എഡിറ്റര്‍
എഡിറ്റര്‍
മരണത്തിന് മുന്‍പേ മണ്ടേലയുടെ സംസ്‌ക്കാരത്തെ ചൊല്ലി തര്‍ക്കം
എഡിറ്റര്‍
Thursday 27th June 2013 10:50am

nelson-mandela

പ്രിട്ടോറിയ: മരണത്തോട് മല്ലടിച്ച് കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേലയുടെ സംസ്‌ക്കാരത്തെ ചൊല്ലി ബന്ധുക്കകള്‍ക്കിടയില്‍ തര്‍ക്കം.

മണ്ടേലയുടെ ജന്മസ്ഥലമായ ദക്ഷിണാഫ്രിക്കയിലെ വെസോ ഗ്രാമത്തില്‍ അടക്കണമെന്ന് ചെറുമകന്‍ മാന്‍ഡ്‌ല മണ്ടേല നിര്‍ബന്ധം പിടിക്കുമ്പോള്‍ തന്റെ കുട്ടികളുടെ അടുത്തു സംസ്‌കരിക്കണമെന്ന മണ്ടേലയുടെ ആഗ്രഹം നിറവേറ്റണം എന്ന പക്ഷക്കാരാണ് മറ്റു കുടുംബാംഗങ്ങള്‍.

Ads By Google

വേസോയിലെ പരമ്പരാഗത കൗണ്‍സിലിന്റെ തലവന്‍ കൂടിയാണു മാന്‍ഡ്‌ല. കുനുവിലുള്ള മണ്ടേലയുടെ പുരയിടത്തിലുള്ള കുടുംബക്കല്ലറയില്‍നിന്ന് 2011ല്‍ അച്ഛന്‍ മക്ഖാത്തോ, അമ്മാവന്‍ തെംബക്ക്‌ലെ, അമ്മായി മക്കാസീവ് എന്നിവരുടെ ഭൗതികദേഹം പുറത്തെടുത്ത് ജന്മസ്ഥലമായ മെസോയില്‍ അടക്കം ചെയ്തതിരുന്നു.

ഇന്നലെ കുനുവിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഭാവികാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഒത്തുചേര്‍ന്നതിനിടയ്ക്ക്‌ മാറി സംസ്‌കരിച്ച മൃതദേഹങ്ങള്‍ തിരികെക്കൊണ്ടുവരണമെന്നും മറ്റുകുടുംബാഗങ്ങള്‍ ആവശ്യപ്പെട്ടു.

മണ്ടേലയുടെ രണ്ടാം ഭാര്യയിലുണ്ടായ മക്കള്‍ അടക്കമുള്ള മറ്റുബന്ധുക്കള്‍ ഇവിടെ സന്നിഹിതരായിരുന്നു. ബന്ധുക്കളുടെ ആവശ്യത്തില്‍ കുപിതനായ മാന്‍ഡ്‌ല ഇറങ്ങിപ്പോയതായി ദക്ഷിണാഫ്രിക്കയിലെ സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മണ്ടേലയുടെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

മണ്ടേലയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മൊസാംബിക്യൂവിലേക്കുള്ള യാത്ര റദ്ദാക്കി.

പ്രിട്ടോറിയയിലെ ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷമാണ് യാത്ര റദ്ദാക്കിയതായി പ്രസിഡന്റിന്റെ വക്താവ് മാക് മഹാരാജ് അറിയിച്ചത്.

Advertisement