സെല്‍ഫിയെടുക്കാനെന്നും പറഞ്ഞ് അടുത്തുകൂടി മോദിയെ പുകഴ്ത്തുന്ന വീഡിയോയെടുത്തു; മോദി 'ഭക്ത'ന് മറുപടിയുമായി സ്വരഭാസ്‌കര്‍
India
സെല്‍ഫിയെടുക്കാനെന്നും പറഞ്ഞ് അടുത്തുകൂടി മോദിയെ പുകഴ്ത്തുന്ന വീഡിയോയെടുത്തു; മോദി 'ഭക്ത'ന് മറുപടിയുമായി സ്വരഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2019, 3:57 pm

 

ന്യൂദല്‍ഹി: സെല്‍ഫിയെടുക്കാനെന്നും പറഞ്ഞ് അടുത്ത് നിന്ന് മോദി വീണ്ടും വരുമെന്നു പറയുന്ന വീഡിയോയെടുത്ത യുവാവിനെതിരെ നടി സ്വര ഭാസ്‌കര്‍. യുവാവിനെ പരിഹസിച്ചുകൊണ്ടാണ് സ്വര പ്രതികരിച്ചത്.

‘ എയര്‍പോര്‍ട്ടില്‍വെച്ച് ഒരാള്‍ എന്നോട് സെല്‍ഫിയെടുത്തോട്ടേയെന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. കാരണം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ആളുകളെ വേര്‍തിരിച്ചു കാണാറില്ല. അയാള്‍ തന്ത്രപരമായി വീഡിയോടെടുത്തു. ഭക്തന്മാരുടെ യഥാര്‍ത്ഥ മുഖം. എനിക്ക് യാതൊരു അത്ഭുതവുമില്ല. ഭക്തന്മാര്‍ക്ക് തന്റെ ജീവിതം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ’ എന്നു പറഞ്ഞാണ് സ്വരയുടെ പരിഹാസം.

‘ബട്ട് മാഡം, മോദി വീണ്ടും വരും’ എന്ന് പറയുന്ന വീഡിയോയാണ് ഇയാള്‍ സ്വര ഭാസ്‌കറിനൊപ്പം നിന്ന് എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും ശക്തമായ വിമര്‍ശകയാണ് സ്വര ഭാസ്‌കര്‍. ബുധനാഴ്ച ഇവര്‍ കിഴക്കന്‍ ദല്‍ഹിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥിയായ അതിഷിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണം നടത്തിയിരുന്നു.

കഴിഞ്ഞമാസം ബേഗുസാരയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യകുമാറിനുവേണ്ടിയും രാജസ്ഥാനിലെ സിക്കറിലെ ഇടതു സ്ഥാനാര്‍ത്ഥിക്കുവേണ്ടിയും ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങ്ങിനുവേണ്ടിയും സ്വര പ്രചരണം നടത്തിയിരുന്നു.