സഹോദരി കഷ്ടപ്പെടുന്നതു കാണാന്‍ വയ്യ: മാനസികവളര്‍ച്ചയെത്താത്ത ഇരട്ടക്കുട്ടികളെ അമ്മാവന്‍ കൊലപ്പെടുത്തി
Crime
സഹോദരി കഷ്ടപ്പെടുന്നതു കാണാന്‍ വയ്യ: മാനസികവളര്‍ച്ചയെത്താത്ത ഇരട്ടക്കുട്ടികളെ അമ്മാവന്‍ കൊലപ്പെടുത്തി
ന്യൂസ് ഡെസ്‌ക്
Saturday, 16th June 2018, 2:47 pm

ഹൈദരാബാദ്: മാനസികവളര്‍ച്ചയില്ലാത്ത ഇരട്ടക്കുട്ടികളെ അമ്മാവന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കുട്ടികളെ നോക്കിവളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടില്‍ നിന്നും തന്റെ സഹോദരിയെ രക്ഷപ്പെടുത്താനാണ് അരുംകൊല ചെയ്തതെന്ന് കുട്ടികളുടെ അമ്മാവനായ മല്ലികാര്‍ജുന്‍ റെഡ്ഡി സമ്മതിച്ചതായി ഹൈദരാബാദ് പൊലീസ് പറഞ്ഞു.

ഇരട്ടകളായ ശ്രീജന റെഡ്ഡിയും സഹോദരന്‍ വിഷ്ണുവര്‍ദ്ധന്‍ റെഡ്ഡിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു വയസ്സുകാരായ ഇരുവരെയും മല്ലികാര്‍ജുന്‍ വെള്ളിയാഴ്ച രാത്രിയോടെ ചൈതന്യപുരിയിലുള്ള തന്റെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇയാളും മറ്റു രണ്ടു പേരും ചേര്‍ന്ന് കുട്ടികളുടെ മൃതശരീരങ്ങള്‍ കാറില്‍ കയറ്റുന്നത് വീട്ടുടമസ്ഥന്‍ കണ്ടതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

വീട്ടുടമസ്ഥന്‍ വിവരം പൊലീസിലറിയിക്കുകയും തുടര്‍ന്ന് മല്ലികാര്‍ജുന്‍, സുഹൃത്തായ വെങ്കട്രാമി റെഡ്ഡി, കാര്‍ ഡ്രൈവര്‍ വിവേക് റെഡ്ഡി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.


Also Read: പൊലീസിലെ ദാസ്യവേല: എ.ഡി.ജി.പി സുധേഷ് കുമാറിനെ സ്ഥാനത്തുനിന്നും നീക്കി


കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനെന്ന വ്യാജേനയാണ് നല്‍ഗോണ്ടയിലുള്ള മാതാപിതാക്കളുടെ അടുത്തുനിന്നും ചൈതന്യപുരിയിലേക്കു കൊണ്ടുവന്നത്. കുട്ടികള്‍ ജന്മനാ മാനസിക വളര്‍ച്ചയില്ലാത്തവരും മൂകരുമാണെന്ന് അമ്മ ലക്ഷ്മിയും അച്ഛന്‍ ശ്രീനിവാസ റെഡ്ഡിയും പറയുന്നു.

കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിക്കുകയും സഹോദരി കഷ്ടപ്പെടുന്നതു കാണാന്‍ സാധിക്കാഞ്ഞതിനാലാണ് താനിതു ചെയ്തതെന്നു പറയുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.