കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം; ദല്‍ഹിയില്‍ മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു
national news
കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം; ദല്‍ഹിയില്‍ മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 8:20 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാരെ ആക്രമിച്ചെന്ന് പരാതിയില്‍ 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  ബുധനാഴ്ചയാണ് സംഭവം നടന്നത്.

സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ഇവര്‍ കൊവിഡ് പകര്‍ത്തുന്നു എന്ന് പറഞ്ഞ് ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി 9.30 ഓടെയാണ് സംഭവം നടന്നതെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മനീഷ് എ.എന്‍.ഐയോട് പറഞ്ഞു.

” പ്രദേശത്ത് കൊവിഡ് 19 പടര്‍ത്തുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍മാരോട് അയല്‍വാസി തട്ടിക്കയറി. ഇതിനെതിരെ ഇവര്‍ പ്രതികരിച്ചപ്പോള്‍ അയാള്‍ ഡോക്ടര്‍മാരെ ശാരീരികമായി ആക്രമിച്ചു,” മനീഷ് പറഞ്ഞു.

എപ്രില്‍ ആദ്യവാരം ഹൈദരബാദിലെ ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കൊവിഡ് ബാധിച്ച രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലും ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കൊവിഡ് 19 ടെസ്സ്റ്റ് പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ