14 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
India
14 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th January 2021, 10:22 am

ജയ്പൂര്‍: മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയില്‍ 14കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 34 കാരനാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് അബോധാവസ്ഥയില്‍ മണ്ണുമൂടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ബെത്തൂല്‍ പൊലീസ് സൂപ്രണ്ട് സിമല പ്രസാദ് പറഞ്ഞു.

സംഭവത്തില്‍ സുശീല്‍ വര്‍മയെന്ന ആളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം) വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിനൊപ്പം പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

സുശീല്‍ തന്റെ സുഹൃത്താണെന്നും വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

വീടിനടുത്തുള്ള വയലിലേക്ക് പെണ്‍കുട്ടി പോയസമയത്താണ് സുശീല്‍ കുട്ടിയെ ആക്രമിക്കുന്നത്. കൃഷിയിടത്തേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഓഫ് ചെയ്യാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അടുത്തുള്ള വയലില്‍ ജോലി ചെയ്തിരുന്ന സുശീല്‍ കുട്ടിയെ വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് എത്തിക്കുകയും ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു

എത്തേണ്ട സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ വയലിലേക്ക് അന്വേഷിച്ച് ചെന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് പൊലീസ് സുശീലിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Man rapes friend’s minor daughter, tries to bury her alive in Madhya Pradesh