എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍പൂറില്‍ ബൈക്കിനുമുന്നില്‍ ചാടിയ ആടിനെ തട്ടിയെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു
എഡിറ്റര്‍
Monday 17th April 2017 10:34am

മുസാഫര്‍പൂര്‍: ബൈക്കിനു മുന്നില്‍ ചാടിയ ആടിനെ തട്ടിയെന്നാരോപിച്ച് ഒരു സംഘമാളുകള്‍ 45കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

മുസാഫര്‍പൂര്‍ ജില്ലയിലെ ബെലായ്പൂര്‍ ഗ്രാമത്തില്‍ മഹാദളിത് ടോള പ്രദേശത്ത് ശനിയാഴ്ചയായിരുന്നു സംഭവം. പാട്ടി ബന്ദു റാവു ഗ്രാമത്തിലെ നവിന്‍കുമാര്‍ എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്.

നവീണ്‍കുമാറും സുഹൃത്തായ സികന്ദ്ര സാഹ്നിയും ബൈക്കില്‍ സഞ്ചരിക്കവെ ബൈക്കിനുമുമ്പില്‍ ചാടിയ ആടിനെ ഇടിച്ചുപോവുകയായിരുന്നു. ഇതോടെ അവിടെയെത്തിയ ഒരുകൂട്ടമാളുകള്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


Must Read: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം: ആക്രമണത്തിന് ഇരയായത് ആലങ്ങാട് സ്വദേശി


നവീണിന്റെ തൊണ്ട പിളര്‍ക്കുംവരെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ഇതുവഴി യാത്ര കടന്നുപോകുന്ന ബൈക്ക് യാത്രികരെ ഇതുപോലെ കെണിയില്‍പ്പെടുത്തി അവരില്‍ നിന്നും പണം കൈക്കലാക്കുന്നത് ഈ മേഖലയില്‍ സാധാരണമാണെന്ന് പ്രദേശവാസികള്‍ ചിലര്‍ പറയുന്നു.

‘ സാമൂഹ്യവിരുദ്ധര്‍ വാഹനങ്ങള്‍ക്കുമുമ്പില്‍ മനപൂര്‍വ്വം കന്നുകാലികളെ തള്ളിയിടും. വാഹനം കാലികളെ ഇടിച്ചാല്‍ അവര്‍ പ്രശ്‌നമുണ്ടാക്കുകയും വാഹന ഉടമയില്‍ നിന്നും പറ്റാവുന്നത്ര പണം പിടിച്ചുപറിക്കുകയും ചെയ്യും.’ ഗ്രാമത്തിലെ ഒരാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആടിനെ തട്ടിയതിനെ തുടര്‍ന്ന് നവീന്‍ ഗ്രാമീണര്‍ക്ക് 5000രൂപ നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് വിനോദ് സിങ് പറയുന്നു. തന്നെ വെറുതെവിട്ടാല്‍ കൂടുതല്‍ പണം നല്‍കാമെന്നും നവീണ്‍ ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ അയാളുടെ അപേക്ഷയൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നവീണിനെതിരായ ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ആക്രമണത്തില്‍ പ്രകോപിതരായ സമീപഗ്രാമങ്ങളിലെ ആളുകള്‍ മഹാദളിത് ടോളയിലെത്തുകയും അവിടുത്തെ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു. ടോളയില്‍ കഴിയുന്ന 100ഓളം കുടുംബങ്ങള്‍ വീടും മറ്റും ഉപേക്ഷിച്ചു പോയിരിക്കുകയാണ്.

Advertisement