷിച്ചുപോയ സ്ത്രീകളുടെ കഥകളാണ് കൂടുതലും.

നാമൊക്കെ കേള്‍ക്കാനിടയായ മറ്റു കഥകളില്‍ മീരാബായിയുടെ കൃഷ്ണനോടുള്ള, അക്കമഹാദേവിക്ക് ശിവനോടുള്ള ഭക്തിയുടെയും പ്രണയത്തിന്റെയും കഥകള്‍ മാത്രമാണ്. മീരയും അക്കമഹാദേവിയും രാജ്യം ഭരിച്ചിരുന്ന അവരുടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചാണ് അവരുടെ ലോകത്തില്‍ ജീവിക്കാന്‍ തുടങ്ങിയിരുന്നത്. തെരുവില്‍ സാധുക്കളോടൊപ്പവും സന്യാസിമാരോടൊപ്പവും പാട്ടുപാടി നൃത്തം ചെയ്തുജീവിച്ച മീരയെ ഇല്ലായ്മ ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചിട്ടുമുണ്ട്. വിവസ്ത്രയായി രാജധാനിയില്‍ നിന്നിറങ്ങി തെരുവിലൂടെ നടന്നുനീങ്ങിയ അക്കയെ സങ്കല്പിക്കാന്‍ പോലും ഒരു സമൂഹത്തിനുമാവില്ല. ചുരുക്കം ചില ജീവിതങ്ങളെയെടുത്ത് പഴയകാല സംഭവങ്ങളുമായി നമുക്ക് കോര്‍ത്തി ണക്കാം. അവിടെ നിന്നും കുറേക്കൂടി മുന്നോട്ട് നടന്ന സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും.

പുതിയ കാലത്ത് തങ്ങള്‍ക്ക് ചേര്‍ന്നു പോകാന്‍ കഴിയാത്ത പുരുഷന്‍മാരില്‍ നിന്നും, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പ്രണയത്തില്‍ നിന്നുമെല്ലാം പിന്മാറുന്നവര്‍ നിരവധിയാണ്. മാനസികവും ശാരീരികവുമായ നല്ല ബുദ്ധിമുട്ടുകള്‍ രണ്ടുപേര്‍ക്കുമുണ്ടാകുന്ന ഒരവസ്ഥ കൂടിയാണിത്. അത്തരമൊരവസ്ഥയെ മാറ്റിത്തീര്‍ത്ത സുഖകരമായതും അവരവര്‍ക്കിണങ്ങിയതുമായ പുതിയ സാമൂഹിക സാഹചര്യത്തിലേക്കും ജീവിതത്തിലേക്കും വരുന്നവരാണ് കൂടുതലും.

അതുകൊണ്ട് തന്നെ ബന്ധങ്ങളുടെ തുടക്കത്തെയും വളര്‍ച്ചയെയും പിന്മടക്കത്തെയും കുറിച്ച് നമുക്ക് ബോധ്യമുണ്ടായിരിക്കേണ്ടതാണ്. ഏത് ബന്ധവും തുടങ്ങുകയും വളര്‍ന്ന് പുഷ്‌കലമാവുകയും പിന്മടങ്ങുകയും ചെയ്യും. എന്നും ഒരുപോലെയായിരിക്കില്ല ഒരു ബന്ധവും. അപൂര്‍വം ചിലര്‍ മാത്രം ഇതില്‍ പെടാതിരിക്കുന്നുണ്ടാകും. അതിന് കാരണങ്ങളന്വേഷിച്ച് പഠിച്ച് മറ്റുള്ളവര്‍ക്ക് അതനുകരിക്കാനാവില്ല. ജീവിതത്തിനത് ഹിതകരമാവുന്നില്ല. എല്ലാതരത്തിലുള്ള അനുകരണവും അപകടം മാത്രമേ ക്ഷണിച്ച് വരുത്തുകയുള്ളൂ.

പുതിയ കാലത്തെ പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ് തനിക്കനുകൂലമല്ലാത്ത ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് സാധാരണമാണ്. സ്ത്രീകള്‍ ജീവിതത്തെക്കുറിച്ച് കാലികമായി കുറേക്കൂടി ബോധവതികളാണ് ഇപ്പോള്‍. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തെ അവര്‍ തന്നെ രൂപപ്പെടുത്തിത്തുടങ്ങി. അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടികാണിക്കുന്നുമില്ല. അങ്ങനെയൊരു സാമൂഹികക്രമത്തില്‍ അവള്‍ തന്നെ ഇട്ടുപോയി, തന്നേക്കാള്‍ നല്ല ബന്ധം വന്നപ്പോള്‍ ഒഴിവാക്കിപ്പോയി എന്നെല്ലാം ചിന്തിച്ച് കാലം കഴിക്കുന്ന സഹിഷ്ണുതയില്ലാത്ത ആണുങ്ങള്‍ ചിന്തയെ കലുഷമാക്കുക മാത്രമാണ് ചെയ്യുന്നത്. കാലുഷ്യം ബാധിച്ച ചിന്തയുള്ളവര്‍ വികാരത്തിനടിമപ്പെട്ട് ചില തീരുമാനങ്ങള്‍ എടുക്കും. അത്യന്തം ഹിംസാത്മകമായതായിരിക്കും അത്.

ഒരിക്കലും പ്രബുദ്ധരായ മനുഷ്യര്‍ക്ക് അതിനോട് യോജിക്കാനാവില്ല. തന്നെപ്പറ്റിയോ തനിക്ക് ചുറ്റുമുള്ളവരെപ്പറ്റിയോ യാതൊരു പരിഗണനയും ഉണ്ടായിരിക്കുകയില്ല അവര്‍ക്ക്. ദുഷിച്ച ആ ഒരൊറ്റ ചിന്തയാണ് എല്ലാ അക്രമത്തിനും കാരണവും. ചിലര്‍ വഴിമാറി നടന്ന് അക്രമത്തിലേക്കും ദുരിതത്തിലേക്കും ചെന്നുവീഴുന്നതിന്റെ കാരണങ്ങള്‍ ചികഞ്ഞ് ചെന്നാല്‍ കുട്ടിക്കാലത്തേക്കാണ് നാമെത്തിച്ചേരുക. കുട്ടിക്കാലവും, സാമൂഹികാന്തരീക്ഷവും ഇവിടെ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. എത്രയൊക്കെ നല്ല അന്തരീക്ഷത്തില്‍ വളര്‍ന്നാലും ചിലര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരുഷമേല്‍ക്കോയ്മയുടെ ചിന്തയുമായാണ് ജീവിക്കുന്നത്. കാരണം മുന്നില്‍ കണ്ടതും അനുഭവത്തില്‍ ഉണ്ടായതുമാണ് അവര്‍ക്ക് ജീവിക്കാനാവുക.

കുട്ടികളുടെ സ്വതന്ത്രമായ ജീവിതത്തില്‍ പുറമെ നിന്ന് ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് നാം വേണ്ടത്ര ബോധ്യമുള്ളവരായിരിക്കണമെന്നില്ല. പലരും അത്തരം സമ്മര്‍ദങ്ങളോട് ആ സമയത്ത് പ്രതികരിക്കണമെന്നില്ല. അവരതിനെ ഉള്ളിലൊതുക്കി നിശബ്ദമായി ജീവിക്കും. പ്രതികരിക്കാതിരിക്കുന്നത് അനുസരണയും ബഹുമാനവും കൊണ്ട് മാത്രമാണെന്ന് തെറ്റിദ്ധരിച്ചവരാണ് കൂടുതല്‍ പേരും.

അവര്‍ക്ക് തിരിച്ച് പറയാന്‍, പ്രവര്‍ത്തിക്കാന്‍ പറ്റുന്ന അന്തരീക്ഷം ഉണ്ടാകുന്നതുവരെ അല്ലെങ്കില്‍ തങ്ങള്‍ക്കും വ്യക്തിത്വമുണ്ടെന്ന് ബോധ്യം വരുന്നതുവരെ സഹിച്ചിരിക്കുന്നവരാണ്. നിരന്തരമായ സമ്മര്‍ദവും അതിന്റെ സഹനവും അതേത്തുടര്‍ന്നുണ്ടാകുന്ന അപകര്‍ഷതാബോധവും അമര്‍ഷവും അത്തരക്കാരില്‍ എങ്ങനെയെല്ലാം പ്രതികരണമായി വരുമെന്ന് പറയാനാകില്ല. അതുകൊണ്ട് കുട്ടികളെ അവരായി ജീവിക്കാനനുവദിക്കുകയാണ് വേണ്ടത്.

സമ്മര്‍ദം പാടില്ല എന്നു പറയുന്നത് ശാസിക്കാന്‍ പാടില്ല എന്നാണ് പല രക്ഷിതാക്കളും കരുതുന്നത്. കുട്ടികളോട് ശാസനാഭാവത്തില്‍ പ്രതികരിക്കാതിരിക്കുകയും അതേസമയം സ്‌നേഹം പകരുകയെന്ന രീതിയില്‍ മറ്റുകുട്ടികളെ കണ്ടുപഠിക്കാന്‍ നിരന്തരമായി ആവശ്യപ്പെടുന്നവര്‍ ചെയ്യുന്ന ദ്രോഹം ചെറുതല്ല. അനുകരണം വ്യക്തിത്വത്തിന്റെ തനിമയെ ഇല്ലാതാക്കും. വ്യക്തികളില്‍ സംഭവിക്കുന്ന പലതരത്തിലുള്ള മാനസികാസ്വാസ്ഥ്യത്തിനും കാരണമായി വരുന്നത് ഇത്തരം മുന്‍കാല അനുഭവങ്ങള്‍ കൂടിയാണ്.

ഞാന്‍ മാത്രം ശരി എന്റെ കുട്ടി മാത്രം ശരി, എല്ലാം എന്റെ കുട്ടിക്ക് മാത്രം ലഭിക്കണം എന്ന സ്വാര്‍ത്ഥമനോഭാവത്തോടെ കുത്തിവെക്കുന്ന മത്സരബുദ്ധി രക്ഷിതാക്കള്‍ക്ക് നേരെ തിരിയുന്നത് നമ്മില്‍ പലരും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടുന്നതെല്ലാം എത്തിച്ചുകൊടുക്കുകയും എന്നാല്‍ അവരാഗ്രഹിക്കുന്ന ഒരു പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്ന പല രക്ഷിതാക്കളും അധ്യാപകരും അവരുടെ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കാത്തതാണ് തിരിച്ച് ലഭിക്കുന്നത്.

ശാസിക്കാന്‍ പാടില്ലെന്ന് പറയുന്ന ഈ വിഭാഗം രക്ഷിതാക്കളില്‍ പലരും ഹൈസ്‌കൂള്‍ പ്രായത്തിലെത്തുന്ന കുട്ടികളോട് ശത്രുവിനോടെന്ന പോലെയാണ് പെരുമാറുന്നത്. ഇത്തരക്കാര്‍ കുട്ടികളില്‍ ശിക്ഷണനടപടികള്‍ വേണമെന്ന് സ്‌കൂളില്‍ ചെന്ന് അദ്ധ്യാപകരോടും ആവശ്യപ്പെടാറുണ്ട്. പക്ഷെ തിരിച്ചുപറയാന്‍, പ്രതികരിക്കാന്‍ തുടങ്ങുന്ന കുട്ടികളോട് വാശിയും വൈരാഗ്യവും വിട്ട് നയത്തില്‍ സ്‌നേഹപരിഗണനയോടെ കൂടെ നില്ക്കുകയാണ് വേണ്ടത്. അങ്ങനെയല്ലാത്തിടങ്ങളില്‍ കുട്ടികളുടെ ജീവിതം നശിപ്പിക്കുകയാണ് നാം ചെയ്യുന്നത്.

ശാസന വേണ്ടിടത്ത് ശാസിക്കണം. ഭൂരിപക്ഷം പേരും കലിപൂണ്ടിരിക്കുമ്പോഴാണ് ശാസനക്ക് മുതിരാറുള്ളത്. ശാസന ദേഷ്യത്തിലിരിക്കുമ്പോഴാവരുത്. നല്ല സമാധാനത്തിലിരിക്കുമ്പോള്‍ മാത്രമായിരിക്കണം. വിളക്കിനാണ് നാം വഴികാട്ടുന്നതെന്ന ബോധ്യം ബോധത്തിലുണ്ടാകേണ്ടതുണ്ട്. ആ ഓര്‍മ ശാസിക്കുന്നവരിലുണ്ടാകണം. എല്ലാവരിലും നല്ലതും കെട്ടതുമായ വഴികളുണ്ട്. അതറിഞ്ഞ് മനസ്സിലാക്കിയിട്ട് വേണം ആരെയും വഴിനടത്താന്‍. ഇത് നമ്മള്‍ പരിശ്ശീലിക്കുക തന്നെ വേണം. മുന്‍കാലങ്ങളില്‍ ഇത്തരം ശാസനകളുണ്ടായിട്ടുണ്ട്. പ്രോത്സാഹനങ്ങളോ ചേര്‍ത്തുനിര്‍ത്തലോ പരിഗണനയോ ബഹുഭൂരിപക്ഷത്തിനും ഉണ്ടായിട്ടുണ്ടാവില്ല.

ഊഷ്മളമായ ബന്ധമാണ് ഉണ്ടാവേണ്ടത്. സൗഹൃദമാവാം. അത് തന്നെയാണ് നല്ലത്. അതുകൊണ്ട് എല്ലാം തുറന്നുപറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കുട്ടികളും രക്ഷിതാക്കളും തമ്മില്‍ സുഹൃത്തുക്കളെപ്പോലെ അഭിനയിക്കുകയാണ് കൂടുതലും. എന്തും ആഘോഷമാക്കുന്ന പുതിയ കുട്ടികള്‍ക്ക് പ്രദര്‍ശനപരത കൂടുതലാണ്. മുതിര്‍ന്നവരും ഒട്ടും മോശമല്ല ഇതില്‍. സമൂഹമാധ്യമങ്ങളില്‍ നമുക്കിത് കാണാവുന്നതാണ്. പ്രദര്‍ശനനപരതയിലുള്ളത് യാഥാര്‍ത്ഥ്യമാവണമെന്നില്ല. അതുകൊണ്ടുതന്നെ അത് ആഴമുള്ള ബന്ധമാകണമെന്നില്ല.

ആഴമുള്ള സൗഹൃദവും പാരസ്പര്യവുമുള്ള കുട്ടികളും രക്ഷിതാക്കളും നിരവധിയുണ്ട്. അവര്‍ പരസ്പരം സംസാരിക്കുകയും വഴക്ക് പറയുകയും ക്ഷമ ചോദിക്കുകയും അവിടെയും തീരാതെ വരുമ്പോള്‍ മാപ്പ് പറയുകപോലും ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും ഇങ്ങനെയാകാന്‍ പറ്റണമെന്നില്ല. അതുകൊണ്ട് പുറമേക്ക് കാണിക്കുന്നതായിരിക്കില്ല അകത്തുള്ളത്. ഏത് ബന്ധമെടുത്തു നോക്കിയാലും എത്രപേരായിരിക്കും അവരവരോട് തന്നെ നീതിപുലര്‍ത്തുന്നുണ്ടാവുക. പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം നീതിപൂര്‍വമായിരിക്കും. മിതത്വമുള്ള, സഹിഷ്ണുതയുള്ള അത്തരം ബന്ധങ്ങളില്‍ ഇടര്‍ച്ചകള്‍ കുറവായിരിക്കും. അവര്‍ സൗഹൃദത്തെയും വ്യക്തികളുടെ സ്വകാര്യലോകത്തെയും മാനിക്കുന്നവരായിരിക്കും. അവിടെ വൈരുദ്ധ്യങ്ങളെ കുറച്ചുകൊണ്ടുവരാന്‍ കഴിയും.

മനേഷ് എഴുതിയ മറ്റ് ലേഖനങ്ങള്‍ വായിക്കാം

വിവേകശാലികളായ അവര്‍ നവമാദ്ധ്യമങ്ങളിലെയും മറ്റ് വിനോദ ഉപാധികളിലെയും അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നവരാണ്. അവിടെ മുഴുവന്‍ ചതിക്കുഴികളാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നവര്‍ എന്താണ് ധരിച്ച് വെക്കുന്നത്. അവര്‍ മാത്രം ശരിയും ബാക്കിയുള്ളവര്‍ തെറ്റുമെന്നാണോ? ശരിയേത് തെറ്റേത് എന്ന് മനുഷ്യര്‍ക്ക് തിരിച്ചറിയാനാകും. റോഡപകടം ഉണ്ടെന്ന് വച്ച് ആരും യാത്ര ചെയ്യാതിരിക്കുന്നില്ലല്ലോ. ചുറ്റും അപകടങ്ങളൊക്കെയുണ്ടാകും. അതിലൊന്നും പെടാതെ സ്വസ്ഥമായി ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും.

മുന്നറിയിപ്പുകള്‍ എന്തൊക്കൊയുണ്ടായാലും ചിലര്‍ത്ത് അപകടങ്ങള്‍ സംഭവിച്ചെന്നിരിക്കും. ചുരുക്കം ചില സംഭവങ്ങളെയെടുത്ത് സാമാന്യവല്‍ക്കരിക്കുന്നത് നമ്മുടെയെല്ലാം സ്വഭാവമാണ്. അത് ശരിയല്ല. സഹിഷ്ണുതയും ശ്രദ്ധയുമാണ് നമുക്കുണ്ടാവേണ്ടത്. മാറിനില്‍ക്കലല്ല.

വൈരുദ്ധ്യങ്ങളുടെ യാത്രയാണ് ഓരോ മനുഷ്യജന്മവും. അതിനെ സമൂഹത്തിന് ഭീഷണിയാകാതെ എങ്ങനെ ജീവിക്കാമെന്നാണ് ഏതൊരാളും ചിന്തിക്കുന്നത്. അനുചിതമായ ദുരിതങ്ങളെയെല്ലാം മാറ്റിവെച്ച് ഉചിതമായത്- സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിനെ മാത്രം തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്നവര്‍. ജീവിതത്തിന് ഉത്സാഹം തരുന്നതിനെയെല്ലാം അവര്‍ സ്വീകരിക്കും. അത് തടഞ്ഞുവെക്കാന്‍ ആര്‍ക്കും കഴിയില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manesh Writes – Love – Relationship – Parenting