'ലിറ്റിൽ മെസി' ഇനി പെപ്പിന്റെ തട്ടകത്തിൽ; അർജന്റീനൻ യുവതാരത്തെ റാഞ്ചി മാഞ്ചസ്റ്റർ സിറ്റി
Football
'ലിറ്റിൽ മെസി' ഇനി പെപ്പിന്റെ തട്ടകത്തിൽ; അർജന്റീനൻ യുവതാരത്തെ റാഞ്ചി മാഞ്ചസ്റ്റർ സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 12:44 pm

അര്‍ജന്റീനന്‍ യുവതാരം ക്ലോഡിയോ എച്ചീരിയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. റിവര്‍ പ്ലേറ്റില്‍ നിന്ന് 12.5 മില്യണ്‍ തുകക്കാണ് അര്‍ജന്റീനന്‍ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദില്‍ എത്തിച്ചത്. 2024 അവസാനത്തോടെ എച്ചീരി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പന്ത് തട്ടും. 2028 വരെയാണ് ക്ലോഡിയോ സിറ്റിയില്‍ കരാര്‍ ഒപ്പുവെച്ചത്.

2023 നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീനക്കായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ക്ലോഡിയോക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴു മത്സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളാണ് അര്‍ജന്റീനയുടെ യുവതാരം നേടിയത്.

ആ ലോകകപ്പില്‍ അര്‍ജന്റീനയെ സെമിഫൈനല്‍ വരെ എത്തിക്കാന്‍ ക്ലോഡിയോക്ക് സാധിച്ചിരുന്നു. അര്‍ജന്റീന അണ്ടര്‍ 17 ജേഴ്‌സിയില്‍ നായകനായി 23 മത്സരങ്ങളാണ് ക്ലോഡിയോ കളിച്ചത്.

2023ല്‍ ക്ലബ്ബ് തലത്തില്‍ റിവര്‍ പ്ലേറ്റിനായും ക്ലോഡിയോ അരങ്ങേറ്റം കുടിച്ചിരുന്നു. ഒരു അസിസ്റ്റാണ് ക്ലോഡിയോയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇതിനോടകം തന്നെ റിവര്‍ പ്ലേറ്റിനായി ആറു മത്സരങ്ങളില്‍ ബൂട്ട് കെട്ടാന്‍ അര്‍ജന്റീനന്‍ താരത്തിന് സാധിച്ചു.

വെനീസില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി യൂത്ത് ടൂര്‍ണമെന്റില്‍ 11 വയസ്സുള്ളപ്പോള്‍ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലോഡിയോ ഫുട്‌ബോള്‍ ലോകത്തില്‍ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ആ ടൂര്‍ണമെന്റില്‍ ഏഴു മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളാണ് ക്ലോഡിയോ നേടിയത്. താരത്തിന്റെ വരവോടുകൂടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റനില കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

അതേസമയം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും നാല് സമനിലയും മൂന്നു തോല്‍വിയും അടക്കം 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.

Content Highlight: Manchester city sign Claudio Echeverri.