സ്റ്റീവ് സ്മിത്തിന്റെ പരിക്ക്; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പുതിയ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു
Cricket
സ്റ്റീവ് സ്മിത്തിന്റെ പരിക്ക്; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പുതിയ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2019, 5:08 pm

ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന് കഴുത്തിന് ഏറ് കൊണ്ട് പരിക്കേറ്റ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കുന്ന ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം. ഹെല്‍മെറ്റിന് താഴെ വെക്കുന്ന സ്‌റ്റെംഗാര്‍ഡ് ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം.

2014 ല്‍ ഫിലിപ് ഹ്യൂസിന്റെ മരണത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് നിര്‍മ്മാണ കമ്പനിയായ മസൂറി സ്റ്റെംഗാര്‍ഡ് താരങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കിയത്. ഓസീസ് താരങ്ങള്‍ക്ക് സ്‌റ്റെംഗാര്‍ഡ് ഉള്ള ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സ്റ്റീവ് സ്മിത്തടക്കമുള്ള താരങ്ങള്‍ ധരിക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞ് ഈ ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നില്ല.

 

2015ല്‍ നടന്ന ആഷസില്‍ അന്ന് ക്യാപ്റ്റനായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക് സ്റ്റെംഗാര്‍ഡുള്ള ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നു. അന്ന് സഹതാരമായിരുന്ന ക്രിസ് റോജേഴ്‌സിന്റെ കഴുത്തിന് ഏറ് കൊണ്ടപ്പോള്‍ ഈ ഹെല്‍മെറ്റ് ഉപയോഗിച്ചതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ആഷസിനിടെ മണിക്കൂറില്‍ 148.7 കിലോമീറ്റര്‍ വേഗതയില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ കഴുത്തിന് മുകള്‍ ഭാഗത്തായി ഹെല്‍മെറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്. ഈ സംഭവത്തോടെയാണ് ഹെല്‍മെറ്റില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച ആരംഭിച്ചത്.

പ്രത്യേക സുരക്ഷയുള്ള ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.