എന്റെ കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞിട്ട് കൂടി അവര്‍ വിശ്വസിച്ചില്ല: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Football
എന്റെ കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞിട്ട് കൂടി അവര്‍ വിശ്വസിച്ചില്ല: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th November 2022, 10:55 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരത്തെ പറഞ്ഞിരുന്നു.

ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടോക്ക് ടി.വിയിലെ പിയേഴ്‌സ് മോര്‍ഗന്റെ ടോക്ക് ഷോയിലാണ് റൊണാള്‍ഡോ ഇക്കാര്യം വെളിപ്പെടുത്തിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഈ സീസണില്‍ മോശം പ്രകടനം കാഴ്ച വെക്കാനിടയായ കാരണവും അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയിരുന്നു. മാനസികമായി വലിയ പ്രതിസന്ധിയിലൂടെയായിരുന്നു താന്‍ കടന്നപോയതും തന്റെ കുഞ്ഞിന് അസുഖമായതിനാല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നെ്ന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിവരം മാനേജ്‌മെന്റിനെ അറിയിച്ചിട്ടും അവര്‍ വിശ്വസിച്ചില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

‘ഞങ്ങള്‍ ഒരാഴ്തയോളം ആശുപത്രിയിലായിരുന്നു. അതുകൊണ്ട് എനിക്ക് മത്സരങ്ങളുടെ പ്രീ സീസണല്‍ പോകാന്‍ സാധിച്ചിരുന്നില്ല. എനിക്കെന്റെ കുടുബത്തെ ആ സമയത്ത് ഉപേക്ഷിച്ച് പോകാന്‍ സാധിക്കുമായിരുന്നില്ല. അത് പറഞ്ഞിട്ട് അവരാരും മനസിലാക്കിയതുമില്ല,’ റൊണാള്‍ഡോ പറഞ്ഞു.

2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്‌ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തില്‍ വേണ്ടവിധം കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാന്‍ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു.

ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.

Content Highlights: Man Utd doubted me over my sick daughter when I missed pre-season, Cristiano Ronaldo